നേന്ത്രവാഴ കൃഷി ചെയ്ത കര്‍ഷന് ലഭിച്ചത് പൊന്തന്‍ കുലകള്‍

പാലക്കാട്:ആലത്തൂരില്‍ നേന്ത്രവാഴ കൃഷി ചെയ്ത കര്‍ഷന് ലഭിച്ചത് പൊന്തന്‍ കുലകള്‍. മുതലമട വിത്തുല്പാദന കേന്ദ്രത്തില്‍നിന്നും നേന്ത്രവാഴയുടെ ടിഷ്യുതൈകള്‍വാങ്ങിയ കര്‍ഷകനാണ് പൊന്തന്‍കുലകള്‍വിളവായി ലഭിച്ചത്. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച കര്‍ഷന്‍ തന്നെ ചതിച്ച വിത്തുല്പാദന കേന്ദ്രത്തിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

2014 ഒക്ടോബര്‍ 13 നാണ് ആലത്തൂര്‍ എരിമയൂര്‍സ്വദേശി ബാബു മുതലമട കാര്‍ഷിക വിത്തുല്പാദന കേന്ദ്രത്തില്‍നിന്നും 6750 രൂപ നല്കി നേന്ത്രവാഴയുടെ 450 ടിഷ്യു തൈകള്‍തൈകള്‍വാങ്ങിയത്. ഏറെ പ്രതീക്ഷയോടെ വെള്ളം നനച്ചും, വളമിട്ടും വാഴ വളര്‍ത്തിയ ബാബുവിനെ തളര്‍ത്തുന്നതായിരുന്നു പിന്നീടുള്ള അനുഭവം.

നേന്ത്രവാഴയെന്ന് കരുതി ഈ യുവകര്‍ഷകന്‍ രാപ്പകലില്ലാതെ അധ്വാനിച്ച് വളര്‍ത്തിയ വാഴകളില്‍ പൊന്തന്‍കായ കുലച്ചു വരുന്നു. നേന്ത്രവാഴയ്ക്ക് പകരം വിത്തുല്പാദന കേന്ദ്രം പൊന്തന്‍വാഴയുടെ ടിഷ്യു തൈകളാണ് നല്കിയിരുന്നതെന്ന് പിന്നീട് വ്യക്തമായി. ആദ്യമായി ടിഷ്യു തൈകള്‍വാങ്ങി കൃഷി ചെയ്ത ബാബുവിന് ഇത് തുടക്കത്തിലേ തിരിച്ചറിയാനും സാധിച്ചില്ല.

കൃഷിയ്ക്കായി ഇതുവരെ ഒന്നേ കാല്‍ലക്ഷം രൂപ ബാബുവിന് ചെലവ് വന്നിട്ടുണ്ട്. നേന്ത്രവാഴയായിരുന്നെങ്കില്‍ നാലു ലക്ഷം രൂപയോളം വരുമാനം കിട്ടുമായിരുന്ന ബാബുവിന് ഈ പൊന്തന്‍കുലകള്‍ വിറ്റാല്‍ പരമാവധി കിട്ടുക 40, 000 രൂപ. അതായത് ചെലവ് കാശുപോലും കിട്ടില്ലെന്ന് ചുരുക്കം. ഇനിയിത് പറിച്ചു മാറ്റി കൃഷി ചെയ്യണമെങ്കില്‍ ലക്ഷങ്ങള്‍വേറെ മുടക്കണം. തന്നെ കബളിപ്പിച്ച വിത്തുല്പാദന കേന്ദ്രത്തോട് പരാതി പറഞ്ഞെങ്കിലും അവര്‍യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തന്നെ ചതിച്ച വിത്തുല്പാദന കേന്ദ്രത്തില്‍നിന്നും നഷ്ടപരിഹാരം തേടി ഉപഭോക്തൃ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഈ യുവകര്‍ഷകര്‍.

DONT MISS
Top