റിസര്‍വ് ബാങ്ക് വായ്പാനയം: റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ അര ശതമാനം കുറച്ചു

മുംബൈ: വായ്പാ നയ അവലോകനത്തില്‍ അപ്രതീക്ഷിത തീരുമാനം കൈക്കൊണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. പലിശ നിരക്കില്‍ 50 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. റിപ്പോ നിരക്കിലും അര ശതമാനത്തിന്റെ കുറവ് വരുത്തി 6.75 ശതമാനമാക്കി. നാല് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമാക്കി കുറച്ചു. കരുതല്‍ ധനാനുപാതമായ സിആര്‍ആര്‍ നിരക്കില്‍ മാറ്റമില്ല

25 ബേസിസ് പോയന്റിന്റെ കുറവ് മാത്രമാണ് സാമ്പത്തികലോകം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 50 ബേസിസ് പോയന്റ് കുറച്ച നടപടി സാമ്പത്തികമേഖലയ്ക്ക് പ്രത്യേക ഉണര്‍വ് നല്‍കും. കുറഞ്ഞ പലിശ നിരക്കില്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ പണം നല്‍കി പണലഭ്യത കൂട്ടുക എന്ന തന്ത്രമാണ് ആര്‍ബിഐ നടപ്പിലാക്കുന്നത്. ഇതോടെ ഭവനവായ്പയുടെയും വാഹനവായ്പയുടെയും പലിശ നിരക്കില്‍ ഗണ്യമായ കുറവുണ്ടാകും. കുറഞ്ഞ പലിശനിരക്കില്‍ കമ്പനികള്‍ക്ക് കൂടുതല്‍ പണം ലഭ്യമാകുന്നതോടെ ഉദ്പാദനക്ഷമത കൂടും. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയെ തന്നെ ഉത്തേജിപ്പിക്കാന്‍ പുതിയ തീരുമാനത്തിന് സാധിക്കും.

പണപ്പെരുപ്പ നിരക്കില്‍ കാര്യമായ കുറവുണ്ടായതാണ് പലിശനിരക്കില്‍ ഗണ്യമായ കുറവ് വരുത്താന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനെ പ്രേരിപ്പിച്ചത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്താത്തതും റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കുറയാന്‍ കാരണമായി. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നിലവില്‍ പൂജ്യത്തിനും താഴെയാണ്. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് 3.6 ശതമാനമാണ്. നേരത്തെ ഇത് 11 ശതമാനം വരെ ഉയര്‍ന്നിരുന്നു.

നടപ്പുസാമ്പത്തിക വര്‍ഷത്തെ നാലാമത്തെ വായ്പാ നയ അവലോകനയോഗമാണ് ഇന്ന് നടന്നത്. ഗവര്‍ണര്‍ പദവിയിലെത്തിയ ശേഷം ഇത് നാലാം തവണയാണ് രഘുറാം രാജന്‍ പലിശനിരക്കുകളില്‍ മാറ്റം വരുത്തുന്നത്.

DONT MISS
Top