അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഗ്രാമങ്ങളെ ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കുമെന്ന് മോദി

ന്യൂയോര്‍ക്ക്: ഇന്ത്യ നിക്ഷേപകരുടെ പറുദീസയാണെന്ന് ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം. അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഗ്രാമങ്ങളെ ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കുമെന്നും മോദി പറഞ്ഞു. ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് ചോദ്യോത്തരവേളയില്‍ പങ്കെടുത്ത പ്രധാനമന്ത്രി ഗൂഗിള്‍ ആസ്ഥാനവും സന്ദര്‍ശിച്ചു.

ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിക്ക് സഹകരണം തേടിയുള്ള സിലിക്കണ്‍വാലി സന്ദര്‍ശനത്തില്‍ മോദിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. സാന്‍ജോസില്‍ മെണ്‍ലപാര്‍ക്കിലെ ഫെയ്‌സ്ബുക്ക് ആസ്ഥാനത്തെത്തിയ നരേന്ദ്രമോദിയെ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ഫെയ്‌സ്ബുക്ക് ജീവനക്കാരുമായുള്ള 45 മിനുട്ട് സംവാദത്തില്‍ ഇന്ത്യയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും മോദി പങ്കുവെച്ചു. ഹിന്ദിയില്‍ സദസ്സിനെ അഭിസംബോധന ചെയ്ത മോദി രാജ്യത്തിന്റെ സാമ്പത്തിക പ്രതീക്ഷകളെക്കുറിച്ചാണ് സംസാരിച്ചു തുടങ്ങിയത്. ഇന്ത്യയെ 20 ലക്ഷം കോടിയുടെ സമ്പത്ത്ഘടനയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മോദി പറഞ്ഞു.

ജനാധിപത്യത്തിന്റെ ശക്തിയാണ് സാമൂഹികമാധ്യമങ്ങളെന്നും അവയാണ് കൂടുതല്‍ അറിവ് നല്‍കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള ജനങ്ങളുമായി സോഷ്യല്‍ മീഡിയയിലൂടെ സംവധിക്കാന്‍ സാധിക്കുന്നുണ്ടെന്നും സര്‍ക്കാരിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ അവ സഹായിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ഓണ്‍ലൈന്‍ രംഗത്ത് ലോകത്തെ നയിക്കാന്‍ ഇന്ത്യക്ക് സാധിക്കും.

സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും മോദി മറുപടി നല്‍കി. സ്ത്രീദൈവങ്ങളുള്ള ഏകരാജ്യം ഇന്ത്യയാണെന്നും സ്ത്രീകള്‍ക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മോദിയുടെ വിജയത്തില്‍ അമ്മയുടെ പങ്കിനെക്കുറിച്ച് സുക്കര്‍ബര്‍ഗ് ചോദിച്ചപ്പോള്‍ മോദി വികാരധീനനായി.

ഗൂഗിള്‍ ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ മോദി സിഇഒ സുന്ദര്‍ പിച്ചെയുമായും ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ 100 റെയില്‍വേ സ്റ്റേഷനുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതി ഗൂഗിള്‍ നടപ്പാക്കുമെന്ന് സുന്ദര്‍ പിച്ചെ പറഞ്ഞു. അടുത്ത വര്‍ഷം ഇത് 400 സ്റ്റേഷനിലേക്ക് കൂടി വ്യാപിപ്പിക്കും. ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

DONT MISS
Top