തൃശൂര്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പിനുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു

തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പിനുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. ഇന്നലെ കെപിസിസി ജനറല്‍ സെക്രട്ടറി വി ബല്‍റാമിന്റെ വീട്ടില്‍ നടന്ന നടന്ന ഗ്രൂപ്പ് യോഗത്തില്‍ നിന്നും എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണനും എംപി വിന്‍സെന്റും വിട്ടുനിന്നത് അഭിപ്രായ ഭിന്നതയെ തുടര്‍ന്നെന്ന് സൂചന. ഐ ഗ്രൂപ്പ് പ്രവര്‍ത്തനം സിഎന്‍ ബാലകൃഷ്ണനിലേക്ക് ചുരുങ്ങുന്നതില്‍ അതൃപ്തി ഉള്ളതിനാലാണ് ഇരുവരും വിട്ടുനിന്നതെന്നാണ് വിവരം. സിഎന്‍ ബാലകൃഷണന്റെ മകളെ വരുന്ന തെരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ഗ്രൂപ്പ് ധാരണക്കെതിരെയും ഒരു വിഭാഗം ഐ ഗ്രൂപ്പുകാര്‍ പ്രതിഷേധമറിയിച്ചതായാണ് വിവരം.

ഡിസിസി പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്ന തരത്തിലുള്ള നിലപാടുകളോട് തേറമ്പില്‍ രാമകൃഷ്ണനും എംപി വിന്‍സെന്റിനും വിയോജിപ്പുണ്ട്. നേതൃത്വത്തിനെതിരെ പരസ്യമായി വാര്‍ത്താ സമ്മേളനം വിളിച്ചതിലും ഐ ഗ്രൂപ്പിനുള്ളില്‍ കടുത്ത അഭിപ്രായ ഭിന്നതയാണ് നിലനില്‍ക്കുന്നത്. ഇതാണ് ഒരു വിഭാഗം നേതാക്കള്‍ നേതൃയോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് സൂചന. സിഎന്‍ ബാലകൃഷ്ണനെ കേന്ദ്രീകരിച്ച് മാത്രം ജില്ലയില്‍ ഐ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ചുരുങ്ങുന്നതില്‍ പലര്‍ക്കും അമര്‍ഷമുണ്ട്. മന്ത്രിയുടെ മകളെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ഐ ഗ്രൂപ്പിന്റെ നീക്കത്തിലും ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട്.

ചാവക്കാട്ടെ ഹനീഫ വധവുമായി ബന്ധപ്പെട്ടാണ് ജില്ലയിലെ കോണ്‍ഗ്രസില്‍ ആഭിപ്രായ ഭിന്നത ശക്തമായത്. കഴിഞ്ഞ ദിവസം അങ്കമാലിയില്‍ വി ഡി സതീശന്റെ നേതൃത്വത്തില്‍ ജില്ലയിലെ എ, ഐ ഗ്രൂപ്പ് നേതാക്കളുടെ സംയുക്ത യോഗം വിളിച്ച് പ്രശ്‌ന പരിഹാരത്തിന് ധാരണയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ ഐ ഗ്രൂപ്പ് രഹസ്യ യോഗം ചേര്‍ന്നത്. ഇത്തരം കൂടിച്ചേരലുകളോട് വിമുഖത പ്രകടിപ്പിച്ച് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയത് ഐ ഗ്രൂപ്പിനുള്ളില്‍ വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

DONT MISS
Top