ഫെയ്‌സ്ബുക്ക് സുഹൃത്ത് ബിസിനസുകാരനില്‍ നിന്നും തട്ടിയെടുത്തത് 21 ലക്ഷം

മുംബൈ: മുംബൈയിലെ ബിസിനസുകാരനെ വഞ്ചിച്ച് ഫെയ്‌സ്ബുക്കിലെ വനിതാ സുഹൃത്ത് തട്ടിയെടുത്തത് 21 ലക്ഷം രൂപ. ഫെയ്‌സ്ബുക്കില്‍ സുഹൃത്തുക്കളായി വെറും 45 ദിവസങ്ങള്‍ക്കുള്ളിലാണ് തട്ടിപ്പ് നടന്നത്.

പരീക്ഷാ പരിശീലന സ്ഥാപനങ്ങള്‍ നടത്തുന്നയാളാണ് തട്ടിപ്പിന് ഇരയായത്. സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സ്വര്‍ണവാച്ച്, സ്വര്‍ണ ചെയ്ന്‍, ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍, 15 ലക്ഷത്തിന്റെ മൂന്ന് ചെക്ക് എന്നിവ കൂടാതെ അക്കൗണ്ടില്‍ 51 ലക്ഷം രൂപ നിക്ഷേപിക്കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു. വിശ്വാസം നേടിയെടുക്കാനായി പിന്‍ നമ്പറോടു കൂടിയ എടിഎം കാര്‍ഡും തട്ടിപ്പുകാര്‍ കൊറിയര്‍ വഴി അയച്ചു നല്‍കിയിരുന്നു. ഈ കാര്‍ഡ് ഉപയോഗിച്ച് 10,000 രൂപ പിന്‍വലിക്കാനും ബിസിനസുകാരന് സാധിച്ചു. ഇത് വാഗ്ദാനം വിശ്വസിക്കാനും ഇടയാക്കി.

ജെന്നിഫര്‍ അലക്‌സ് എന്ന ഫെയ്‌സ്ബുക്ക് സുഹൃത്ത് വാഗ്ദാനം നല്‍കിയ സമ്മാനങ്ങള്‍ വാങ്ങാനായി സര്‍വീസ് ചാര്‍ജിനത്തില്‍ 20 ലക്ഷം രൂപ നല്‍കാനായിരുന്നു ആവശ്യം. വായ്പയെടുത്താണ് പണം നല്‍കിയത്. താന്‍ വിഷാദരോഗത്തിന് അടിമയാണെന്നും ചികിത്സയിലാണെന്നും സുഹൃത്ത് ഇയാളെ വിശ്വസിപ്പിച്ചു. വിമാനത്താവളത്തില്‍ നികുതിയടയ്ക്കുന്നതിനായാണ് പണം ആവശ്യപ്പെട്ടത്. നാല് തവണയായി മൂന്ന് ലക്ഷം രൂപ നല്‍കി. തുടര്‍ന്ന് റിസര്‍വ് ബാങ്കില്‍ നിന്ന് എന്ന പേരില്‍ മാര്‍ക് എന്ന് പരിചയപ്പെടുത്തിയയാള്‍ വിളിച്ചു. വിദേശത്ത് നിന്ന് പണം സ്വീകരിക്കുന്നതിനായി രണ്ട് ലക്ഷം രൂപയും പുതിയ അക്കൗണ്ട് തുടങ്ങുന്നതിനായി ആറ് ലക്ഷം രൂപയും റിസര്‍വ് ബാങ്കിന്റെ സൈറ്റിലൂടെയുള്ള നെറ്റ് ബാങ്കിംഗ് പാസ്‌വേഡിന് അഞ്ച് ലക്ഷം രൂപയും ആവശ്യപ്പെട്ടു. തുടര്‍ന്ന് ആര്‍ബിഐയുടെ പേരിലുള്ള എടിഎം കാര്‍ഡും ലഭിച്ചു. ഇതുപയോഗിച്ച് പണം പിന്‍വലിക്കാന്‍ സാധിച്ചതോടെ തട്ടിപ്പുകാരെ പൂര്‍ണമായും വിശ്വസിച്ചു.

സമ്മാനങ്ങള്‍ സുഹൃത്ത് നേരിട്ട് എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. മുംബൈയില്‍ എത്തുമെന്ന് ചാറ്റിലൂടെ അറിയിച്ച സുഹൃത്ത് ആഴ്ചകള്‍ക്ക് ശേഷവും എത്തിയില്ല. സന്ദേശങ്ങള്‍ക്ക് മറുപടിയും ലഭിച്ചില്ല. തുടര്‍ന്ന് ബിസിനസുകാരന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

മാസങ്ങള്‍ക്ക് ശേഷവും സമ്മാനം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് തട്ടിപ്പ് മനസ്സിലായത്. കാറും ഫാം ഹൗസും വിറ്റാണ് ഒടുവില്‍ വായ്പയെടുത്ത പണം തിരിച്ചടച്ചത്.

DONT MISS
Top