മക്ക ദുരന്തം: മരിച്ച തീര്‍ത്ഥാടകര്‍ രക്തസാക്ഷികളെന്ന് സൗദി ഭരണാധികാരി

ജിദ്ദ: ഹറമില്‍ ക്രെയിന്‍ തകര്‍ന്നുവീണ് മരിച്ചവര്‍ക്ക് രാജൃത്തിനുവേണ്ടി ജീവത്യാഗം ചെയ്തവരുടെ പരിഗണനയാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നല്‍കിയിരിക്കുന്നത്.

മരിച്ച തീര്‍ത്ഥാടകരെ രക്തസാക്ഷികള്‍ എന്നര്‍ത്ഥമുള്ള ശുഹദാക്കള്‍ എന്നാണ് രാജാവ് വിശേഷിപ്പിച്ചത്. രാജ്യത്തിനുവേണ്ടി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടി മരിച്ചവരെപോലെയാണ് ഹറമില്‍ അപകടത്തില്‍ മരിച്ചവര്‍ക്കുമുള്ള പരിഗണനയെന്ന് രാജാവ് പറഞ്ഞു. ശത്രുക്കളുടെ വെടിയേറ്റും സ്‌ഫോടനങ്ങളിലുംപെട്ട് ജീവഹാനി സംഭവിക്കുന്നവര്‍ക്കുന്നവരുടെ ആശ്രിതര്‍ക്കും പത്ത് ലക്ഷം റിയാലാണ് സൗദി സര്‍ക്കാര്‍ സഹായ ധനമായി നല്‍കിവരാറുള്ളത്. അതേ മാനദണ്ഡമനുസരിച്ചാണ് ഹറമിലെ ക്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും രാജാവ് കഴിഞ്ഞദിവസം പത്ത് ലക്ഷം റിയാല്‍ സഹായമായി പ്രഖ്യാപിച്ചത്. രാജാവിന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തെ പരക്കെ സ്വാഗതം ചെയ്തിട്ടുണ്ട്. രാജാവിന്റെ പ്രഖ്യാപനം സൗദി രാജാവ് എന്നതിലുപരി ഇരു ഹറമുകളുടെയും സേവകന്‍ എന്ന നിലയില്‍ കാണാവുന്നതാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.

അതേസമയം, അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പരിക്കുപറ്റിയവര്‍ക്കും കമ്പനിക്കെതിരെ നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാവുന്നതാണെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. അതാത് രാജൃങ്ങളുടെ കോണ്‍സുലേറ്റ് വഴിയാണ് കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്യേണ്ടത്.

മക്കയിലെ ക്രെയിന്‍ ദുരന്തം നടന്ന് 48 മണിക്കൂറിനുള്ളിലാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തിരിക്കുന്നത്. സൗദിയിലെ വന്‍കിട കമ്പനികളിലൊന്നായ ബിന്‍ലാദന്‍ ഗ്രുപ്പിനെതിരെ രാജാവ് നടപടി സവീകരിക്കുമെന്ന് രാജാവ് അറിയിച്ചിട്ടുണ്ട്.

DONT MISS
Top