ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ചിത്രമുള്ള സ്റ്റാമ്പുകള്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ചിത്രമുള്ള സ്റ്റാമ്പുകള്‍ പിന്‍വലിച്ചതായി കേന്ദ്രം. കഴിഞ്ഞ ജൂലൈ മുതല്‍ ഈ സ്റ്റാമ്പുകളുടെ അച്ചടി നിര്‍ത്തിയതായാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

അഞ്ച് രൂപയുടെ സ്റ്റാമ്പുകള്‍ അച്ചടി നിര്‍ത്തിയെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ കേന്ദ്രം വ്യക്തമാക്കിയത്. അഞ്ച് രൂപയുടെ സ്റ്റാമ്പുകളില്‍ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ചിത്രങ്ങള്‍ മാത്രമാണുള്ളത്.

ദീനദയാല്‍ ഉപാധ്യായ, ജയപ്രകാശ് നാരായണ്‍, ശ്യാമപ്രസാദ് മുഖര്‍ജി, രാം മനോഹര്‍ ലോഹ്യ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ സ്റ്റാമ്പുകള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. യോഗയുടെ ചിത്രമുള്ള സ്റ്റാമ്പും പുറത്തിറക്കും.

2008 ഡിസംബറിലാണ് ഇരുവരുടെയും ചിത്രമുള്ള സ്റ്റാമ്പുകള്‍ അവതരിപ്പിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു, മഹാത്മ ഗാന്ധി, ബിആര്‍ അംബേദ്കര്‍, സത്യജിത് റായ്, ഹോമി ജഹാംഗീര്‍ ഭാഭ, ജെആര്‍ഡി ടാറ്റ, മദര്‍ തെരേസ എന്നിവരുടെ ചിത്രങ്ങളുള്ള സ്റ്റാമ്പുകളും ഇതോടൊപ്പം പുറത്തിറക്കിയിരുന്നു.

DONT MISS
Top