പുരാവസ്തു മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇനി കൂടുതല്‍ പണം മുടക്കണം: വര്‍ധന 200 ശതമാനം

ന്യൂഡല്‍ഹി: രാജ്യത്തെ പുരാവസ്തു മ്യൂസിയങ്ങള്‍ സന്ദര്‍ക്കാനുള്ള ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന. 200 ശതമാനത്തിന്റെ വര്‍ധനയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടപ്പിലാക്കിയിരിക്കുന്നത്. 12 വര്‍ഷത്തിന് ശേഷമാണ് നിരക്കുകളില്‍ മാറ്റം വരുത്തുന്നത്.

ലോകപൈതൃക കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന കാറ്റഗറി എയിലെ ടിക്കറ്റ് നിരക്ക് ഇന്ത്യക്കാര്‍ക്ക് 10 രൂപയായിരുന്നു. ഇത് 30 രൂപയാകും. വിദേശികള്‍ ഇനി 250 രൂപയ്ക്ക് പകരം 750 രൂപ നല്‍കണം.

താജ്മഹല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇതിലും കൂടുതല്‍ പണം മുടക്കേണ്ടി വരും. ടോള്‍ ടാക്‌സ് എന്ന പേരില്‍ ആഗ്ര വികസന സമിതി പ്രത്യേകനിരക്ക് ഈടാക്കുന്നതിനാലാണിത്. ഇന്ത്യക്കാര്‍ക്ക് 40 രൂപയും വിദേശികള്‍ക്ക് 1250 രൂപയുമാണ് പുതുക്കിയ ടിക്കറ്റ് നിരക്ക്. ടോള്‍ ടാക്‌സും ഉടന്‍ തന്നെ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.

വിനോദസഞ്ചാരമേഖലയിലെ പ്രമുഖര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ മാന്ദ്യം നേരിടുന്ന ടൂറിസം മേഖലയെ കൂടുതല്‍ തളര്‍ത്താന്‍ മാത്രമേ പുതിയ നീക്കം ഉപകരിക്കൂ എന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.

നിരക്ക് വര്‍ധനയില്‍ ആക്ഷേപമുള്ളവര്‍ക്ക് 45 ദിവസത്തിനുള്ളില്‍ അഭിപ്രായങ്ങള്‍ അറിയിക്കാം. നവംബര്‍ ആദ്യം പുതുക്കിയ നിരക്ക് പ്രാബല്യത്തിലാക്കാനാണ് എഎസ്‌ഐയുടെ തീരുമാനം.

DONT MISS
Top