ഹംഗറിയിലെ അഭയാര്‍ത്ഥി ക്യാമ്പിലെ ദുരിതജീവിതത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ബുഡാപെസ്റ്റ്: കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ജയിലിന് സമാനമായ സാഹചര്യങ്ങളാണ് ഹംഗറിയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിലനില്‍ക്കുന്നതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹംഗറിയുടെയും സെര്‍ബിയയുടെയും അതിര്‍ത്തിക്ക് സമീപത്തുള്ള അഭയാര്‍ത്ഥി ക്യാമ്പിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കൂട്ടിലടച്ച മൃഗങ്ങള്‍ക്ക് തുല്യമായ ജീവിതമാണ് ക്യാമ്പിലുള്ളവര്‍ അനുഭവിക്കുന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

ഓസ്ട്രിയന്‍ സന്നദ്ധപ്രവര്‍ത്തക മിഖായേല രഹസ്യമായി ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വ്യാഴാഴ്ച യുട്യൂബില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട വീഡിയോ ഇതുവരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ കണ്ടു കഴിഞ്ഞു.

വേലികെട്ടി തിരിച്ച ക്യാമ്പില്‍ ഹെല്‍മറ്റും മാസ്‌കും ധരിച്ച പൊലീസുകാര്‍ അഭയാര്‍ത്ഥികള്‍ക്ക് നേരെ ഭക്ഷണപ്പൊതികള്‍ വലിച്ചെറിയുന്നതായി വീഡിയോയില്‍ വ്യക്തമായി കാണാം. സ്ത്രീകളും കുട്ടികളുമടങ്ങുന്ന അഭയാര്‍ത്ഥികള്‍ ഭക്ഷണത്തിനായി പരസ്പരം പോരടിക്കേണ്ട അവസ്ഥയിലാണ്. ആള്‍ക്കൂട്ടത്തില്‍ പലരും വേലിക്കെട്ടിന് മുകളില്‍ കയറാന്‍ ശ്രമിക്കുന്നതും ഉദ്യോഗസ്ഥരുടെ ശ്രദ്ധയാകര്‍ഷിക്കാനായി ഉച്ചത്തില്‍ വിളിക്കുന്നതും ക്യാമ്പുകളില്‍ പതിവാണ്.

ഗ്വാണ്ടനാമോ ജയിലിനേതിന് തുല്യമായ സാഹചര്യമാണ് ഹംഗറിയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിലവിലുള്ളതെന്ന് മിഖായേല വ്യക്തമാക്കുന്നു. തടവുകാര്‍ ക്രൂരപീഡനത്തിന് ഇരയാക്കപ്പെടുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ച ജയിലാണ് ഗ്വാണ്ടനാമോ.

ഹംഗറിയിലെ ക്യാമ്പുകളുടെ അവസ്ഥയില്‍ ഐക്യരാഷ്ട്ര സഭ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് നേരെയുള്ള ഹംഗറിയുടെ നിഷേധാത്മക നിലപാടിനെതിരെ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതിഷേധം അറിയിച്ചിരുന്നു. സെര്‍ബിയയുമായുള്ള 175 കിലോമീറ്ററോളം വരുന്ന അതിര്‍ത്തിപ്രദേശത്ത് ഹംഗറി ആഴ്ചകള്‍ക്ക് മുമ്പ് മുള്ളുവേലി തീര്‍ത്തിരുന്നു. അടുത്തമാസം അവസാനത്തോടെ നാല് മീറ്റര്‍ ഉയരത്തില്‍ പുതിയ വേലി തീര്‍ക്കണമെന്ന് പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

DONT MISS
Top