കേരളാഓട്ടോ മൊബൈല്‍സില്‍ ഓട്ടോറിക്ഷാ നിര്‍മ്മാണം സ്വകാര്യകമ്പനിക്ക്

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കേരളാഓട്ടോ മൊബൈല്‍സില്‍ വന്‍ അഴിമതിക്ക് കളമൊരുക്കി ഓട്ടോറിക്ഷാ നിര്‍മ്മാണം സ്വകാര്യകമ്പനിയെ ഏല്‍പ്പിക്കുന്നു. റെയര്‍ എഞ്ചിന്‍ ഓട്ടോറിക്ഷകളുടെ നിര്‍മ്മാണമാണ് സ്വകാര്യകമ്പനിയെ ഏല്‍പ്പിക്കുന്നത്. സര്‍ക്കാര്‍ അംഗീകാരം ലഭിക്കും മുമ്പു തന്നെ സ്വകാര്യകമ്പിനിയുമായി കേരളാ ഓട്ടോമൊബൈല്‍സ് ഇടപാട് നടത്തിതിന്റെ രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

സംസ്ഥാനത്ത് ഓട്ടോറിക്ഷ നിര്‍മ്മിച്ച് വിപണനം നടത്തുന്ന കേരളാ ഓട്ടോമൊബൈല്‍സാണ് ഓട്ടോറിക്ഷാനിര്‍മ്മാണം സ്വകാര്യകമ്പിനിയെ ഏല്‍പ്പിക്കുന്നത്. ഉത്തരാഖണ്ഡിലെ കോണ്ടിനന്റില്‍ എഞ്ചിന്‍സ് ലിമിറ്റഡ് എന്ന കമ്പിനിയില്‍ നിര്‍മ്മിക്കുന്ന റെയര്‍ എഞ്ചിന്‍ ഓട്ടോറിക്ഷകള്‍ കേരളാ ഓട്ടോമൊബൈല്‍സിന്റെ പേരില്‍ വിപണനം നടത്താനാണ് നിലവിലുള്ള കരാര്‍. മാത്രവുമല്ല ഓട്ടോറിക്ഷകള്‍ ഓട്ടോമൊബൈല്‍സ് വാങ്ങും മുമ്പെ തന്നെ സി ഇ എല്ലിന് മുഴുവന്‍ പണവും നല്‍കണമെന്നും കരാറില്‍ വ്യവസ്ഥ ചെയ്യുന്നു. 1000 ഓട്ടോ നിര്‍മ്മിക്കാന്‍ 13 കോടി 80 ലക്ഷം രൂപയാണ് കേരളാ ഓട്ടോമൊബൈല്‍സ് സ്വകാര്യകമ്പിനിക്ക് നല്‍കേണ്ടി വരിക. ഈ ഓട്ടോറിക്ഷകള്‍ വിപണിയില്‍ വിറ്റഴിച്ചാല്‍ മാത്രമേ ഈ തുക തിരിച്ചു കിട്ടൂ.

18-12-14 ന് ചേര്‍ന്ന യോഗത്തിന്റ തീരുമാന പ്രകാരമാണ് കരാര്‍. എന്നാല്‍ സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കും മുമ്പെ തന്നെ ഓട്ടോ മൊബെല്‍ അധികൃതര്‍ കോണ്ടിനന്റല്‍ കമ്പിനിയുമായി സാമ്പത്തിക ഇടപാടുകള്‍ ആരംഭിച്ചതാണ് ദുരൂഹത. വ്യവസായ വകുപ്പ് ഫയല്‍ പഠിച്ച് പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത് 2015 ആഗസ്ത് 17 നു മാത്രം. എന്നാല്‍ അതിനു മുമ്പെ ജൂലൈ മാസം തന്നെ കോണ്ടിനന്റല്‍ കമ്പിനിയിലേക്ക് പണം നിക്ഷേപിച്ചതിന്റെ രേഖകളാണിവ. സര്‍ക്കാര്‍ അംഗീകരിക്കും മുമ്പെ തന്നെ ഓട്ടോ നിര്‍മ്മാണത്തിനുള്ള മുന്‍കൂര്‍ പണം ഘട്ടം ഘട്ടമായി നല്‍കിയിരിക്കുന്നു.

ഓട്ടോ മൊബൈല്‍ ലിമിറ്റഡ് എന്ന പൊതുമേഖലാസ്ഥാപനം നിര്‍മ്മാണസ്ഥാപനം എന്നതില്‍ നിന്നും ഇടനിലക്കാരായി മാറുന്നു എന്നതു മാത്രമല്ല പ്രശ്‌നം. സര്‍ക്കാറിന്റെ അനുമതി ലഭിക്കും മുമ്പെ സ്വകാര്യ കമ്പിനിയിലേക്ക് പണം എത്തുന്നതിലാണ് ദുരൂഹത.

DONT MISS
Top