അച്ചടക്കം പഠിപ്പിക്കാനായി അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ മുടി മുറിച്ചു

കുടക്: അച്ചടക്കത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ അധ്യാപകര്‍ സ്‌കൂള്‍ കുട്ടികളുടെ മുടി മുറിച്ച സംഭവം വിവാദമാകുന്നു. കുടകിലെ വിനായക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് അധ്യാപകരുടെ മുടിമുറിക്കല്‍ പ്രവൃത്തി.

50 ആണ്‍കുട്ടികളുടെ തലമുടിയാണ് അധ്യാപകര്‍ വെട്ടി വികൃതമാക്കിയത്. കുട്ടികളെ അച്ചടക്കം പഠിപ്പിക്കാനാണ് ഇങ്ങനെ മുടിമുറിച്ച് മുഖവും തലയും വികൃതമാക്കിയതെന്നാണ് അധ്യാപകരുടെ പക്ഷം. മുടി മുറിച്ചെടുത്ത അധ്യാപകര്‍ മുറിച്ച മുടി പൊതിഞ്ഞ് കുട്ടികളുടെ വീട്ടിലേക്ക് കൊടുത്ത് വിടുകയായിരുന്നു.

സംഭവം അറിഞ്ഞ് കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ പ്രതിഷേധവുമായി എത്തി. പ്രകോപിതരായ രക്ഷകര്‍ത്താക്കള്‍ ബ്ലോക് വിദ്യാഭ്യാസ ഓഫീസറെ തടഞ്ഞ് വച്ചത് ചെറിയ തോതില്‍ സംഘര്‍ഷത്തിനും കാരണമായി. ഇതിനിടെ കുട്ടികളുടെ മുടി മുറിച്ച അധ്യാപകരില്‍ ഒരാള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതും വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് അധ്യാപകര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അധ്യാപകരുടെ വാദഗതികള്‍ ന്യായീകരിക്കാനാവില്ലെങ്കില്‍ അവരെ പിരിച്ചുവിടുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു. അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ നീതി തേടി പൊലീസിനെ സമീപിക്കാനാണ് രക്ഷകര്‍ത്താക്കളുടെ തീരുമാനം.

DONT MISS
Top