ഓഹരി വിപണികള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്ക്

മുംബൈ: അന്താരാഷ്ട്ര സാഹചര്യങ്ങള്‍ പ്രതികൂലമായതോടെ രാജ്യത്തെ ഓഹരി നാണ്യ വിപണികള്‍ ചരിത്രപരമായ ഇടിവിലേക്ക്. മുംബൈ സ്‌റ്റോക്ക് എക്‌സേഞ്ച് സൂചികയായ സെന്‍സെക്‌സ് 1100 പോയിന്റ് ഇടിഞ്ഞു. നാഷണല്‍ സ്‌റ്റോക്ക് എക്‌സേഞ്ച് സൂചികയായ നിഫ്റ്റി 350 പോയിന്റ് ഇടിഞ്ഞ് 8000 നിലവാരത്തിന് താഴേക്ക് പതിച്ചു.ഡോളറിന് എതിരെ രൂപയുടെ മൂല്യം 66 രൂപ 50 പൈസയിലേക്ക് കൂപ്പുകുത്തി.

ദലാല്‍ സ്ട്രീറ്റില്‍ ചോരവീണ തിങ്കളാഴ്ച എന്നുവേണം ഇന്നത്തെ വ്യാപാര ദിവസത്തെ വിശേഷിപ്പിക്കാന്‍. മുംബൈ സ്‌റ്റോക്ക് എക്‌സേഞ്ച് സൂചികയായ സെന്‍സെക്‌സും നാഷണല്‍ സ്‌റ്റോക്ക് എക്‌സേഞ്ച് സൂചികയായ നിഫ്റ്റിയും ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന നഷ്ടത്തിലേക്കാണ് നീങ്ങുന്നത്. ചൈനീസ് യുവാന്റെ മൂല്യത്തകര്‍ച്ചയെ തുടര്‍ന്നുണ്ടായ ആഗോള പ്രതിസന്ധിയും ജിഡിപി വളര്‍ച്ച കുറയുന്ന ചൈനീസ് മാന്ദ്യവും ആണ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും ഓഹരി നാണ്യ വിപണികളെ നഷ്ടത്തിലാക്കുന്നത്. ഇതോടൊപ്പം ലോകത്തിന്റെ വ്യവസായ കേന്ദ്രമായ ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുമെന്ന ആശങ്കയും ആഗോള വിപണികളെ ബാധിക്കുന്നുണ്ട്. ആഗോള വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ സ്ഥിതി ആശങ്കാ ജനകമല്ലെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുരാം രാജന്‍ പറഞ്ഞു. കരുതല്‍ ധന ശേഖരത്തില്‍ നിന്നും ഡോളര്‍ വിറ്റഴിച്ച് രൂപയുടെ മൂല്യം സ്ഥിരപ്പെടുത്തുമെന്നും രാജന്‍ പറഞ്ഞു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ചരിത്രപരമായ ഇടിവിലേക്ക് എത്തിയതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ബാരലിന് 40 ഡോളറായാണ് ക്രൂഡ് ഓയില്‍ വില ഇടിഞ്ഞത്. എന്നാല്‍ ക്രൂഡ് ഓയില്‍ വിലയിടിവ് ഇന്ത്യക്ക് പ്രയോജനം ചെയ്യും. ഏഷ്യന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രതിസന്ധിക്ക് ഒപ്പം ക്രൂഡ് ഓയില്‍ വിലത്തകര്‍ച്ചയെ തുടര്‍ന്ന് അമേരിക്ക തളരുന്നത് 1930 ന് സമാനംമായ പ്രതിസന്ധിയിലേക്ക് ലോകത്തെ നയിച്ചേക്കും.

DONT MISS
Top