ഇനി ചോദിച്ച് ചോദിച്ച് പോകണ്ട: കേരളത്തിന്റെ രുചി ഈ വെബ്‌സൈറ്റില്‍ ഉണ്ട്

തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ കേരളത്തിന്റെ രുചി ഭേദങ്ങളെ കുറിച്ച് ഇനിയറിയാന്‍ ഊര് ചുറ്റി നടക്കേണ്ട. സ്റ്റാര്‍ ഹോട്ടലുകള്‍ മുതല്‍ കേരളത്തിലെ നാട്ടിന്‍പുറത്തിലെ ഒറ്റ മുറി കടവരെയുളള രുചിയുടെ വകഭേഭങ്ങളെ പരിചയപ്പെടുത്തുകയാണ് പ്രതിഭാധനരായ ഒരു കൂട്ടം യുവാക്കളുടെ സംഘം. വ്യത്യസ്തമായ രുചികള്‍ തേടുന്നവര്‍ക്ക് ഒരു വഴിയടയാളമാകുകയാണ് www.tastyspots.com എന്ന വെബ്‌സൈറ്റ്.

ഈസിസോഫ്റ്റ് ടെക്‌നോളജി സിഇഒ അബ്ദുള്‍ മനാഫാണ് ഈ ആശയത്തിന് പിന്നില്‍. ഐ ടി മേഖലയില്‍ സജീവമായ അമര്‍നാഥ് ശങ്കര്‍,മെഹ്ബൂബ്,ഷമല്‍ ചന്ദ്രന്‍,ചാച്ചു ജേക്കബ്,എന്നിവരുടെ പങ്കാളിത്തത്തിലാണ് ഏറെ നാളത്തെ ഈ വെബ്‌സൈറ്റ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

ടേസ്റ്റി സ്‌പോട്‌സ് മൊബൈല്‍ ആപ്ലിക്കേഷനും ഉടന്‍ തന്നെ ലഭ്യമാക്കുമെന്നും പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്ത യൂസേഴ്‌സിലൂടെ ടേസ്റ്റി സ്‌പോട്‌സിന്റെ ഉള്ളടക്കം മെച്ചപ്പെടുത്താനും ശ്രമിക്കുമെന്നും അബ്ദുള്‍ മനാഫ് പറഞ്ഞു. നിലവാരമില്ലാത്ത ഭക്ഷണകേന്ദ്രങ്ങള്‍ ഉണ്ടെങ്കില്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും.

ഭക്ഷണകേന്ദ്രങ്ങളുടെ വിശദമായ ഫോട്ടോയും വീഡിയോയും സഹിതം സൈറ്റിലുണ്ട്. റൂട്ട് മാപ്പ്, പ്രവര്‍ത്തിക്കുന്ന സമയം,വിഭവങ്ങളുടെ വിശദാംശം,വില എന്നിവയും ഇതോടൊപ്പമുണ്ടാകും. ഒരോ ഭക്ഷണകേന്ദ്രങ്ങളെയും റേറ്റിംഗ് നല്‍കി സന്ദര്‍ശകര്‍ക്ക് തന്നെ വിലയിരുത്താനുളള സംവിധാനവും വെബ്‌സൈറ്റിലുണ്ട്. ഇത് വരെ സന്ദര്‍ശിച്ചിട്ടുളള ഭക്ഷണശാലകളുടെ ഫോട്ടോയും വീഡിയോയും എടുത്ത് സന്ദര്‍ശര്‍ക്ക് തന്നെ സൈറ്റില്‍ ഉള്‍പ്പെടുത്താനും സംവിധാനമുണ്ട്.

ഫുഡി ഫെയ്‌സ്ബുക്ക് എന്ന സമാന്തര സംവിധാനമാണ് ഭക്ഷണപ്രിയര്‍ക്കായി www.tastyspots.com ഒരുക്കുന്നത്. ലോഗ് ഇന്‍ ചെയ്യുന്നവര്‍ക്ക് സ്വന്തം പ്രൊഫൈല്‍ ഉണ്ടാക്കി പരിചിതമായ ഭക്ഷണകേന്ദ്രങ്ങളെ കുറിച്ച് മറ്റുളളവരെ അറിയിക്കാനും പുതിയ അറിവുകള്‍ തേടാനും അവസരമുണ്ട്. വെബ്‌സൈറ്റിന്റെ ബീറ്റാ വേര്‍ഷനാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. കേരളത്തിലെന്ന പോലെ തമിഴ് നാട്,കര്‍ണാടക,യുഎഇ എന്നീ സ്ഥലങ്ങളിലെ രുചികേന്ദ്രങ്ങളെ പരിചയപ്പെടാനും ഭാവിയില്‍ ഈ സൈറ്റിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മനാഫ് പറഞ്ഞു.

DONT MISS
Top