പിസി ജോര്‍ജും മാണിയും പങ്കെടുത്ത പരിപാടിയില്‍ കയ്യാങ്കളി

കോട്ടയം: തിടനാട് പിസി ജോര്‍ജും മാണിയും പങ്കെടുത്ത വേദിയില്‍ കയ്യാങ്കളി. പാലായില്‍ തിടനാട് പഞ്ചായത്തില്‍ കുടുംബശ്രീ വാര്‍ഷികവും ജലനിധി ഉദ്ഘാടനവും നടന്ന പരിപാടിയിലാണ് കയ്യാങ്കളിയുണ്ടായത്. പ്രസംഗത്തില്‍ ജോര്‍ജ് മാണിയെ കുറ്റപ്പെടുത്തി സംസാരിച്ചതാണ് പ്രകോപന കാരണം.

പരിപാടിയുടെ അധ്യക്ഷനായിരുന്നു ജോര്‍ജ്. കെഎം മാണിയും പിജെ ജോസഫും വേദിയിലുണ്ടായിരുന്നു. അധ്യക്ഷപ്രസംഗത്തില്‍ പിസി ജോര്‍ജ് കെ. എംമാണി കര്‍ഷക വിരുദ്ധനാണെന്ന പരാമര്‍ശം നടത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. രാഷ്ട്രീയം പറയാന്‍ പാടില്ലെന്ന് തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോര്‍ജ് പിസി ജോര്‍ജിനോടവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മിയും പഞ്ചായത്ത് പ്രസിഡന്റും കേരളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ചേര്‍ന്ന് ജോര്‍ജിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചു. പ്രസംഗം തുടരുന്നതിനെ  ചോദ്യം ചെയ്ത സംഘാടകര്‍ പി.സി. ജോര്‍ജിന്റെ മൈക്ക് ഓഫ് ചെയ്തു. വേദിയില്‍ ഉന്തും തള്ളുമുണ്ടായി. ബഹളത്തിനിടെ പിസി ജോര്‍ജിന്റെ പ്രൈവറ്റ് സെക്രട്ടറി ബെന്നിയെ വേദിയില്‍ നിന്നും എടുത്തെറിഞ്ഞു.  ഇതോടെ പരിപാടി സംഘര്‍ഷത്തില്‍ കലാശിച്ചു.

പി സി ജോര്‍ജ് റിപ്പോര്‍ട്ടറോട്

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മിയും, ചില കേരളാ കോണ്‍ഗ്രസ് നേതാക്കളും ആണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പിസി ജോര്‍ജ് ആരോപിച്ചു. തന്നെ ആക്രമിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മൈക്ക് ഓഫ് ചെയ്യുകയായിരുന്നതായി പിസി ജോര്‍ജ് റിപ്പോര്‍ട്ടറോട് പറഞ്ഞു. പൊലീസിനെ കൊണ്ടുവന്നത് സംശയം ഉണ്ടാക്കുന്നതായും ജോര്‍ജ് പറഞ്ഞു. തന്റെ പി എയ്ക്ക് പരുക്കേറ്റിട്ടുണ്ടും ജോര്‍ജ് റിപ്പോര്‍ട്ടറോട് പറഞ്ഞു.

‘പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റിന്റെ അനിയന്‍, സാബു പ്ലാത്തോട്ടവും ഇയാളുടെ അനിയന്‍, ഇവര്‍ നാലും ഗൂണ്ടകളാണ്. ഇവര്‍ എന്നെ ആക്രമിക്കാന്‍ ശ്രമിച്ചു. ആക്രമിക്കുമ്പോള്‍ ഓടാന്‍ പറ്റാത്തതുകൊണ്ട് താന്‍ അവിടെ നിന്നു’ പി.സി ജോര്‍ജ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റും തന്നെ ചാടി ആക്രമിച്ചതായി പിസി ജോര്‍ജ് പറഞ്ഞു. ഇവര്‍ എന്റെ കൈയ്യില്‍ പിടിച്ച് വലിച്ചപ്പോള്‍ എന്റെ പിഎ ബെന്നി ഓടിക്കേറി വന്നു. ആക്രമണത്തില്‍ ബെന്നിക്ക് പരുക്കേറ്റിട്ടുണ്ടും ജോര്‍ജ് റിപ്പോര്‍ട്ടര്‍  ടിവിയോട് പറഞ്ഞു.

നിര്‍മ്മല ജിമ്മി റിപ്പോര്‍ട്ടറോട്

പിസി ജോര്‍ജ് മനഃപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി പറഞ്ഞു. വേദിയില്‍ പ്രകോപനം ഉണ്ടാക്കിയത് പിസി ജോര്‍ജാണ്. മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന സംസാരവുമായാണ് പിസി പ്രസംഗം ആരംഭിച്ചത്. കെ എം മാണി, പി ജെ ജോസഫ്, ആന്റോ ആന്റണി  എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പിജെ ജോസഫും കെ എം മാണിയും പരിപാടിയില്‍ പങ്കെടുക്കാനെത്തിയത് തന്റെ അനുവാദമില്ലാതെയാണെന്ന് പിസി പറഞ്ഞതായി നിര്‍മ്മല ജിമ്മി പറഞ്ഞു.

പള്ളിയങ്കണത്തില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ ഇത്രയധികം പൊലീസുകാരുടെ ആവശ്യമില്ലെന്നു പറഞ്ഞാണ്  പിസിയുടെ പ്രസംഗം ആംരംഭിച്ചത്. കെ എം മാണിക്കൊപ്പം തിടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ കുറിച്ചും പിസി മോശമായി സംസാരിച്ചു. പിസിയുടെ അധ്യക്ഷ പ്രസംഗം നീണ്ടു പോയപ്പോള്‍ പ്രസംഗം ചുരുക്കണമെന്ന് മറ്റുളളവര്‍ പറഞ്ഞു. ഞാനാണ് അദ്ധ്യക്ഷന്‍ എനിക്കെന്തുമാകാം എന്ന മട്ടിലുള്ള പിസിയുടെ പ്രസംഗമാണ് പ്രശ്‌നങ്ങള്‍ ഇത്ര രൂക്ഷമാകാന്‍ കാരണമെന്നും നിര്‍മ്മല ജിമ്മി പറയുന്നു.

കേരളാ കോണ്‍ഗ്രസ് സെക്യുലറിന്റെ ഭാഗമായിരുന്ന തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചന്‍ തന്റെ നിലപാട് വ്യക്തമാക്കി കേരളാ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പക്ഷത്തോടൊപ്പം നിലയുറപ്പിച്ചതാണ് പിസിയുടെ വിദ്വേഷത്തിന് കാരണം. കൂടാതെ തിടനാട് ഗ്രാമപഞ്ചായത്ത് ഒന്നടങ്കം കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനൊപ്പം നിന്നതും പിസിയെ പ്രകോപിപ്പിച്ചതായും നിര്‍മ്മല ജിമ്മി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

അതേസമയം പിസി ജോര്‍ജ് ആണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് തിടനാട് പഞ്ചായത്ത് പ്രസിഡന്റ്  വ്യക്തമാക്കി. ഇതിനിടെ ജോര്‍ജിനെതിരെ കേരളാ കോണ്‍ഗ്രസ് അപവാദ പ്രചരണം നടത്തുകയാണെന്ന് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പറഞ്ഞു.

DONT MISS
Top