കടലാമയുടെ മൂക്കില്‍ പ്ലാസ്റ്റിക് സ്‌ട്രോ കുടുങ്ങിയപ്പോള്‍; കരളലിയിപ്പിക്കുന്ന വീഡിയോ

കടലാമയുടെ മൂക്കില്‍ നിന്ന് പ്ലാസ്റ്റിക് സ്‌ട്രോ പുറത്തെടുക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ചോരയൊലിക്കുന്ന മൂക്കുമായുള്ള കടലാമയുടെ കരച്ചില്‍ ആരുടെയും കരളലിയിക്കും. മനുഷ്യര്‍ തന്നെയാണ് ഇവരോട് ഈ ക്രൂരത കാട്ടുന്നത്. പത്ത് മിനുറ്റോളം സമയമെടുത്താണ് കടലാമയുടെ മൂക്കില്‍ കുടുങ്ങിയ സ്‌ട്രോ പുറത്തെടുത്തത്. മൂന്ന് കോടിയോളം പേര്‍ ഇതിനോടകം ഈ വീഡിയോ കണ്ടു കഴിഞ്ഞു. പ്ലാസ്റ്റിക്കിനോട് നോ പറയാം എന്ന സന്ദേശത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കടലാമകളെക്കുറിച്ച് പഠനം നടത്താനെത്തിയ സംഘമാണ് 35 കിലോ ഭാരമുള്ള കടലാമയുടെ മൂക്കില്‍ എന്തോ കുടുങ്ങിയതായി കണ്ടെത്തിയത്.  ഇത് പുഴുവായിരിക്കുമെന്നാണ് ആദ്യം ഇവര്‍ കരുതിയതെങ്കിലും  പിന്നീട് നടത്തിയ പരിശോധനയില്‍ ഇത് പ്ലാസ്റ്റിക് സ്‌ട്രോ ആണെന്ന് കണ്ടെത്തുകയായിരുന്നു. കോസ്റ്റാറിക്കയിലെ കടല്‍ത്തീരത്ത് നിന്ന് ലഭിച്ച ആമയെ ചികിത്സിച്ചത് ക്രിസ്റ്റയിന്‍ ഫിഗ്നറുടെ നേതൃത്വത്തിലുള്ള സംഘമാണ്. കഠിനപരിശ്രമത്തിനൊടുവിലാണ് ഇവര്‍ സ്‌ട്രോ പുറത്തെടുത്തത്.

കടലുകളില്‍ മനുഷ്യന്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഭീഷണിയാകുന്നത് ഇത്തരത്തിലുള്ള കടല്‍ ജീവികള്‍ക്കാണ്. കടലാമകളുടെ മൂക്കില്‍ പ്ലാസ്റ്റിക്ക് കുടുങ്ങിയാല്‍ ഇവര്‍ക്ക് ശ്വസിക്കാനാകാതെ വരും. ഇത്തരത്തില്‍ നിരവധി ജീവികള്‍ ചത്തൊടുങ്ങുന്നുണ്ട്. പ്ലാസ്റ്റിക് ബാഗ്, ടൂത്ത്ബ്രഷ് തുടങ്ങിയ നിരവധി പ്ലാസ്റ്റിക് വേസ്റ്റുകളും കടല്‍ ജീവികളുടെ വയറ്റില്‍ നിന്ന് കണ്ടെടുക്കാറുണ്ടെന്നും ക്രിസ്റ്റയിന്‍ ഫിഗ്‌നര്‍ പറയുന്നു.

DONT MISS
Top