പ്രേമം വ്യാജനെത്തിയത് സെന്‍സര്‍ബോര്‍ഡില്‍ നിന്ന്; മൂന്ന് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജ പകര്‍പ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തെ താല്‍ക്കാലിക ജീവനക്കാരായ അരുണ്‍, ലിജിന്‍, കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് സിനിമയുടെ പകര്‍പ്പ് പെന്‍ഡ്രൈവ് വഴി പുറത്ത് എത്തിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇത്തരത്തില്‍ നിരവധി സിനിമകളുടെ പകര്‍പ്പ് ഇവര്‍ പെന്‍ഡ്രൈവ് വഴി കോപ്പി ചെയ്ത് പുറത്തെത്തിച്ചുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

സിനിമയുടെ കോപ്പി പകര്‍ത്തി ഇവര്‍ സുഹൃത്തുക്കള്‍ക്ക് കൈമാറുകയായിരുന്നു. ഇവരുടെ പക്കലില്‍ നിന്നുമാണ് കൊല്ലത്തെ വിദ്യാര്‍ത്ഥികളിലേക്ക് സിനിമ എത്തിയത്. അവര്‍ സിനിമ നെറ്റില്‍ അപ്പ്‌ലോഡ് ചെയ്യുകയുമായിരുന്നു. പിന്നീട് വാട്‌സ്ആപ്പ് വഴി പ്രേമം പ്രചരിച്ചു.

സെന്‍സര്‍ ബോര്‍ഡില്‍ നിന്നുമാണ് കോപ്പി ചോര്‍ന്നത് എന്നതിന് വ്യക്തമായ തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് ഡിവൈഎസ്പി എം ഇക്ബാല്‍ പറഞ്ഞു. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ പക്കലുണ്ടായിരുന്ന ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് സിനിമ ചോര്‍ന്നതെന്നായിരുന്നു അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പ്രേമം സിനിമയുടെ സെന്‍സര്‍ പതിപ്പ് കൈകാര്യം ചെയ്ത തിരുവനന്തപുരം, കൊച്ചി, ചെന്നൈ സ്റ്റുഡിയോകളില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.

DONT MISS
Top