പ്രേമം പൈറസി: അന്വേഷണസംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: പ്രേമം സിനിമയുടെ പകര്‍പ്പ് ചോര്‍ന്ന സംഭവത്തില്‍ ആന്റി പൈറസി സെല്‍ അന്വേഷണ സംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്തു. കൊല്ലം സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍പ്പ് കൈമാറിയെന്നു കരുതുന്നവരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്. സിനിമയുടെ സെന്‍സര്‍ ചെയ്ത പകര്‍പ്പ് കൈകാര്യം ചെയ്തിരുന്ന അണിയറപ്രവര്‍ത്തകനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. കൂടുതല്‍ സാങ്കേതിക പരിശോധനകള്‍ നടത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

പ്രേമം സിനിമയുടെ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ ആദ്യം അപ്‌ലോഡ് ചെയ്ത വിദ്യാര്‍ത്ഥിക്കും സഹായികള്‍ക്കും പതിപ്പ് എത്തിച്ചു നല്‍കിയെന്നു സംശയിക്കുന്നവരെയാണ് ചോദ്യം ചെയ്തത്. ആന്റി പൈറസി സെല്‍ ഡി.വൈ.എസ്.പി എം. ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘവും ഇവരെ സഹായിക്കാനായി കൊല്ലത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ച സംഘവും ഒത്തുചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തുകയുമുണ്ടായി.

പല കൈമറിഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍പ്പ് ലഭിച്ചതെന്നാണ് അന്വേഷണത്തില്‍ മനസിലായത്. മറ്റാരുടെയും പ്രേരണയിലല്ല ഇത് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതെന്നും അന്വേഷണസംഘം കരുതുന്നു. പകര്‍പ്പ് എവിടെനിന്നാണ് ചോര്‍ന്നതെന്നു മനസിലാക്കാന്‍ കൂടുതല്‍ സാങ്കേതിക പരിശോധനകള്‍ വേണ്ടിവരും. വേണ്ടിവന്നാല്‍ ഹൈദരാബാദില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സേവനം തേടാനും ആലോചിക്കുന്നുണ്ട്. സെന്‍സര്‍ ചെയ്ത പകര്‍പ്പ് കൈകാര്യം ചെയ്തിരുന്ന ഒരു അണിയറ പ്രവര്‍ത്തകനെ വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. ഇയാളെ മുന്‍പ് രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ചെന്നൈയിലെ സ്റ്റുഡിയോയില്‍ പരിശോധനയ്ക്കായി പോകാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി.

DONT MISS
Top