ഐഎസ്എല്‍ താരലേലം: ഛേത്രിയും ലിങ്ദോയും കോടിപതികൾ

സുനില്‍ ഛേത്രിയേയും യൂഗിന്‍സണ്‍ ലിംഗ്‌ദോയെയും കോടിപതികളാക്കി കൊണ്ട് ഐഎസ്എല്ലിലെ പ്രഥമ താരലേലം പൂര്‍ത്തിയായി. എട്ട് മലയാളി താരങ്ങളില്‍ ആറ് പേരും വിവിധ ടീമുകളില്‍ എത്തി. 90 ലക്ഷം രൂപക്ക് അത്‌ലറ്റികോ ഡി കൊല്‍ക്കത്തയിലെത്തിയ റിനോ ആന്റോയാണ് വന്‍ നേട്ടമുണ്ടാക്കിയത്. സി കെ വിനീത് അടക്കം നാല് കളിക്കാരെയാണ് ഡ്രാഫ്റ്റിംഗിലൂടെ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിലെടുത്തത്.

ജാക്കി ചന്ദ് സിംഗിനെ 45 ലക്ഷം രൂപക്ക് സ്വന്തമാക്കി പൂനെ സിറ്റി എഫ്‌സിയാണ് ലേലത്തിന് തുടക്കമിട്ടത്. തോയി സിംഗിനെ 86 ലക്ഷത്തിന് ചെന്നൈയനും സ്വന്തമാക്കിയപ്പോള്‍ മലയാളി താരം അനസ് എടത്തൊടികയുടെ അവസരമായി പിന്നീട്. അടിസ്ഥാന തുകയായ 40 ലക്ഷത്തില്‍ നിന്ന് ഒരു ലക്ഷം മാത്രം അധികമായി ലഭിച്ച അനസിനെ ഇനി ഡെല്‍ഹി ഡൈനാമോസില്‍ കാണാം. 80 ലക്ഷം അടിസ്ഥാന തുകയുമായെത്തിയ സുനില്‍ ഛേത്രിക്ക് ഒരു കോടി 20 ലക്ഷം രൂപയാണ് മുംബൈ എഫ്‌സി മുടക്കിയത്. ഒരു കോടി അഞ്ച് ലക്ഷം രൂപ പോക്കറ്റിലാക്കിയ യൂഗിന്‍സണ്‍ ലിംഗ്‌ദോ പൂനെ സിറ്റി എഫ്‌സിയിലെത്തി. ഏറ്റവും കുറഞ്ഞ അടിസ്ഥാന തുകയായ 17.5 ലക്ഷം രൂപയിലെത്തിയ റിനോ ആന്റോയുടെ ലേലമാണ് എല്ലാവരേയും അമ്പരപ്പിച്ചത്. 90 ലക്ഷം രൂപക്കാണ് റിനോ കൊല്‍ക്കത്തയിലെത്തിയത്

മലയാളി താരങ്ങളില്‍ ബിനീഷ് ബാലനും കെ ആസിഫിനും നിരാശയായി ഐഎസ്എല്‍ ലേലം. സി കെ വിനീതിനെ 15 ലക്ഷം രൂപക്ക് ബ്ലാസ്റ്റേഴ്‌സ് ഡ്രാഫ്റ്റ് ചെയ്തപ്പോള്‍ സുശാന്ത് മാത്യു 8 ലക്ഷം രൂപക്ക് പൂനെയിലും എംപി സക്കീര്‍ 23 ലക്ഷം രൂപക്കും ജസ്റ്റിന്‍ സ്റ്റീഫന്‍ 15 ലക്ഷത്തിനും ചെന്നൈയന്‍ എഫ്‌സിയുടെ ഭാഗമായി. മധ്യനിര താരങ്ങളെ മാത്രമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടത്. വിനീതിനെ കൂടാതെ പീറ്റര്‍ കര്‍വാലിയോയും കെവിന്‍ ലോബോയും സാംപിംഗി രാജും കേരളാ ടീമിലെത്തി.

DONT MISS
Top