മോശം പെരുമാറ്റം: കോപ്പ അമേരിക്കയില്‍ നിന്നും നെയ്മര്‍ പുറത്ത്

ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ക്ക് കോപ്പ അമേരിക്കയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. കൊളംബിയക്കെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിന് താരത്തിന് 4 കോപ്പ മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന കോപ്പ അമേരിക്ക ഡിസിപ്ലിനറി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

നെയ്മറില്ലാതെ മഞ്ഞപ്പടയ്ക്ക് ഇനി കോപ്പ കളിക്കാം. കൊളംബിയക്കെതിരായ മത്സരത്തിലെ ചുവപ്പ് കാര്‍ഡിനൊപ്പം ടണലില്‍ റഫറിയോട് മോശമായി പെരുമാറി എന്ന കുറ്റം കൂടിയായതോടെ നെയ്മറെ 4 കോപ്പ മത്സരങ്ങളില്‍ നിന്ന് വിലക്കാന്‍ കോപ്പ അമേരിക്ക ഡിസിപ്ലിനറി ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. വിലക്കിന് പുറമെ പതിനായിരും ഡോളര്‍ പിഴയുമൊടുക്കണം. ഇതോടെ നെയ്മര്‍ക്ക് കോപ്പ അമേരിക്കയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകുമെന്ന ഉറപ്പായി.

തീരുമാനത്തിനെതിരെ അപ്പീല്‍ പോവുകയാണെങ്കിലും ചുരുങ്ങിയത് 3 മത്സരങ്ങളിലെങ്കിലും നെയ്മര്‍ക്ക് വിലക്ക് ഉറപ്പാണ്. അങ്ങനെയെങ്കില്‍ ബ്രസീല്‍ ഫൈനലിലെത്തിയാല്‍ മാത്രം ഒരു പക്ഷേ നെയ്മര്‍ക്ക് മൈതാനത്തിറങ്ങാന്‍ കഴിഞ്ഞേക്കും. കൊളംബിയക്കെതിരായ മത്സരം അവസാനിച്ച ശേഷം അര്‍മേറോയുടെ ദേഹത്തേക്ക് പന്തടിച്ചതിനൊപ്പം ജെയ്‌സണ്‍ മുറിലോയോട് കൊമ്പുകോര്‍ക്കുകയും ചെയ്ത നെയ്മര്‍ക്ക് മൈതാനം വിടും മുന്‍പ് തന്നെ റഫറി ചുവപ്പ് കാര്‍ഡ് നല്‍കിയിരുന്നു.

തീരുമാനത്തില്‍ അസംതൃപ്തനായ നെയ്മര്‍ ടണലില്‍ വച്ച് തന്നോട് മോശമായി പെരുമാറിയതായി റഫറി എന്‍ റിക് ഓസസ് ഡിസിപ്ലിനറി ബോര്‍ഡിന് മുന്‍പാകെ പരാതിപ്പെട്ടതായാണ് സൂചന. നെയ്മറെ പിടിച്ച് തള്ളിയതിന് ചുവപ്പ് കാര്‍ഡ് ലഭിച്ച കാര്‍ലോസ് ബക്കയ്ക്ക് 2 മത്സരങ്ങളിലെ വിലക്കും ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

DONT MISS
Top