കോപ്പ അമേരിക്ക: അര്‍ജന്റീനക്ക് ആദ്യ ജയം

കോപ്പ അമേരിക്കയിൽ ഉറുഗ്വെക്കെതിരെ അർജന്റീനയ്ക്ക് ജയം. ഗ്രൂപ്പ് ബിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അർജന്റീനയുടെ വിജയം. ലാ സെറീനയില്‍ നടന്ന മത്സരത്തില്‍ ഉറുഗ്വേയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്.സെര്‍ജിയോ അഗ്യൂറോയാണ് അര്‍ജന്റീനയ്ക്കായി വിജയ ഗോള്‍ നേടിയത്.

2011-ലെ കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ തോല്‍വിക്ക് ഉറുഗ്വേയോടുള്ള ഒരു മധുര പ്രതികാരമായിരുന്നു ആല്‍ബിസെലസ്റ്റകളുടെ ഇന്നത്തെ കളി. ലാ സെറീനയില്‍ അര്‍ജന്റൈന്‍ ആധിപത്യമായിരുന്നു ആദ്യാവസാനം കണ്ടത്. ഇരുപത്തിയഞ്ചാം മിനിട്ടില്‍ മെസി നല്‍കിയ അളന്ന് മുറിച്ച ക്രോസില്‍ അഗ്യൂറോയുടെ ഹെഡ്ഡര്‍ കഷ്ടിച്ചാണ് മുസ്ലേര തട്ടിയകറ്റിയത്.

അന്‍പത്തിയാറാം മിനിട്ടിലായിരുന്നു അര്‍ജന്റീനയുടെ വിജയ ഗോള്‍. സബലേറ്റയുടെ ക്രോസില്‍ അഗ്യൂറോയുടെ ഡൈവിംഗ് ഹെഡ്ഡര്‍ ലക്ഷ്യം കണ്ടു. ഗോള്‍ വീണതോടെ ഉറുഗ്വേയും ആക്രമണം തുടങ്ങി.എഴുപത്തിയഞ്ചാം മിനിട്ടില്‍ മാക്‌സി പെരേര തൊടുത്ത ഷോട്ട് അര്‍ജന്റീന ഗോള്‍ കീപ്പര്‍ റൊമേറോ തടഞ്ഞത് നേരെ എത്തിയത് റോലാന്റെയുടെ കാലുകളിലായിരുന്നു. എന്നാല്‍ തുറന്ന അവസം ക്രോസ് ബാറിന് മുകളിലൂടെ അടിച്ച റോലാന്‍ തുലച്ചു.കളി കനത്തതോടെ പലപ്പോഴും കയ്യാങ്കളിയുമായി. അതിനിടെ മെസിയുടെ ചില മിന്നല്‍ നീക്കങ്ങള്‍ക്ക് മുന്നില്‍ മുസ്ലേരയും വില്ലനായി.

അവസാന നിമിഷങ്ങളിലെ ഉറുഗ്വേ മുന്നേറ്റങ്ങളെ പ്രതിരോധവും സെര്‍ജിയോ റൊമേറോയും സമര്‍ത്ഥമായി ചെറുത്തതോടെ ക്വാര്‍ട്ടര്‍ പാത സുഗമമാക്കി ആല്‍ബി സെലസ്റ്റകള്‍ ബൂട്ടഴിച്ചു.

DONT MISS
Top