കൈയിലെ വോട്ട് മഷിപ്പാട് വലുതാക്കുന്നു

വോട്ട് ചെയ്യുമ്പോള്‍ കൈയ്യില്‍ പതിക്കുന്ന മഷിപ്പാട് വലുതും വ്യക്തവുമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്. ഇടതു ചൂണ്ടുവിരലില്‍ വിരലും കൈപ്പത്തിയുെ ചേരുന്ന സന്ധി മുതല്‍ നഖം വരെ ബ്രഷു കൊണ്ട് നീളത്തില്‍ വ്യക്തമായി മഷിപതിപ്പിക്കാനാണ് ഉത്തരവ്. ബാലറ്റ് ബട്ടനില്‍ അമര്‍ത്തുന്നതിന് മുന്‍പ് കൈയില്‍ മഷി ഭദ്രമായുണ്ടോ എന്ന് വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഉറപ്പു വരുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. സമീപകാലത്ത് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിഷ്കാരം. ഉത്തരവിന്റെ പകര്‍പ്പ് എല്ലാ ജില്ലാ വരണാധികാരികള്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും അയച്ചു കൊടുക്കും. ഉത്തരവ് നിര്‍ബന്ധമായും പാലിക്കണമെന്ന് പ്രിസൈഡിംഗ് ഓഫിസര്‍മാര്‍ക്കും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കും. ഉത്തരവ് സംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങുന്ന കിറ്റ് നല്‍കും. പോളിംഗ് ഉദ്യോഗസ്ഥര്‍ തീപ്പെട്ടി കമ്പുപയോഗിച്ചാണ് മഷി പതിപ്പിക്കുന്നതെന്ന പരാതി ഉയര്‍ന്നിരുന്നു.കള്ളവോട്ടു ചെയ്യാനായി ആളുകള്‍ വ്യക്തതയില്ലാത്ത മഷിപ്പാട് മായ്ക്കുന്നതായും പരാതി ഉണ്ടായിരുന്നു. കര്‍ണാടക സര്‍ക്കാര്‍ സംരംഭമായ മൈസൂര്‍ പെയിന്റ്സ് ആണ് വോട്ടുമഷി നിര്‍മ്മിച്ചു നല്‍കുന്നത്. വേണ്ട മഷിയും ബ്രഷും വിതരണം ചെയ്യാന്‍ മൈസൂര്‍ പെയിന്റ്സ് മാനേജിംഗ് ഡയറക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.
1962 ലാണ് തെരഞ്ഞെടുപ്പ് കമ്മീഷനും നിയമ മന്ത്രാലയവും നാഷനല്‍ ഫിസിക്കല്‍ ലബോറട്ടറിയും ദേശീയ ഗവേഷണ വികസന കോര്‍പ്പറേഷനും ലോക്സഭാ തെരഞ്ഞെടുപ്പിനു വേണ്ടി മഷി വിതരണത്തിന് മൈസൂര്‍ പെയിന്റ്സുമായി കരാറെത്തിയത്. 1962 മുതല്‍ തെരഞ്ഞെടുപ്പിനായുള്ള മഷി വിതരണം മൈസൂര്‍ പെയിന്റ്സ് ആണ് നടത്തുന്നത്.

DONT MISS
Top