ഗുജ്ജറുകളുടെ സമരം: ട്രെയിന്‍ ഗതാഗതം ഇന്നും തടസ്സപ്പെട്ടു

രാജസ്ഥാനില്‍ സംവരണം ആവശ്യപ്പെട്ടുള്ള ഗുജ്ജറുകളുടെ സമരത്തെ തുടര്‍ന്ന് റെയില്‍ ഗതാഗതം ഇന്നും തടസ്സപ്പെട്ടു. രാജസ്ഥാനിലൂടെ കടന്ന് പോകുന്ന കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകളും ഇന്ന് വഴിമാറ്റി വിടും. ഗുജ്ജറുകളുമായി ഇന്ന് മൂന്ന് മണിക്ക് സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധികള്‍ രണ്ടാംഘട്ട ചര്‍ച്ച നടത്തും.

കേരളത്തിലേക്കുള്ള പോകുന്ന തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റും കൊച്ചു വേളി എക്‌സ്പ്രസ്സുമാണ് വഴി തിരിച്ച് വിട്ടത്. മൂന്ന് ദിവസമായി തുടരുന്ന ഗുജ്ജറുകളുടെ സമരം മുംബൈ ദില്ലി റൂട്ടില്‍ റെയില്‍ ഗതാഗതം താറുമാറാക്കി. ഇരുനൂറോളം ട്രെയിനുകളെയാണ് സമരം ബാധിച്ചത്. അമ്പതോളം ട്രെയിനുകള്‍ വഴി തിരിച്ച് വിട്ടു. റെയില്‍ ഗതാഗതം സ്തംഭിപ്പിച്ചതിന് പുറമെ ദേശീയ പാത 11 ഇന്നലെ മുതല്‍ ഗുജ്ജറുകള്‍ തടയാന്‍ ആരംഭിച്ചതും പ്രതിസന്ധി രൂക്ഷമാക്കി.

ഗുജ്ജറുകളുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പിന്നോക്ക സംവരണത്തില്‍ അഞ്ച് ശതമാനം പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്നാണ് ഗുജ്ജര്‍ സമര സമിതിയുടെ ആവശ്യം. റദ്ദാക്കിയ സര്‍വ്വീസുകളില്‍ ബുക്കു ചെയ്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കാനായി പ്രത്യേക കൗണ്ടറുകള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

DONT MISS
Top