കണ്ണൂരില്‍ നിന്ന് സിപിഐഎമ്മിന്റെ പ്രത്യേക ചുവപ്പ് സേന ; ലക്ഷ്യം ജനസേവനമെന്ന് ജയരാജന്‍

കണ്ണൂര്‍: ചുവപ്പ് വോളന്റിയര്‍ സേനയാല്‍ ശക്തിദുര്‍ഗ്ഗമായ സിപിഎം പ്രത്യേക വോളന്റിയര്‍ സേന കൂടി രൂപീകരിക്കുന്നു. ജനസേവനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക എന്ന ലക്ഷ്യത്തോടെ പരിശീലനം തുടങ്ങുന്ന പ്രത്യേക ചുവപ്പ് സേനയുടെ ആദ്യ സംഘം കണ്ണൂരില്‍ നിന്നാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

18നും 30നും മദ്ധ്യേ പ്രായമുള്ള പ്രത്യേകം തെരെഞ്ഞെടുത്തവരെയാണ്‌ സേനയുടെ ഭാഗമാക്കുക. ജനങ്ങള്‍ക്കിടയില്‍ വിവിധ സേവനങ്ങള്‍ നിര്‍വ്വഹിക്കാനുള്ള പരിശീലനം ഇവര്‍ക്ക് നല്‍കും. പ്രഥമശുശ്രൂഷ, രക്ഷാപ്രവര്‍ത്തനം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ഒപ്പം വ്യായാമ പരിശീലനവും നല്‍കും.

മെയ് 10 മുതല്‍ ലോക്കല്‍ തല പരിശീലനം ആരംഭിക്കുക. യുവാക്കളെ ഉള്‍ക്കൊള്ളിച്ച് ആരംഭിക്കുന്ന സേനയിലേക്ക് അടുത്ത ഘട്ടത്തില്‍ യുവതികളെയും ഉള്‍പ്പെടുത്തും. സംസ്ഥാന തലത്തില്‍ ആരംഭിക്കുന്ന ചുവപ്പ്‌ സേനയുടെ ആദ്യ സംഘം ഈ മാസം 26ന് കണ്ണൂരില്‍ വോളന്റിയര്‍ മാര്‍ച്ച്‌ നടത്തും. ചുവപ്പ് വേഷത്തോടൊപ്പം ചൂരല്‍ വടിയും ഉപയോഗിച്ചായിരിക്കും പ്രത്യേക സേന മാര്‍ച്ച്‌ നടത്തുക. എന്നാല്‍ ഇത് ആര്‍എസ്എസ് ശാഖാ പരിശീലനത്തിന്റെ മറ്റൊരു പതിപ്പാണോ എന്ന ചോദ്യത്തിന് , ആര്‍.എസ്.എസ്. ശാഖയില്‍ ബോംബ്‌ നിര്‍മ്മാണ പരിശീലനമാണ് നടക്കുന്നതെന്നും അതിനാല്‍ അങ്ങോട്ടേയ്ക്ക് ആരും പോകുന്നില്ലെന്നുമായിരുന്നു പി. ജയരാജന്റെ മറുപടി

DONT MISS
Top