വിശുദ്ധ കഅ്ബക്കു ചുറ്റുമുള്ള മതാഫ് വികസനം പൂര്‍ത്തിയാവുന്നു

മക്ക: ലോക മുസ്‌ലീങ്ങളുടെ ആരാധനാ ദിശയായ വിശുദ്ധ കഅ്ബക്കു ചുറ്റും പ്രദക്ഷിണം ചെയ്യുന്ന മതാഫിന്റെ വികസന പ്രവൃത്തി 95 ശതമാനവും പൂര്‍ത്തിയായി. പുതുതായി പണിത ഭാഗങ്ങള്‍ വരുന്ന റമദാനോടെ ആരാധനക്കായി തുറന്നുകൊടുക്കും. ഹറംകാര്യ പദ്ധതി മേധാവി എഞ്ചിനീയര്‍ സുല്‍ത്താന്‍ അല്‍ ഖുറൈശിയാണ് ഇക്കാര്യം അറിയിച്ചത്. മതഫ് വികസനം പൂര്‍ത്തിയായാല്‍ മണിക്കൂറില്‍ ഒരുലക്ഷത്തി അയ്യായിരം തീര്‍ത്ഥാടകര്‍ക്ക് കഅ്ബ പ്രദക്ഷിണം ചെയ്യാനാകും.

വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗത്തുള്ള കണ്‍ട്രോള്‍ റൂം, സുരക്ഷാവകുപ്പ് ആസ്ഥാനം, ആരോഗൃ വകുപ്പ്, റെഡ്ക്രസന്റ്, സിവില്‍ ഡിഫെന്‍സ് സര്‍ക്കാര്‍ വകുപ്പ് എന്നീ കേന്ദ്രങ്ങളുടെ ജോലിയാണ് ഇപ്പോള്‍ ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. മദീനയിലെ പ്രവാചകന്റെ പള്ളിമുറ്റത്തുള്ളതുപോലെ മക്കയിലും തണല്‍കുടകള്‍ സ്ഥാപിക്കും. ഏറ്റവും പുതിയ ടെക്‌നോളജി സംവിധാനമാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുക. തീര്‍ത്ഥാടകരെ നിരീക്ഷിക്കാനും പാഴ്‌വസ്തുക്കള്‍ നിക്കം ചെയ്യാനും ഉയര്‍ന്ന സാങ്കേതിക സഹായം ഉപയോഗപ്പെടുത്തും. കിംഗ് അബ്ദുള്ള വികസനം എന്നുപേരിട്ടുള്ള ഭാഗത്തെ ഒന്നാം വികസന ഭാഗമായും മസ്അയുമായും മേല്‍പാലം വഴി ബന്ധിപ്പിക്കും. ഹറമിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് കഅ്ബയില്‍നിന്നും 200 മിറ്റര്‍ മുതല്‍ 485 മിറ്റര്‍ ദൂരംവരെയുള്ള ശാമിഅ ഭാഗത്തെ വികസന പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. താമസിയാതെ ഈ പദ്ധതിക്കും തുടക്കം കുറിക്കും.
ജാഫറലി പാലക്കോട്

DONT MISS
Top