അടുത്ത കാലവര്‍ഷം ശരാശാരിയിലും താഴെ ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഇത്തവണ കാലവര്‍ഷം സാധാരണയില്‍ താഴെയായിരിക്കുമെന്നും പതിവുള്ളതിന്റെ 93 ശതമാനം മഴ മാത്രമേ ലഭിക്കൂ എന്നും കാലവസ്ഥാ ഗവേഷണ വിഭാഗം. സ്വകാര്യ സ്ഥാപനങ്ങള്‍ ഈ വര്‍ഷം മഴ കൂടുതല്‍ ലഭിക്കുമെന്ന് പ്രവചിച്ചതിനിടെയാണ് സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് ഇന്ന് പുറത്തു വന്നത്.

കാര്‍ഷിക വാണിജ്യമേഖലകളില്‍ കടുത്ത ആശങ്കയുണ്ടാക്കുന്നതാണ് ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ പുറത്തുവിട്ട കണക്കുകള്‍. സാധാരണ ലഭിക്കുന്നതിന്റെ 93 ശതമാനം മഴ മാത്രമേ രാജ്യത്ത് ഉണ്ടാകൂ എന്നതാണ് പ്രധാന പ്രവചനം. 94 മുതല്‍ 104 ശതമാനം വരെ മഴ ലഭിച്ചാല്‍ അത് സാധാരണ മഴയായാണ് കണക്കാക്കുന്നത്. മഴ സാധാരണയില്‍ താഴെയെത്താനുള്ള സാധ്യത 35 ശതമാനവും സാധാരണ മഴ ലഭിക്കാനുള്ള സാധ്യത 28 ശതമാനവും മാത്രമാണ്.

നെല്ല്, ഗോതമ്പ്, കരിമ്പ് കര്‍ഷകരെയും അനുബന്ധ വ്യവസായങ്ങളേയും ഗുരുതരമായി ബാധിക്കുന്നതാണ് പ്രവചനം. പസഫിക് സമുദ്രത്തില്‍ ഉണ്ടാകുന്ന എല്‍നിനോ പ്രതിഭാസം ഇത്തവണ ഗുരുതരമായി ബാധിക്കും. തെക്കു കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും ഇതുമൂലം വരള്‍ച്ച ഉണ്ടാകും. തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ കനത്ത മഴ പെയ്യുകയും ചെയ്യും. സ്വകാര്യ ഏജന്‍സിയായ സ്‌കൈനെറ്റ് കഴിഞ്ഞ ദിവസം നടത്തിയ പ്രവചനത്തില്‍ 103 ശതമാനം മഴ ലഭിക്കുമെന്നും എല്‍നിനോ ബാധിക്കില്ലെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

DONT MISS
Top