ഹൈക്കോടതി സ്റ്റേ അവഗണിച്ച് പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് ഉദ്യോഗസ്ഥരുടെ ഒത്താശ

തൊടുപുഴ: മീന്‍മുട്ടിയില്‍ ഹൈക്കോടതി സ്‌റ്റേ അവഗണിച്ചും പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതിന് കൂടുതല്‍ തെളിവുകള്‍. യാതൊരു മാനദണ്ഡവും പാലിക്കാതിരുന്നിട്ടും ക്വാറിക്ക് മലിനീകരണ നിയന്ത്രണബോര്‍ഡ് അനുമതി നല്‍കുകയായിരുന്നു. ജില്ലാ കലക്ടര്‍ നടപടി വൈകിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ക്വാറി നിര്‍ബാധം പ്രവര്‍ത്തനം തുടരുകയാണ്.

ഹൈക്കോടതിയുടെ സ്‌റ്റേ ഉത്തരവ് മറികടന്ന് പ്രവര്‍ത്തിക്കുന്ന മീന്‍മുട്ടിയിലെ ക്വാറിക്ക് മലിനീകരണ നിയന്ത്രണബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ പറയുന്ന നിബന്ധനകളൊന്നും ഈ ക്വാറി പാലിക്കുന്നില്ലെന്നും കടുത്ത പരിസര മലിനീകരണം നടത്തുന്നുവെന്നതിനും ഇവിടത്തെ ദൃശ്യങ്ങള്‍ സാക്ഷിയാണ്.

ഫെന്‍സിംഗും ഗ്രീന്‍ബെല്‍റ്റിനും പകരമായി ഇവിടെയുള്ളത് പച്ച വലകള്‍ മാത്രമാണ്. ഉയര്‍ന്നുപറക്കുന്ന പാറപ്പൊടി ഇല്ലാതാക്കാന്‍ വെള്ളം പമ്പു ചെയ്യണമെന്ന നിബന്ധന പാലിക്കപ്പെടുന്നേയില്ല. ലോറിയില്‍ കൊണ്ടുപോകുന്ന കരിങ്കല്ലുകള്‍ക്ക് മറവേണമെന്ന നിര്‍ദേശത്തെ തീര്‍ത്തും അവഗണിച്ചുകൊണ്ട് ലോഡുമായി ലോറികള്‍ പായുന്നു. നൂറുമീറ്റര്‍ പരിധിയില്‍ വീടുകള്‍ പാടില്ലെന്നും ഉണ്ടെങ്കില്‍ വീട്ടുടമസ്ഥന്റെ എന്‍ഒസി വേണമെന്നുമുള്ള മാര്‍ഗരേഖയും ലംഘിച്ചിരിക്കുന്നു. തൊട്ടടുത്തുള്ള വീട് ക്വാറിയുടെ പ്രവര്‍ത്തനം നിമിത്തം വിണ്ടുകീറിയ നിലയിലാണ്. എന്നിട്ടും എല്ലാ നിയമങ്ങളും പാലിക്കുന്നുവെന്നാണ് ഉടമയുടെയും ഉദ്യോഗസ്ഥരുടെയും അവകാശവാദം. പ്രഥമദൃഷ്ട്യാല്‍ തന്നെ പരിസ്ഥിതിയെ മാരകമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ക്വാറിയിലൂടെ നടക്കുന്നതെന്ന് വ്യക്തമായിട്ടും ഉദ്യോഗസ്ഥര്‍ നടപടിക്ക് മടിക്കുകയാണ്. അതേസമയം കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ പകര്‍പ്പുമായെത്തിയ പരാതിക്കാരനെയും അഭിഭാഷകനെയും ജില്ലാ കലക്ടര്‍ കാണാന്‍ കൂട്ടാക്കിയില്ല. വിഷയം പഠിക്കാന്‍ ഇനിയും സമയം വേണമൊണ് കലക്ടറുടെ നിലപാട്.

DONT MISS
Top