പണമെറിഞ്ഞാല്‍ നെൽവയൽ ഇനി കരഭൂമി

നെൽവയൽ നികത്തൽ നിയമത്തിൽ കാതലായ മാറ്റമാണ് ധനമന്ത്രി കെ എം മാണി ഈ ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. നെൽവയൽ തണ്ണീർത്തടം നികത്തൽ നിയമം നിലവിൽ വന്ന 2008ന് മുൻപ് നികത്തിയ എല്ലാ പാടവും ഇനി ഫീസ് അടച്ച് കരഭൂമിയാക്കാം എന്നതാണ് നിർദേശം.

കേരളത്തിന്റെ പാരിസ്ഥിതിക കാർഷിക മേഖലകളുടെ ശക്തമായ എതിർപ്പിനെ മറികടന്നുള്ള നിർദേശങ്ങളാണ് ബജറ്റിൽ നെൽവയൽ നികത്തൽ ഭേദഗതിയായി പ്രഖ്യാപിച്ചത്. നിയമം പ്രാബല്യത്തിൽ വന്ന 2008 ന് മുൻപ് നികത്തിയ എല്ലാ പാടത്തിനും ഇനി ഫീസ് അടച്ചാൽ കരഭൂമിയുടെ പദവി ലഭിക്കും. തൊട്ടടുത്ത കരഭൂമിയുടെ വിലയുടെ 25 ശതമാനം അടച്ചാൽ നികത്തിയ പാടത്തിനും കരഭൂമിയുടെ പദവി ലഭിക്കും എന്നാണ് ബജറ്റിൽ പറയുന്നത്. സെന്റിന് 3,000 രൂപ വിലയുള്ള കരഭൂമിക്ക് 25,000 രൂപ അടച്ചാൽ തൊട്ടടുത്ത ഒരു ലക്ഷം രൂപ വിലയുള്ള കരഭൂമിയുടെ പദവി ലഭിക്കുന്ന നിർദേശമാണിത്.

റജിസ്ട്രേഷൻ ഫീസുകളിലെല്ലാം കുത്തനെയുള്ള വർധനയാണ് ബജറ്റിൽ കെ.എം മാണി വരുത്തിയത്. കരാർ മുദ്രപ്പത്ര വില 100ൽ നിന്ന് 500, ഡ്യൂപ്ളിക്കേറ്റ് കരണം 100 ൽ നിന്ന് 500, ചുങ്കച്ചീട്ട് 50ൽ നിന്ന് 500, കമ്പനി മെമ്മോറാണ്ടം 5000 ൽ നിന്ന് 1,000 രൂപ, ജാമ്യക്കരാർ 100 ൽ നിന്ന് 500, മുക്താർ 100 ൽ നിന്ന് 2000, കൂട്ടുകച്ചവട ഉടമ്പടി 200ൽ നിന്ന് 500, പിഴതിരുത്തൽ 100ൽ നിന്ന് 500, വിൽപ്പത്ര റദ്ദാക്കൽ 100ൽ നിന്ന് 500,രേഖതിരയാൻ 50 പൈസയിൽ നിന്ന് 50 രൂപ, പ്രമാണം സൂക്ഷിക്കാൻ 10 രൂപയിൽ നിന്ന് 100 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്.

വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങൾക്ക് പൂർണമായും നികുതി എടുത്തു കളഞ്ഞു. ഗ്രാമീണ മേഖലകളിലെ എടിഎം റജിസ്ട്രേഷൻ ഫീസ് 2,500 രൂപയിൽ നിന്ന് 1,250 രൂപയായും കുറച്ചു. നക്ഷത്ര ഹോട്ടലുകൾ മുതൽ സാധാരണ ഹോട്ടൽ വരെ എല്ലാവയുടേയും ലൈസൻസ് ഫീസിൽ 50 ശതമാനമാണ് വർധന. ആശുപത്രികൾക്കും ലൈസൻസ് ഫീസ് കൂട്ടിയിട്ടുണ്ട്.

DONT MISS
Top