ബേബിയില്‍ തെളിയുന്ന സാങ്കേതികത

നീരജ് പാണ്ഡേയുടെ പുതിയ ചിത്രമായ ബേബിയില്‍ അക്ഷയ് കുമാറാണു നായകന്‍. തട്ടുപൊളിപ്പന്‍ ആക്ഷന്‍ നായകനായി അഭിനയിച്ചു മടുക്കുകയും കാണുന്നവരെ മടുപ്പിച്ചു മടുക്കുകയും ചെയ്ത അക്ഷയ് കുമാറിനു കിട്ടിയ മഹാസൗഭാഗ്യമാണ് ബേബി. ഇതിനു മുന്‍പ് ഓ മൈ ഗോഡ് പോലുള്ള സിനിമകളില്‍ അക്ഷയ് ഖന്നയ്ക്കു വ്യത്യസ്തമായ വേഷം ലഭിച്ചിരുന്നു.

കത്രീന കൈഫുമായി ചേര്‍ന്ന ലണ്ടനു നമസ്‌തേ പറഞ്ഞ നമസ്‌തേ ലണ്ടന്‍, പ്രിറ്റി സിന്റയും സല്‍മാനും ഒരുമിച്ചുണ്ടായിരുന്ന ജാനേമന്‍ തുടങ്ങിയ സിനിമകളിലും അക്ഷയ് കുമാറിന് പതിവില്‍ നിന്നു വ്യത്യസ്തമായ വേഷങ്ങള്‍ കൈയാളാന്‍ സാധിച്ചിരുന്നു. ഇവിടെ വീണ്ടും അക്ഷയ് വളരെ നല്ലൊരു വേഷത്തിലെത്തിയിരിക്കുകയാണ്. നീരജ് പാണ്ഡേയും തന്റെ സാഹസികബുദ്ധിയാര്‍ന്ന ചലച്ചിത്രാവിഷ്‌കാരപദ്ധതിയെ ബേബിയിലൂടെ കൂടുതല്‍ മെച്ചപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നു.

നീരജ് പാണ്ഡേ എന്ന സംവിധായകന്‍ ഇന്ത്യന്‍ സിനിമാപ്രേമികളുടെ ശ്രദ്ധയൊന്നടങ്കം പിടിച്ചെടുത്തത് എ വെനസ് ഡേ എന്ന മാസ്മരികസിനിമയോടെയാണ്. ഒരു സാധാരണ മനുഷ്യന്‍, ആര്‍ കെ ലക്ഷ്മണിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കോമണ്‍ മാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ പകരക്കാരനായി പെരുമാറി മതതീവ്രവാദത്തെ അട്ടിമറിക്കുന്നതിന്റെ അസാധാരണ കഥയായിരുന്നു വെനസ് ഡേ പറഞ്ഞത്. അതിനെത്തുടര്‍ന്ന് സ്‌പെഷല് 26 എന്ന സിനിമയിലൂടെ മുംബൈയിലെ ആദ്യത്തെ എന്‍കൗണ്ടര്‍ കൊലപാതകചരിത്രം പറയാന്‍ അദ്ദേഹം തുനിഞ്ഞു. ഇപ്പോഴിതാ 26/11-ന്റെ പശ്ചാത്തലത്തില് ബേബി. പാക് മൗനാനുവാദത്തിന്റെ പിന്നണിനാദം ഉണ്ടെന്ന് ഇന്ത്യ ആരോപിക്കുന്ന മുംബൈ ഭീകരാക്രമണത്തിന്റെ പരിധിയില്‍ നിന്നാണ് നീരജ് പാണ്ഡേ ഒരു അന്വേഷണാത്മക ത്രില്ലര്‍ അവതരിപ്പിക്കുന്നത്.

അതിമനോഹരമായി സാങ്കേതികഭംഗിയാര്‍ന്ന സിനിമയൊരുക്കുന്ന സംവിധായകനാണ് നീരജ് പാണ്ഡേ. തന്റെ മുന്‍ചിത്രങ്ങളിലൊക്കെയുമെന്ന പോലെ ഈ ബേബിയിലും അക്കാര്യത്തില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. മുന്‍ചിത്രങ്ങളെ അല്‍പമെങ്കിലും കടത്തിവെട്ടുന്ന സാങ്കേതികസൗന്ദര്യമാണ് ഈ സിനിമ പുലര്‍ത്തുന്നതെന്നു പറഞ്ഞാല്‍പ്പോലും തെറ്റില്ല. എന്നാല്‍, വെനസ് ഡേ മുതല്‍ അദ്ദേഹം തുടര്‍ന്നുവരുന്ന രാഷ്ട്രീയപരമായ വിചാരവൈകല്യം ഈ സിനിമയില്‍ കൂടുതല്‍ മുഴച്ചുനില്‍ക്കുന്നതായി കാണാനാകും. ഭരണകൂടഭാഷ്യങ്ങളെ കലാത്മകമായി ശരിവയ്ക്കുകയെന്ന തികഞ്ഞ തെറ്റാണ് നീരജ് പാണ്ഡേ ചെയ്യുന്നതെന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.

അക്ഷയ് കുമാറിന്റെ ആത്മാര്‍ത്ഥവും സത്യസന്ധവുമായ പ്രകടനമാണ് ബേബിയെ കൂടുതല്‍ ആകര്‍ഷകവും ഊഷ്മളവുമാക്കുന്നത്. ചോദ്യം ചെയ്യല്‍ രംഗങ്ങളെയും ആക്ഷന്‍ രംഗങ്ങളെയും അദ്ദേഹം ചാരുതയുള്ളതാക്കി. സംവിധായകന്റെ മനസ്സിലുള്ള കാര്യങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്നതില്‍ നടനെന്നും താരമെന്നുമുള്ള നിലയില്‍ അദ്ദേഹം നല്‍കിയ പിന്തുണ എടുത്തുപറയേണ്ടതാണ്. നീരജ് പാണ്ഡേ ഇന്ത്യന് വാണിജ്യ സിനിമയുടെ വര്ത്തമാനകാലം സൃഷ്ടിച്ച മികച്ച ഒരു ഉദാഹരണമാണ്. അദ്ദേഹം തെറ്റാണെങ്കില് അത് മനോഹരമായൊരു തെറ്റാണ്. അതിലെ തെറ്റുകളെ രാഷ്ട്രീയപരതയോടെ മനസ്സിലാക്കിക്കൊണ്ട് ആ സിനിമകളെ ആസ്വദിക്കുക മാത്രമേ നമുക്കു കരണീയമായിട്ടുള്ളൂ. അക്കാര്യം അടിവരയിട്ടു പറയുന്നു ബേബി.

[jwplayer mediaid=”163327″]

DONT MISS
Top