ആയിരം രൂപാ നോട്ടിന് പിന്നില്‍

മലയാളത്തില്‍ വലിയ തുടക്കം തുടങ്ങി, തമിഴില്‍ സൂപ്പര്‍താരമാകുമെന്നു തോന്നിച്ച്, വീണ്ടും മലയാളത്തിലേക്കു മടങ്ങിയെത്തിയ ഭരത്തിന്റെ പുതിയ ചിത്രമാണ് ആയിരം രൂപാ നോട്ട് പറഞ്ഞ കഥ. ഭരതിനു പുറമേ, മുകേഷും ബിയോണും ലീമാ ബാബുവുമാണ് പടത്തില്‍ നടിച്ചു നാണംകെടുന്നത്. ഒരു ആയിരം രൂപാ നോട്ട് ഉണ്ടാക്കുന്ന പുകിലുകളും പുക്കാറുകളുമാണ് പടം കഥയാക്കി മാറ്റിയിരിക്കുന്നത്. ഇങ്ങനൊരു പടം വരുമായിരുന്നു എന്നു ദീര്‍ഘദര്‍ശനം ചെയ്യാനായിരുന്നെങ്കില്‍ ഇന്ത്യാ ഗവണ്മെന്റ് നോട്ടിന്റെ അച്ചടി അഞ്ഞൂറുരൂപാ നോട്ടില് നിര്‍ത്തിയിരുന്നേനേ.

ഒരു ഓണ്‍ലൈന്‍ നിരൂപകന്‍ ഈ സിനിമയെ വിശേഷിപ്പിച്ചത് പുവേര്‍ലി സ്‌കിപ്റ്റഡ് പപ്പറ്റ് ഷോ എന്നാണ്. രചനാദാരിദ്ര്യമാര്‍ന്ന പാവകളി എന്ന്. അതുതന്നെയാണ് ഈ സിനിമയ്ക്കു നല്‍കാവുന്ന ഏറ്റവും മികച്ച സര്‍ട്ടിഫിക്കറ്റ്. ഇത്രയും യുക്തിശൂന്യവും ബുദ്ധിശൂന്യവുമായി കഥാഗതി പായുന്ന ഒരു സിനിമ ഈയടുത്തകാലത്തെങ്ങും മലയാളിയെന്നല്ല, ലോകസിനിമാക്കാണികളിലൊരാളും കണ്ടുകാണില്ല.

അടിസ്ഥാനാശയം രസകരമായിരുന്നെന്നുറപ്പ്. ഒരു ആയിരം രൂപാ നോട്ട് അതിന്റെ പ്രയാണത്തില്‍ എങ്ങനെയെല്ലാം, എവിടെല്ലാ എത്തിച്ചേരുന്നു എന്നാണ് സിനിമ കാട്ടിത്തരുന്നത്. കറന്‍സിയുടെ ആത്മകഥയെന്നും പറയാം.

ആദ്യപാതി അല്‍പരസങ്ങളും കേവലകൗതുകങ്ങളും നല്‍കുന്നതില്‍ വിജയിക്കുന്നുണ്ട് എന്നുതന്നെ പറയാം. എന്നാല്‍, രണ്ടാംപകുതി കാണികളുടെ ക്ഷമയുടെ നെല്ലിപ്പലക കണ്ടെത്തുന്നതിലാണ് വിജയിക്കുന്നത്. ഒരിറ്റുകനിവുപോലും കാണികളോട് തിരക്കഥാകൃത്തും സംവിധായകനും നടീനടന്മാരും കാട്ടുന്നില്ല. ഈ സിനിമ പൂര്‍ണരൂപത്തില്‍ കാണാന്‍ സാധിച്ച ആദ്യത്തെ ആളുകള്‍ നിശ്ചയമായും ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയായിരിക്കും. അങ്ങനെ പൂര്‍ണമായി കണ്ടിട്ടും ഈ സിനിമ ജനത്തിനു മുന്‍പാകെ എത്തിക്കാന്‍ ഉള്ള സാഹസികതയും ധൈര്യവും പ്രകടിപ്പിച്ച ഇവര്‍ക്കുവേണം ധീരതയ്ക്കുള്ള ഈ വര്‍ഷത്തെയും വരുന്ന മൂന്നു വര്‍ഷത്തെയും അവാര്‍ഡ് നല്‍കാന്‍. ഇത്രയുമല്ലാതെ മറ്റൊന്നും ഈ ആയിരം രൂപാ നോട്ടിന്റെ അവലക്ഷണം പിടിച്ച സിനിമയെപ്പറ്റി പറയാനില്ല.

DONT MISS
Top