ബംഗലൂരു വിമാനത്താവളം വഴി കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്ത് പതിവാകുന്നു

വിദേശത്ത് നിന്ന് ബംഗലൂരു വിമാനത്താവളം വഴി കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്ത് പതിവാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് നിന്ന് 35 ലക്ഷം രൂപയുടെ സ്വര്‍ണം പൊലീസ് പിടികൂടിയിരുന്നു. ബംഗലൂരു വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സ്വര്‍ണക്കടത്ത് നടക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ബംഗളൂരു വിമാനത്താവളത്തില്‍ നിന്നിറങ്ങിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് ഇന്നലെ കാസര്‍ഗോഡ് പൊലീസ് മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയത്. ഷാര്‍ജയില്‍ നിന്നുമെത്തിയ കാസര്‍ഗോഡ് കോളിയടുക്കം സ്വദേശികളായ അബ്ദുള്ള കുഞ്ഞി, മുഹമ്മദ് റാസിക്ക് എന്നിവരാണ് ഇന്നലെ പൊലീസിന്റെ പിടിയിലായത്.

കേരളത്തിലേക്ക് ബംഗളൂരു വിമാനത്താവളം വഴി ഈയിടേയായി സ്വര്‍ണക്കടത്ത് വ്യാപകമായിരുന്നു. സ്വര്‍ണക്കടത്ത് വ്യാപകമാകുന്നുവെന്നറിഞ്ഞിട്ടും ഇവരുടെ ലഗേജ് വിമാനത്താവളത്തില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി പുറത്തുവന്നത് എങ്ങനെയാണെന്ന സംശയമാണ് ഉയരുന്നത്. സ്വര്‍ണക്കടത്തിന് പിന്നില്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പൊലീസിന്റെ വലയിലായത്. ഇതിന് മുന്‍പും പ്രതികള്‍ ബംഗളുരു വിമാനത്താവളം വഴി സ്വര്‍ണം കടത്തിയിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. അറസ്റ്റിലായ രണ്ടുപേരും കരിയര്‍മാരാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇതിന് പിന്നില്‍ വന്‍ മാഫിയ തന്നെ പ്രവര#്ത്തിക്കുന്നു. സ്വര്‍ണക്കടത്തിന് പിന്നില് വിമാനത്താവള ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച് പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ.്

DONT MISS
Top