സച്ചിനൊപ്പം ഒരു സായാഹ്നം ചെലവിടാം

സച്ചിനൊപ്പം സമയം ചിലവിടാനും അത്താഴം കഴിക്കാനും ആഗ്രഹിക്കാത്ത ക്രിക്കറ്റ് പ്രേമികള്‍ ഉണ്ടാവില്ല. അത്തരത്തിലൊരു അവസരം ഒരുക്കി രംഗത്ത് വരുകയാണ് ഓസ്‌ട്രേലിയയിലെ ഒരു ഹോട്ടല്‍. എന്നാല്‍ സൗജന്യമായി സച്ചിനെ കണ്ട് തിരിച്ച് പോരാം എന്ന് ആരും കരുതണ്ട. ഒരാള്‍ക്ക് 3000 ഓസ്‌ട്രേലിയന്‍ ഡോളറാണ് ഇതിനായി ഹോട്ടല്‍ അധികൃതര്‍ വിലയിട്ടിരിക്കുന്നത്.

സച്ചിനൊപ്പം ഭക്ഷണം കഴിച്ച് കുശലങ്ങള്‍ ചോദിച്ചുള്ള അരമണിക്കൂര്‍. വേണ്ടി വന്നാല്‍ ലിറ്റില്‍ മാസ്റ്ററുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ഒന്ന് തൊടുകയുമാകാം. ക്രിക്കറ്റ് ആരാധകരുടെ സ്വപ്നസാക്ഷാത്കാരത്തിനാണ് മെല്‍ബണിലെ ഒരു ഹോട്ടല്‍ അവസരം ഒരുങ്ങുന്നത്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല 60 പേര്‍ക്ക് മാത്രമേ വിരുന്നിലേക്ക് പ്രവേശനമുള്ളൂ. മാത്രവുമല്ല 3000 ഓസ്‌ട്രേലിയന്‍ ഡോളര്‍ മുടക്കുകയും വേണം. ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം നടക്കുന്ന ഫെബ്രുവരി ഇരുപത്തിരണ്ടിനാണ് വിരുന്ന് ഒരുക്കിയിരിക്കുന്നത്. സച്ചിനൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുക്കാന്‍ നിങ്ങളെയും ക്ഷണിച്ചിരിക്കുന്നു എന്ന് ഹോട്ടല്‍ അധികൃതര്‍ ക്ഷണക്കത്തും എഴുതിക്കഴിഞ്ഞു. അതിഥികളുടെ ഇഷ്ടവിഭവങ്ങള്‍ക്കൊപ്പം മുന്തിയ ഇനം മദ്യവും വൈനും തീന്‍ മേശയില്‍ ഉണ്ടാകും.

വിരുന്നിന് ശേഷം സച്ചിനുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ലേലവുമുണ്ട്. ഒപ്പം ലിറ്റില്‍ മാസ്റ്ററുടെ ആത്മകഥയായ പ്ലേയിംഗ് ഇറ്റ് മൈ വേ സച്ചിന്‍ ഒപ്പിട്ട് അതിഥികള്‍ക്ക് നല്‍കും. വിരുന്നിലൂടെ സമാഹരിക്കുന്ന തുക സച്ചിന്റെ പേരിലുള്ള ഫൌണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. ലോകകപ്പ് ഫൈനല്‍ നടക്കുന്ന മാര്‍ച്ച് 29ന് മെല്‍ബണിലും ഇത്തരത്തിലുള്ള വിരുന്ന് സംഘടിപ്പിക്കും.

DONT MISS
Top