ക്രൂരതയുടെ പര്യായമോ നിസാം ?

സ്ഥിരം ക്രിമിനൽ കേസിൽ പെടുമ്പോഴും രക്ഷിക്കാനായി ഉന്നതർ പറന്നെത്തുമെന്നതാണ് തൃശ്ശൂരിലെ വ്യവസായി നിസാമിനെ അക്രമ സംഭവങ്ങളിൽ ഏർപ്പെടാൻ പ്രജോതനമാകുന്നത്. നിസാമിന്റെ ആക്രമണ പരമ്പരകളിൽ ഏറ്റവും ഒടുവിലെത്തെതാണ് തൃശ്ശൂർ ശോഭാ സിറ്റിയിലെ സെക്യൂരിട്ടി ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം. ഒമ്പത് വയസുള്ള സ്വന്തം മകനെ കൊണ്ട് ആഡംബര കാർ ഓടിപ്പിച്ചതും വനിത എസ്ഐയെ കാറിൽ പൂട്ടിയിട്ടതും അടക്കം നിരവധി കേസുകളിൽ പ്രതിയാണ് നിസാം

ഗേയ്റ്റ് തുറക്കാൻ താമസിച്ചതിന് സെക്യൂരിട്ടി ജീവനക്കാരനെ ആക്രമിച്ച മുഹമ്മദ് നിസാംമിന്റെ ചരിത്രവും സ്വഭാവവും മനസിലാക്കിയാൽ ആരും അമ്പരന്നു പോകും. ഒറ്റവാക്കിൽ കോടീശ്വരനായ ക്രിമിനൽ എന്ന് വിശേഷിപ്പിക്കാം മുഹമ്മദ് നിസാമിനെ. 16 ആഡംബര കാറുകളും ഒരു കോടി രൂപ വിലമതിക്കുന്ന ബൈക്കും നിസാമിന് സ്വന്തമായുണ്ട്. ഇത് കൂടാതെ 26 കോടി രൂപയുടെ ആഡംബര കാർ ബുക്ക് ചെയ്ത് കാത്തിരിക്കുന്നു. സ്വന്തമായുള്ള ഏതെങ്കിലും വാഹനത്തിൽ സഞ്ചരിക്കുമ്പോൾ മറ്റ് വാഹനങ്ങൾ മറികടക്കാൻ ശ്രമിച്ചാൽ നിസാം അസ്വസ്ഥനാകും. വാഹനം മറികടന്നാൽ നിസാമിന്റെ സ്വഭാവം മാറും. ആ വാഹനത്തിന്റെ ഡ്രൈവറെ ആക്രമിച്ചാലേ നിസാമിന് ആശ്വാസമാകൂ. ഇത്തരത്തിൽ മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരെ ആക്രമിച്ച നിരവധി കേസുകളാണ് നിസാമിന്റെ പേരിലുള്ളത്…

തൃശൂർ സ്വദേശി മുഹമ്മദ് നിസാം കിംഗ് ബീഡി ഉടമയും കോടീശ്വരനുമൊക്കെയാണെങ്കിലും അത്ര പ്രശസ്തനൊന്നുമായിരുന്നില്ല. 2013 ഏപ്രിൽ മാസം തൃശൂർ ശോഭാ സിറ്റി റോഡിലൂടെ ഒരു ഒൻപത് വയസുകാരൻ കോടികൾ വിലമതിക്കുന്ന ഫെരാരിൽ കാറിൽ ചീറിപ്പായുന്നു. ദൃശ്യങ്ങൾ യൂട്യൂബിലൂടെ വൈറലായി. മറ്റ് കുട്ടികൾ കളിക്കുന്നതിന് ഇടയിലൂടെയായിരുന്നു ഒൻപതു വയസുകാരന്റെ മിന്നും പ്രകടനം. ആരാണ് കുട്ടി ഡ്രൈവർ എന്ന അന്വേഷണമാണ് മുഹമ്മദ് നിസാം എന്ന കോടീശ്വരനിൽ എത്തിയത്. ഫെരാരി മാത്രമല്ല, ലംബോര്‍ഗിനി, ജാഗ്വാര്‍, റേഞ്ച്റോവര്‍ തുടങ്ങിയ ആഡംബര കാറുകളെല്ലാം തന്റെ മകൻ കൈകാര്യം ചെയ്യുമെന്ന മുഹമ്മദ് നിസാമിന്റെ പ്രതികരണം കേട്ട് പൊലീസുകാർ ഞെട്ടി.

ഒടുവിൽ പേരാമംഗലം പൊലീസ് നിസാമിനെ അറസ്റ്റ് ചെയ്തു, പിന്നീട് ജാമ്യത്തിൽ വിട്ടു. ഈ സംഭവത്തോടെ ശ്രദ്ധിക്കപ്പെടുന്ന താരമായി മുഹമ്മദ് നിസാം മാറി. 2013 ജൂണിലും മുഹമ്മദ് നിസാം പൊലീസിനെ ഞെട്ടിച്ചു. തൃശൂർ ശക്തന്‍സ്റ്റാന്‍ഡിന് സമീപം എസ്.ഐ എ.പി. ദേവിയുടെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് ബംഗളൂരുവില്‍ നിന്നും പുതുതായി വാങ്ങിയ റോള്‍സ് റോയ്സ് കാറുമായി മുഹമ്മദ് നിസാം അതുവഴി വന്നത്. അമിത വേഗത്തിൽ വന്ന കാർ എസ് ഐ തടഞ്ഞു. മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസ് എടുക്കുന്നതായി മുഹമ്മദ് നിസാമിനെ പൊലീസ് അറിയിച്ചു. വാഹനത്തിന് ഉള്ളിൽ നിന്നും ഭാര്യയെയും രണ്ട് കുട്ടികളെയും പുറത്തിറക്കി എങ്കിലും നിസാം വാഹനത്തിന് ഉള്ളിൽ തന്നെയിരുന്നു.

വാഹനത്തിന് ഉള്ളിൽ കയറി നിസാമിനെ പുറത്തിറക്കാനായിരുന്നു എസ്ഐയുടെ അടുത്ത ശ്രമം. എന്നാൽ വനിതാ എസ്ഐയെ നിസാം കാറുനുള്ളിൽ പൂട്ടിയിട്ടു. കൂടെയുണ്ടായിരുന്നു പൊലീസുകാരി സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് മൂന്ന് ഫ്ളയിങ് സ്ക്വാഡുകളും കണ്‍ട്രോള്‍ റൂം സി.ഐ യൂനസും സ്ഥലത്തെത്തി. കാര്‍ തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ അതിന് തയാറായില്ല. അത്യാധുനിക സംവിധാനങ്ങളുള്ള നാല് കോടിയിലധികം വിലമതിക്കുന്ന ആഡംബര കാര്‍ തുറക്കുന്നത് എങ്ങനെയെന്ന് പൊലീസിന് ധാരണയുണ്ടായിരുന്നില്ല. ഈ കാര്‍ മുന്നിലിടാനുള്ള യോഗ്യത കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനും ഇല്ലെന്നായിരുന്നു നിസാമിന്റെ വെല്ലുവിളി. ഈസ്റ്റ് പൊലീസ് സ്റ്റേഷന് അതിനുള്ള യോഗ്യതയുണ്ടെന്ന് പറഞ്ഞ് എസ്.ഐ ലാല്‍കുമാര്‍ കാല് കൊണ്ട് കാറില്‍ തട്ടിയപ്പോള്‍ നിസാം കാര്‍ തുറന്നു. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് നിസാമിനെ സ്റ്റേഷനിൽ എത്തിച്ചത്.

ഇപ്പറഞ്ഞ സംഭവങ്ങളിലെല്ലാം തന്നെ പണം വാരിയെറിഞ്ഞ് വലിയ പോറലൊന്നും ഏൽക്കാതെ നിസാം രക്ഷപ്പെട്ടു. പണം കൊണ്ട് ആരെയും സ്വാധീനിക്കാമെന്ന ആത്മ വിശ്വാസമാണ് വീണ്ടം വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാൻ ഇയാൾക്ക് പ്രേരണയാകുന്നത്. ഒടുവിൽ പാവപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിൽ എത്തിച്ചേർന്നിരുന്നു നിസാമിന്റെ ക്രൂരത.

DONT MISS
Top