ഇന്ത്യന്‍ ‘മിസ്ഡ് കോള്‍’ കമ്പനി ഏറ്റെടുത്ത് ട്വിറ്റര്‍

ബംഗഌരു: ‘മിസ്ഡ് കോളി’ലൂടെ ഉല്‍പ്പന്ന വിപണനം നടത്തുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ് കമ്പനിയെ ട്വിറ്റര്‍ ഏറ്റെടുത്തു. ബംഗളൂരു ആസ്ഥാനമായ സിപ് ഡയലിനെയാണ് ട്വിറ്റര്‍ ഏറ്റെടുത്തത്. വില വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏകദേശം 240 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ എന്നാണ് റിപ്പോര്‍ട്ട്്കള്‍.
പണം ചെലവില്ലാതെ സ്വന്തം സാന്നിധ്യം അറിയിക്കാന്‍ സുഹൃത്തുക്കള്‍ പരസ്പരം ചെയ്യുന്ന മിസ്ഡ്‌കോള്‍ സംവിധാനത്തെ മാര്‍ക്കറ്റിങ്ങ്ിന് ഉപയോഗിക്കുകയാണ് സിപ് ഡയല്‍ കമ്പനി ചെയ്തിരുന്നത്. ഉപഭോക്താക്കള്‍ കമ്പനി ഫോണ്‍ നമ്പറിലേക്ക് വിളിക്കുക മാത്രമാണ് വേണ്ടത്. മറുപടിയായി സന്ദേശങ്ങളും ഉല്‍പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും കമ്പനിയില്‍ നിന്നു ലഭ്യമാക്കുന്നതാണ് സംവിധാനം. ഐബിഎം, കെഎഫ്‌സി, ഗില്ലറ്റ് തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളെല്ലാം കമ്പനി വഴി ഉല്‍പ്പന്നങ്ങളുടെ വിപണനം ഇപ്പോള്‍ നടത്തുന്നുണ്ട്.
നിലവില്‍ ആറുകോടി റജിസ്‌റ്റേഡ് ഉപഭോക്താക്കള്‍ കമ്പനിക്കുണ്ട്. 2010ലാണ് കമ്പനി ആരംഭിച്ചത്. ഇത് സിപ്ഡയലിന്റെ ചരിത്രത്തിലെ നിര്‍ണായക നിമിഷമാണെന്ന് കമ്പനി വെബ്‌സൈറ്റിലൂടെ സ്ഥിരീകരിച്ചു. ഇനി ട്വിറ്ററിനു വേണ്ടിയാകും പ്രവര്‍ത്തനം എന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇന്ത്യയിലെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഈ നീക്കം സഹായിക്കും എന്ന് ട്വിറ്റര്‍ പ്രതികരിച്ചു. ഇന്ത്യയില്‍ വലിയ വളര്‍ച്ചാ നിരക്കാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ബംഗളൂരു ആസ്ഥാനമായ ലിറ്റില്‍ ഐ ലാബ്‌സ് എന്ന സ്റ്റാര്‍ട്ട് അപ് കമ്പനിയെ ഫേസ് ബുക്ക് ഏറ്റെടുത്തിരുന്നു. മൊബൈല്‍ ആപഌക്കേഷനുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനിയാണ് ഇത്. ബുക്പാഡ് എന്ന കമ്പനിയെ യാഹുവും ഏറ്റെടുത്തിരുന്നു.

DONT MISS
Top