വളര്‍ച്ചാ നിരക്ക് കുറച്ചു; മാന്ദ്യം കരുതിയിരിക്കണമെന്ന് ലോകബാങ്ക്

ജനീവ: ആഗോള സാമ്പത്തിക രംഗത്ത് മറ്റൊരു മാന്ദ്യത്തിന് സാധ്യതയെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. 2015ലെ വളര്‍ച്ചാനിരക്ക് നേരത്തെ പ്രവചിച്ചിരുന്ന 3.4 ശതമാനത്തില്‍ നിന്ന് മൂന്നുശതമാനമായി റിസര്‍വ് ബാങ്ക് വെട്ടിക്കുറച്ചു. എണ്ണവില കുറഞ്ഞതുകൊണ്ട് ഇറക്കുമതി രാഷ്ട്രങ്ങള്‍ക്ക് ഉണ്ടാകാന്‍ പോകുന്ന നേട്ടം 0.1 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റൊരു ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ വ്യക്തമായ സൂചനയാണ് ലോകബാങ്ക് ഇന്നലെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ നല്‍കുന്നത്. 2015ല്‍ ലോകത്തിന്റെ വളര്‍ച്ചാ നിരക്ക് മൂന്നു ശതമാനം മാത്രമായിരിക്കും. യൂറോപ്പിലേയും ജപ്പാനിലേയും പ്രതിസന്ധി രൂക്ഷമാകും.
അമേരിക്ക എന്ന ഒറ്റ എന്‍ജിനിലാണ് ലോകത്തിന്റെ സാമ്പത്തിക സഞ്ചാരമെന്നും ലോകബാങ്ക് പറയുന്നു. ഇനിയും ആശ്രയിക്കാന്‍ ശക്തമായ മറ്റൊരുസാമ്പത്തിക ക്രമം വളര്‍ന്നുവന്നിട്ടില്ല. മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പോലും ബ്രിട്ടന്റേയും അമേരിക്കയുടേയും വളര്‍ച്ചയുടെ ഫലം ലഭിക്കുന്നില്ല.
എണ്ണവില 60 ശതമാനം കുറഞ്ഞിട്ടും ഇറക്കുമതി രാജ്യങ്ങളുടെ സാമ്പത്തിക നിലയില്‍ അനുകൂലമായ തരംഗം ഉണ്ടായില്ല. 0.1ശതമാനം മാത്രമാണ് ഇറക്കുമതി രാഷ്ട്രങ്ങളുടെ സമ്പദ് ഘടനയില്‍ ഉണ്ടായ നേട്ടം. ഈ വര്‍ഷം മുഴുവന്‍ എണ്ണ നിരക്ക് താഴ്ന്ന നിലയില്‍ തന്നെ തുടരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 2017ല്‍ ഏഴു ശതമാനം വളര്‍ച്ചാ നിരക്ക് നേടി ഇന്ത്യ ചൈനയ്ക്ക് ഒപ്പം എത്താന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം ലോകബാങ്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

DONT MISS
Top