മരിച്ച പെരുമാള്‍ മുരുഗന് പുസ്‌തകങ്ങളെരിച്ച് ശവദാഹം

ഇന്നലെ ഉച്ചയ്ക്കായിരുന്നു. പന്ത്രണ്ടുമണിക്ക്. പെരുമാള്‍ മുരുഗന്‍ മരിച്ചു. ദ്രവിഡനായതുകൊണ്ട് അന്തരിച്ചു എന്ന് സ്വയം പറഞ്ഞില്ല. ജീവനോടെ, നിന്ന നില്‍പില്‍ താഴേക്കു പോയി. എഴുതിവച്ച വാക്കുകള്‍ കത്തിച്ച്, പറഞ്ഞുവച്ച വാചകങ്ങള്‍ തിരിച്ചെടുത്ത് ആപാദചൂഡം മരണം.

‘പെരുമാള്‍ മുരുഗന്‍ മരിച്ചു, ഇനി എഴുതില്ല’ എന്നു സ്വയം പ്രഖ്യാപിക്കുകായിരുന്നു കുടചൂടിയാലും വെയില്‍ തടുക്കാന്‍ കഴിയാത്ത നട്ടുച്ചയ്ക്ക്. ഒപ്പം ഒന്നു കൂടി പറഞ്ഞു. ആര്‍എസ്എസുകാര്‍ കത്തിച്ചിട്ടും തീരാതെ ശേഷിക്കുന്ന തന്റെ എല്ലാ പുസ്തകങ്ങളും വാങ്ങിച്ചവര്‍ക്കു ചുട്ടുകളായം. ഒരു വാക്കുപോലും ശേഷിക്കാതെ സ്വന്തം ശേഖരം സ്വയം കത്തിക്കും. അച്ചടിച്ചുകൂട്ടിയ പുസ്തകങ്ങളുടെ നഷ്ടം തീര്‍ക്കാന്‍ കിടപ്പാടം വിറ്റ് പ്രസാധകര്‍ക്ക് പണം നല്‍കും.

ഇത് എഴുത്തുകാരന്റെ പെട്ടെന്നുള്ള വികാരപ്രകടനമായി ആദ്യം എടുക്കാം. തമിഴ്ജനതയുടെ ജീവിതം നെടുകെ മുറിച്ചെഴുതിയ ആ നോവലുകളെ ഓര്‍ത്ത് ഒരു ദ്രാവിഡനും വിശ്വസിക്കുന്നുണ്ടാകില്ല പെരുമാള്‍ മുരുഗന്‍ ഇനി എഴുതില്ലെന്ന്. യുആര്‍ അനന്തമൂര്‍ത്തി പോലും പാകിസ്ഥാനാണ് ഭേദം എന്നേ പറഞ്ഞുള്ളു, എഴുത്ത് നിര്‍ത്തിയില്ല. പിന്നെ എഴുതും മുന്‍പ് ആയുസ്സ് ഒടുങ്ങിയെങ്കിലും.

പെരുമാള്‍ മുരുഗന്‍ എഴുത്തു നിര്‍ത്തിയതിനെ വെറും അഭിപ്രായ സ്വാതന്ത്ര്യം തടസ്സപ്പെട്ടതിന്റെ കഥയായി എങ്ങനെ എടുക്കും എന്നതാണ് ചോദ്യം. ഇത് എഴുത്തുകാരന്റെ സ്വതന്ത്ര്യത്തിന്റെ പ്രശ്‌നമേയല്ല. എഴുത്തോ നിന്റെ കഴുത്തോ എന്ന പഴയ ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. എഴുത്തും നിന്റെ കഴുത്തും വേണ്ട എന്ന ചോദ്യത്തിന്റെ ഉത്തരമാണ് പെരുമാള്‍ മുരുഗന്റെ സ്വയം പ്രഖ്യാപിത മരണം.

എങ്ങനെ മുരുഗന്‍ മരിച്ചു: അഞ്ചു നോവലുകള്‍ എഴുതിയ പെരുമാള്‍ മുരുഗന്‍ ആറാമത് ഒരു നോവല്‍ എഴുതുന്നു. പേര് മഥോരുബാഗന്‍. മഥോരുബാഗന്‍ എന്നാല്‍ അര്‍ഥനാരീശ്വരന്‍. തിരുച്ചങ്ങോട് (തൃച്ചങ്ങോട്) അമ്പലത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. പ്രസിദ്ധീകരിച്ചത് ഇന്നലെയോ മിനിയാന്നോ അല്ല. 2010ല്‍. തമിഴില്‍ നല്ല നിലയില്‍ വിറ്റുപോയ നോവല്‍. നന്നായി വായിക്കപ്പെടുകയും ചെയ്തത്. പക്ഷേ കഥമാറിയത് 2014ലാണ്. പുസ്തകം ഇംഗ്‌ളീഷിലേക്ക് മൊഴിമാറ്റി. പേര് വണ്‍ പാര്‍ട്ട് വുമന്‍. ആര്‍എസ്എസ് ആസ്ഥാനത്തെ നേതാവ് ഇംഗ്‌ളീഷ് പരിഭാഷ വായിച്ചു. നിര്‍ദേശം തമിഴ്‌നാട്ടിലേക്ക് എത്തി. പുസ്തകം ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് തീര്‍ച്ചപ്പെടുത്തി. കഴിഞ്ഞ മൂന്നാഴ്ചയായി കടുത്ത പ്രതിഷേധം. പുസ്തങ്ങള്‍ കത്തിക്കുന്നു, വഴി തടസ്സപ്പെടുത്തുന്നു, പുറത്തിറങ്ങാന്‍ പോലും അനുവാദമില്ല. ദ്രാവിഡ ശബ്ദമായ അണ്ണാ ഡിഎംകെയോ, ഡിഎംകെയോ ഒരു വാക്കുപോലും പറഞ്ഞില്ല, അടുത്ത തെരഞ്ഞെടുപ്പില്‍ ആര് ആര്‍ക്കൊപ്പം എന്ന് അറിയാത്തതുകൊണ്ടാകണം. തമിഴ്‌നാട്ടില്‍ എത്ര ശ്വാസമെടുത്ത് ഒച്ചയെടുത്താലും ഉയര്‍ന്നു കേള്‍ക്കാത്ത സിപിഐഎമ്മും മറ്റു ചില സോഷ്യലിസ്റ്റ് പാര്‍ട്ടികളും ചില കടലാസുകള്‍ മാധ്യമ ഓഫിസുകളില്‍ എത്തിച്ച് പ്രതിഷേധം ഒതുക്കി.

പെരുമാള്‍ മുരുഗന്‍ എന്ന സര്‍വകലാശാല അധ്യാപകന്‍ ഒറ്റപ്പെട്ടു. കൈ മുറിച്ചെടുക്കാന്‍ ആള്‍ വരും മുന്‍പ് കൈ വലിച്ചു. ഇനി പ്രതിഷേധം എന്തിന് എന്ന ചോദ്യത്തിലേക്ക്. തിരുച്ചങ്ങോട് അമ്പലത്തെ ചുറ്റിപ്പറ്റി ഒരു ഐതിഹ്യമുണ്ട്. ദൈവമക്കള്‍ എന്നു പറഞ്ഞു പ്രചരിപ്പിക്കുന്ന സന്യാസിമാര്‍ വിഹരിക്കുന്ന സ്ഥലം. അവിടെ വര്‍ഷത്തില്‍ ഒരിക്കല്‍ മക്കളില്ലാത്ത സ്ത്രീകള്‍ക്ക് എത്താം. സ്ത്രീകള്‍ തനിയെ എത്തും. ഒരു ദൈവപുത്രനെ തെരഞ്ഞെടുക്കാം. ഇണചേരാം. കുടുംബത്തിലും ഭര്‍ത്താവിനും എതിര്‍പ്പില്ല. ഇത് പഴയ ആചാരത്തിന്റെ കഥ. ദേവദാസിക്കഥകള്‍ പോലുള്ള അനേകം കഥകളില്‍ ഒന്ന്. പെരുമാള്‍ മുരുഗന്റെ കഥയില്‍ എത്തുമ്പോള്‍ അത് സ്വന്തം കുടുംബം നിര്‍ബന്ധിച്ച് ഈ ആചാരത്തിന് അയയ്ക്കുന്ന പൊന്നയുടെ അന്തര്‍സംഘര്‍ഷങ്ങളാണ് പ്രമേയം.
ഈ കഥ എങ്ങനെ ഒരു സമുദായത്തെ അപമാനിക്കുന്നു എന്നതാണ് ചോദ്യം. ആദ്യത്തെ മകന്‍ സൂര്യനില്‍ നിന്നും പിന്നെ അഞ്ചുപേര്‍ പലപല ദേവതകളില്‍ നിന്നുമെന്നും എഴുതിവച്ചത് അതുപോലെ വിശ്വസിക്കുന്ന ഇതിഹാസത്തിന്റെ പിന്‍മുറക്കാര്‍ക്ക് എങ്ങനെ തോന്നിയിട്ടുണ്ടാകും സമുദായ അപമാനം. ഒരാള്‍ സ്വയംവരം ജയിച്ചു കൊണ്ടുവന്ന പെണ്ണിനെ ഒറ്റവാക്കിന്റെ പേരില്‍ അഞ്ചുമക്കള്‍ക്കു മുന്നിലേക്കു വിട്ടുകൊടുത്ത അതേ അമ്മയുടെ കഥ വിശ്വസിക്കുന്നവരാണ് സ്ത്രീ വിദ്വേഷത്തിന്റെ കണിക കണ്ടെത്തിയത്. അതൊന്നുമല്ല അത്ഭുതം. തമിഴില്‍ എഴുതിയത് നാലു വര്‍ഷം മുഴുവന്‍ വായിച്ചിട്ടും തോന്നാതിരുന്ന ആ വികാരം ഇംഗ്‌ളീഷില്‍ നിന്ന് എത്തിയതിലാണ്.

തനി ദ്രാവിഡത്വത്തിനു മേലേക്ക് കടന്നു വരുന്ന ആ പിടിയാണ് അര്‍ഥനാരീശ്വരത്വം. ആണായോ പെണ്ണായോ ആണും പെണ്ണും ചേര്‍ന്നോ ജനിക്കേണ്ടിവരുന്നവരുടെ എല്ലാവൈകാരികതകളും അംഗീകരിച്ചുകൊണ്ട് ഒരു വാചകം പറയാതെ തരമില്ല. എഴുത്തുകാരന്‍ മരിച്ചുപോയാല്‍ പിന്നെ ജനിപ്പിക്കാന്‍ ഏതുവേഷമണിഞ്ഞാലും കഴിയില്ല. ആറേമുക്കാല്‍ കോടി ജനങ്ങളുള്ള തമിഴ്‌നാട്ടില്‍ നല്ല നോവല്‍ എഴുത്തുകാര്‍ നൂറുപേരേ കാണു. അതില്‍ ഒന്ന് മരിച്ചു.

DONT MISS
Top