ഐ നാളെ തീയറ്ററുകളില്‍: വാനോളം പ്രതീക്ഷയുമായി ആരാധകര്‍

ആരാധകര്‍ കാത്തിരിക്കുന്ന് തമിഴ് ദ്യശ്യവിസ്മയം ഐ നാളെ തീയറ്ററുകളില്‍ എത്തും. മൂവായിരത്തിലധികം തീയേറ്ററുകളിലാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തില്‍ മാത്രം 225 തീയേറ്ററുകളില്‍ ഐ എത്തും. മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗില്‍ കേരളത്തിലും വലിയ സ്വീകരണമാണ് ഐക്ക് ലഭിക്കുന്നത്.

രണ്ടര വര്‍ഷത്തോളം നീണ്ടു നിന്ന കാത്തിരിപ്പാണ് നാളെ അവസാനിക്കുന്നത്. എന്നും വെള്ളിത്തിരിയില്‍ വിസ്മയം തീര്‍ക്കുന്ന സംവിധായകന്‍ ഷങ്കറിന്റെ ഐ തീയേറ്ററുകളില്‍ എത്തുന്നു. അതും വന്‍വിജയം നേടിയ അന്യനു ശേഷം വിക്രത്തിന് ഒപ്പം. ആദ്യ ട്രെയിലറുകള്‍ പാട്ടുകള്‍ ചിത്രത്തിന് നല്‍കിയ പ്രതീക്ഷ വാനോളമാണ്.

വിക്രത്തിന് ചിത്രത്തില്‍ ഇരട്ട വേഷമാണങ്കിലും നിരവധി ഗെറ്റപ്പുകളാണ് ചിത്രത്തിലുള്ളത്. ആമി ജാക്‌സനാണ് നായിക. മലയാളത്തില്‍ നിന്ന് സുരേഷ് ഗോപിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാകുന്നു. ഉപേന്‍ പട്ടേല്‍, സന്താനം, രാംകുമാര്‍ ഗണേശന്‍, ശ്രീനിവാസന്‍, മോഹന്‍ കപൂര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്.

നാളെ രാവിലെ അഞ്ച് മണി മുതല്‍ ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിക്കും.എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലും രണ്ട് പ്രത്യേക ഷോകള്‍ വീതം സംഘടിപ്പിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിംഗില്‍ എല്ലാ മള്‍ട്ടിപ്ലെക്‌സ് തീയേറ്ററുകളിലേയും ടിക്കറ്റുകള്‍ ഇതിനകം വിറ്റ് തീര്‍ന്നു. പ്രതീക്ഷിച്ച പോലെ തന്നെയുള്ള ആദ്യ ഘട്ട പ്രതികരണം നേടാന്‍ ഐക്ക് കഴിഞ്ഞു എന്നാണ് ഇവ സൂചിപ്പിക്കുന്നത്.

എന്തിരന്‍ സ്വന്തമാക്കിയതു പോലെ വലിയൊരു വിജയമാണ് ഐയുടെ അണിയറ പ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നത്. വലിയൊരു കാത്തിരിപ്പ് കുറഞ്ഞ മണിക്കൂറിലേക്ക് ചുരുങ്ങിയതിന്റെ സന്തോഷത്തിലാണ് ചലചിത്ര പ്രേമികളും ആരാധകരും.

DONT MISS
Top