നാളെ ദേശീയ ബാങ്ക് പണിമുടക്ക്

മുംബൈ: ബാങ്ക് ജീവനക്കാരുടെ മൂന്നാംഘട്ട സമരത്തിന് തുടക്കമിട്ട് ഓഫിസര്‍മാരും ജീവനക്കാരും നാളെ ദേശവ്യാപകമായി പണിമുടക്കും. പൊതുമേഖലാ, ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ എല്ലാ ജീവനക്കാരും നാളെ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ധാരണയായില്ല. ഇന്ന് ബാങ്കേഴ്‌സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും തമ്മില്‍ വീണ്ടും ചര്‍ച്ച നടക്കും. എടിഎമ്മുകളുടെ പ്രവര്‍ത്തനവും ചെക്ക് മാറുന്നതും ഉള്‍പ്പെടെ എല്ലാ ജോലികളും തടസപ്പെടും.
വേതന വര്‍ധന ആവശ്യപ്പെട്ട് ജീവനക്കാരും ഓഫിസര്‍മാരും നവംബറില്‍ ആരംഭിച്ച സമരത്തിന്റെ മൂന്നാം ഘട്ടമായാണ് നാളെ ഒരു ദിവസത്തെ പണിമുടക്ക്. തീരുമാനമായില്ലെങ്കില്‍ ഈ മാസം 21 മുതല്‍ 24 വരെ നാലുദിവസം തുടര്‍ച്ചയായ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. വേതന വര്‍ധന നടപ്പായില്ലെങ്കില്‍ മാര്‍ച്ച് 16 മുതല്‍ അനിശ്ചിതകാല സമരവും ബാങ്ക് ജീവനക്കാര്‍ പ്രഖ്യാപിച്ചു.
സമരം ഒഴിവാക്കാനായി ലേബര്‍ കമ്മിഷണര്‍ ഇന്നലെ വിളിച്ച യോഗത്തില്‍ ധാരണയായില്ല. ജീവനക്കാരുടെ സംഘടനകള്‍ 26 ശതമാനം ശമ്പള വര്‍ധനയാണ് ആവശ്യപ്പെടുന്നത്. ബാങ്കേഴ്‌സ് അസോസിയേഷന്‍ 11 ശതമാനം വര്‍ധനയാണ് വാഗ്ദാനം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ ശമ്പള വര്‍ധനയുടെ തോത് മാത്രമേ ആവശ്യപ്പെടുന്നുള്ളു എന്നാണ് ജീവനക്കാരുടെ സംഘടനകളുടെ വാദം.
കേരളത്തില്‍ ഉള്‍പ്പെടെ മുഴുവന്‍ പൊതുമേഖലാ ഷെഡ്യൂള്‍ഡ് ബാങ്കുകളുടേയും പ്രവര്‍ത്തനം നാളെ തടസ്സപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നവംബറില്‍രണ്ടു ദിവസത്തെ ദേശീയ പണിമുടക്കും ഡിസംബറില്‍ മേഖലാ തിരിച്ച് ഓരോ ദിവസം വീതം പണിമുടക്കും സംഘടനകള്‍ നടത്തിയിരുന്നു.

DONT MISS
Top