നായികമാരുടെ ഫെയ്സ്ബുക്ക് പേജുകള്‍ക്ക് പിന്നില്‍

അന്‍സിബയ്ക്കും ഹണി റോസിനുമോക്കെ ഫെയ്സ്ബുക്കിലൂടെ തേനൂറും സന്ദേശങ്ങള്‍ അയക്കുന്നവരുടെ ശ്രദ്ധയ്ക്ക് , ഈ നടിമാര്‍ക്ക് മുന്‍പേ മറ്റൊരാള്‍ കൂടി ഇതൊക്കെ കാണുന്നുണ്ട്.അഥവാ താരങ്ങളുടെ ഫെയ്സ്ബുക്ക് പേജുകള്‍ അവരെക്കൂടാതെ മറ്റൊരാള്‍ കൂടി നിയന്ത്രിക്കുന്നുണ്ട്. കോഴിക്കോട് മുക്കം സ്വദേശിയായ സുജിത് ഗോവിന്ദ് ആണ് ആ വിരുതന്‍.

ആന്‍ അഗസ്റ്റിന്‍, ഹണി റോസ് , മിയ , അനുമോള്‍, രമ്യ നമ്പീശന്‍ , ലെന,നമിത പ്രമോദ് , സരയൂ തുടങ്ങി മലയാള ചലച്ചിത്ര രംഗത്തെ ഇരുപതോളം മുന്‍നിര നായികമാരുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജുകള്‍ കൃത്യതയോടെ പരിപാലിക്കുന്നത് ഈ ചെറുപ്പക്കാരനാണ് .

‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന ലാല്‍ജോസ് ചിത്രത്തിന്റെ നൂറാം ദിനാഘോഷവേളയിലാണ് നായികയായ ആന്‍ അഗസ്റ്റിനോട് സുജിത് താന്‍ ‘എഫ്ബി’യില്‍ പുതിയതായി തുടങ്ങിയ ആന്‍ അഗസ്റ്റിന്‍ ഫാന്‍ പേജിനെക്കുറിച്ച് പറയുന്നത് . ആനിന് പെരുത്ത സന്തോഷം . എന്നാല്‍ പിന്നെ അത് ഔദ്യോഗിക പേജാക്കി മാറ്റാന്‍ ആന്‍ ആവശ്യപ്പെട്ടതോടെ അറിഞ്ഞോ അറിയാതെയോ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് രംഗത്തെ നവീന വിപ്ലവത്തിന്റെ തുടക്കം കുറിക്കുകയായിരുന്നു സുജിത് ഗോവിന്ദ്.

സിനിമകളെ അത്രകണ്ട് ഇഷ്ടപ്പെടുന്ന സുജിത് , അതിനോടുള്ള താല്പര്യം കൊണ്ടുമാത്രമാണ് ഇത്തരം ഒരു പേജ് തുടങ്ങിയത് . ശ്രമം വിജയിച്ചതോടെ മറ്റ് താരങ്ങളുടെ ഫാന്‍ പേജുമുണ്ടാക്കി ലൈക്കുകള്‍ വാരിക്കൂട്ടുകയായിരുന്നു .താന്‍ ‘അഡ്മിന്‍’ ആയ പേജുകള്‍ കൂടുതലും സ്ത്രീകളുടെതായതിനും കൃത്യമായ ഉത്തരമുണ്ട് സുജിത്തിന് . നടന്മാരുടെ ഔദ്യോഗിക പേജുകള്‍ അവരുടെ ഫാന്‍സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ പിടിച്ചടക്കിയിരിക്കുകയാണ് . “പാവം നായികമാര്‍ക്ക് ആരാധക സംഘടനകളൊന്നും ഇല്ലല്ലോ , അപ്പോള്‍ പിന്നെ ഞാന്‍ വേണ്ടേ ഇതൊക്കെ ചെയ്യാന്‍” എന്നൊരു ലൈനാണ് സുജിത്തിന്റേത് .

താരങ്ങള്‍ വാട്ട്സ് ആപ്പിലൂടെ അയച്ചുതരുന്ന ചിത്രങ്ങളും കുറിപ്പുകളുമൊക്കെ കൃത്യസമയങ്ങളില്‍ അവരുടെ പേജുകളില്‍ പോസ്റ്റ്‌ ചെയ്യുകയും ഒപ്പം അവര്‍ അഭിനയിക്കുന്ന സിനിമകളുടെ ചിത്രങ്ങള്‍ സംഘടിപ്പിച്ച് പോസ്റ്റ്‌ ചെയ്ത് ആരാധകരെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നത് ശ്രമകരമായ ജോലി തന്നെയാണ് . ആ ശ്രമങ്ങള്‍ ലൈക്കുകളായി മാറുന്നതുകണ്ട് സംതൃപ്തനാവുകയാണ് സുജിത് . ചെയ്യുന്ന ജോലിക്ക് കൃത്യമായി ശമ്പളം വാങ്ങണമെന്ന താരങ്ങളുടെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധം നിരസിച്ച് മുന്നോട്ട് പോവുകയാണ് സുജിത് ഗോവിന്ദ്.

ഫെയ്സ്ബുക്ക് പേജുകളില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ഹണി റോസിന്റെ പേജിലാണ് . അനുമോള്‍, ലെന , അന്‍സിബ , നമിത തുടങ്ങിയവര്‍ എല്ലാ ദിവസവും വിളിക്കുകയും കൃത്യമായി പോസ്റ്റുകള്‍ അയച്ചുതരികയും ചെയ്യുന്നതിനാല്‍ അവരുടെ പേജുകള്‍ കൂടുതല്‍ ആരാധകരിലേക്ക് എത്തുന്നതായി സുജിത് അവകാശപ്പെടുന്നു .

തങ്ങള്‍ അയക്കുന്ന കമന്റുകളൊക്കെ താരങ്ങള്‍ നേരിട്ട് വായിക്കാറുണ്ടോ എന്ന സംശയവും ഇനി വേണ്ട. എല്ലാവരും കൃത്യമായി ആരാധകരുടെ കമന്റുകള്‍ വായിക്കാറുണ്ടെന്നും അഭിപ്രായങ്ങള്‍ പറയാറുണ്ടെന്നും സുജിത് സാക്ഷ്യപ്പെടുത്തുന്നു. എല്ലാവര്‍ക്കും മറുപടി അയക്കാന്‍ കഴിയാത്തതിനാല്‍ ആണെന്നും അത്യാവശ്യക്കാര്‍ക്ക് നടിമാര്‍ മെസേജിലൂടെ മറുപടി അയയ്ക്കാറുണ്ടെന്നും സുജിത് വ്യക്തമാക്കി .

ഫെയ്സ്ബുക്ക് കമന്റുകള്‍ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന അവസ്ഥകള്‍ ധാരാളമുണ്ട് . ഇത്തരം കമന്റുകള്‍ ഏറ്റവും കൂടുതല്‍ വരുന്നത് നടി അന്‍സിബയുടെ പേജിലാണ് . അന്‍സിബയുടെതായ എന്ത് പോസ്റ്റ്‌ വന്നാലും ഉടന്‍ കുറെ സദാചാര വാദികള്‍ രംഗത്തിറങ്ങും . അന്‍സിബ ഒരു കലാകാരിയാണെന്ന പരിഗണനപോലും ഇവര്‍ നല്‍കുന്നില്ല . ഇത്തരം അസഭ്യവര്‍ഷം ചൊരിയുന്നവര്‍ ഇത് വായിക്കുന്ന അന്‍സിബയുടെ സങ്കടം കാണുകയോ ചിന്തിക്കുകയോ ചെയ്യുന്നില്ല എന്നത് കഷ്ടമാണ് . പലപ്പോഴും മോശം കമന്റുകള്‍ കണ്ട് അവര്‍ കരഞ്ഞിട്ടുണ്ട് – സുജിത് വെളിപ്പെടുത്തുന്നു .

സുഹൃത്തുക്കളായ ധനേഷ് ആനന്ദ് , ജോബ്‌ ജോസഫ് എന്നിവരുമായി ചേര്‍ന്ന് ഓണ്‍ലൂക്കേഴ്സ് മീഡിയ എന്ന ഒരു ഇന്റര്‍നെറ്റ് പോര്‍ട്ടലും സുജിത്തിന്റെതായുണ്ട് . മലയാള സിനിമകളുടെ ഓണ്‍ലൈന്‍ പ്രമോഷന്‍ ഏറ്റെടുത്ത് നടത്തുന്ന ഈ സ്ഥാപനം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഏകദേശം എഴുപത്തിയഞ്ചോളം സിനിമകളുടെ പ്രമോഷനുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു . ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങളുടെ മേക്കിംഗ് വീഡിയോയും ഓണ്‍ലൂക്കേഴ്സ് ചെയ്യുന്നു . പുതിയതായി നിരവധി സൈറ്റുകള്‍ വരുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ സിനിമകളുടെ പ്രമോഷനുകള്‍ക്ക് ശേഷം മടങ്ങുകയാണ് പതിവ് . കേരളത്തില്‍ സജീവമായി നില്‍ക്കുന്ന ആറോളം സ്ഥാപനങ്ങള്‍ പരസ്പരം സഹകരിച്ചാണ് മുന്നോട്ടുപോകുന്നതെന്ന് സുജിത് വ്യക്തമാക്കി .

ലാല്‍ജോസ് , വിനീത് ശ്രീനിവാസന്‍ തുടങ്ങി സിനിമാക്കാരും രാഷ്ട്രീയക്കാരുമായ നൂറ്റിയന്‍പതോളം പേരുടെ പേജുകള്‍ ഫെയ്സ്ബുക്ക് ഔദ്യോഗികമായി വെരിഫൈ ചെയ്തതും സുജിത്തിലൂടെയാണ് .മായാമോഹിനി, ഉസ്താദ് ഹോട്ടല്‍ , വിക്രമാദിത്യന്‍ തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളുടെ ഓണ്‍ലൈന്‍ പ്രമോട്ടറായ സുജിത് കസിന്‍സിന് ശേഷം ദിലീപിന്റെ തീയറ്റര്‍ സമുച്ചയ സംരംഭമായ ഡി-സിനിമയുടെ പ്രമോഷണല്‍ ജോലികളിലാണിപ്പോള്‍.

സിനിമകള്‍ കണ്ടും , സിനിമകളുടെയും സിനിമാ നടികളുടെ ഫെയ്സ്ബുക്ക് പ്രമോഷനുമൊക്കെയായി നടക്കുന്ന ഈ ചെറുപ്പക്കാരന്‍ സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുകയെന്ന സ്വപ്നം ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് .

DONT MISS
Top