തൊടുന്നതെല്ലാം കുഴപ്പമാക്കി മാറ്റുന്ന മത്തായി

അക്കു അക്ബറിന്റെ പുതിയ ചിത്രത്തില്‍ കുഴപ്പക്കാരനല്ലാഞ്ഞിട്ടും തൊടുന്നതെല്ലാം കുഴപ്പമാക്കി മാറ്റുന്ന മത്തായിയായാണ് ജയസൂര്യ എത്തുന്നത്. കുറഞ്ഞ ചെലവില്‍ സിനിമയൊരുക്കുന്നതിന് ഒറ്റ ലൊക്കേഷന്‍ പരിപാടി ചില സംവിധായകര്‍ ആലോചിക്കാറുണ്ട്. ഒരു മുറി പ്രധാനലൊക്കേഷനാക്കി ചെയ്യുന്നതുപോലെയുള്ള രീതികള്‍. അതില്‍ത്തന്നെ പുതുമ കണ്ടെത്താനുള്ള ശ്രമങ്ങളിലൊന്നായിരുന്നു, ഒരു ഹോളിവുഡ് മൂവിയെ കോപ്പിയടുച്ചുകൊണ്ടാണെങ്കിലും ഭേജാ ഫ്രൈ എന്ന ഹിന്ദിപ്പടത്തില്‍ ഉണ്ടായത്. ഇതിനു പദാനുപദ തര്‍ജുമയായി മലയാളത്തില്‍ ഇറങ്ങിയ പടമാണ് ഏപ്രില്‍ ഫൂള്‍.

ഒരു ഉന്നതമദ്ധ്യവര്‍ഗ മനുഷ്യന്റെ ജീവിതത്തിലേക്ക്, ഫ്‌ലാറ്റിലേക്ക് എത്തുന്ന ഒരു സാധാരണക്കാരന്. അമിതസംസാര തല്‍പരനായ ഈ മനുഷ്യന്‍ മറ്റേയാള്‍ ഭാര്യയുമായി വഴക്കിട്ടുനില്‍ക്കുകയാണെന്നു മനസ്സിലാക്കി അവരെ ഒന്നിക്കാന്‍ സഹായിക്കാന്‍ ഫോണുപയോഗിച്ച് ശ്രമിക്കുന്നു. അത് കാര്യങ്ങളെ കൂടുതല്‍ വഷളും വല്ലാത്തതുമാക്കിമാറ്റുന്നു. ഇതാണ് ആ പടങ്ങളുടെ ഫോര്‍മാറ്റ്. ഇതിനെ മറ്റൊരു തരത്തില്‍ അനുകരിക്കാന്‍ ശ്രമിക്കുകയാണ് അക്കു അക്ബര് മത്തായി കുഴപ്പക്കാരനല്ല എന്ന സിനിമയിലൂടെ.

മത്തായി ഒരു ഓട്ടോ ഡ്രൈവറാണ്. തൃശ്ശൂര്‍ക്കാരനായ മത്തായി തന്റെ വക്കീല്‍ ഗുമസ്ത കൂടിയായ പ്രതിശ്രുതവധുവിനെ ഹോസ്റ്റലില്‍നിന്ന് നാട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ കോട്ടയം നഗരത്തിലെത്തുന്നു. അപ്പോഴാണ് ഒരു കോട്ടയം ഹര്‍ത്താല്‍. അതിനാല്‍, തിരികെപ്പോകാന്‍ സാധിക്കാതെ വരുന്ന മത്തായി വൈകുന്നേരം ഹര്‍ത്താല്‍ തീരുന്നതുവരെ നഗരത്തില്‍ കറങ്ങാന്‍ തീരുമാനിച്ചു. പണ്ടൊരിക്കല്‍ താന്‍ സഹായിച്ച ഒരു ഡോക്ടറെ അവന്‍ സന്ദര്‍ശിക്കുന്നു. ഡോക്ടറുടെ വീട്ടിലെത്തുമ്പോള് ഡോക്ടറും ഭാര്യയും വഴക്കിട്ടു പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതില്‍ മത്തായി കയറി ഇടപെടുകയാണ്. ഭാര്യ ഇപ്പോള്‍ മാറിത്താമസിക്കുന്ന ഭാര്യാമാതാവിന്റെ വീട്ടിലെ ഫോണിലേക്ക് ഡോക്ടറുടെ വീട്ടില്‍ നിന്നും തിരിച്ചും പോകുന്ന ഫോണ്‍കോളുകളിലൂടെ കഥ വികസിക്കുന്നു. അല്ല, അങ്ങനെ വികസിക്കാനും മാത്രം കഥയൊന്നുമില്ല കേട്ടോ. കഥ നിരങ്ങിനീങ്ങുന്നു എന്നു വേണമെങ്കില്‍ പറയാം.

ഇന്റര്‍വെല്ലുവരെ മത്തായിയും ഡോക്ടറുടെ ഭാര്യയും അമ്മായിയമ്മയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളാണ് പടത്തിനു ജീവന്‍ കെടാതെ ഊതിക്കൊടുക്കുന്നത്. അതിലൂടെ അതിഭീകരമാംവണ്ണം മത്തായിയുടെ സ്ത്രീവിരുദ്ധത പുറത്തുവരുന്നുമുണ്ട്. അല്ല മത്തായിക്കെന്തു സ്ത്രീവിരുദ്ധത. അക്കു അക്ബര്‍ വെറുതെ ഒരു ഭാര്യ മുതല്‍ തുടരുന്ന ഭാര്യാവിരോധം പുറത്തുവരുന്നു എന്നു പറയാം. സ്ത്രീകള്‍ക്ക് പുരുഷന്മാരില്‍ നിന്ന് എന്തിനാണ് മോചനം. എന്നിട്ടവര്‍ ചൊവ്വാഗ്രഹത്തിലേക്കു പോകാന്‍ പോകുകയാണോ. ഇവിടത്തെ സ്ത്രീപീഡനങ്ങളൊക്കെ നടക്കുന്നത് നിയമം ആരും വേണ്ടത്ര ശ്രദ്ധയോടെ നടപ്പിലാക്കാത്തതുകൊണ്ടാണ്. സൗദി അറേബ്യയില്‍ ഒരു പ്രശ്‌നവുമില്ലല്ലോ എന്നെല്ലാമുള്ള വാദഗതികള്‍ മത്തായി നിരത്തുന്നു. അങ്ങനെ മര്യാദയ്ക്കു തീരുമായിരുന്ന പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കുന്നു. അത് അങ്ങേയറ്റം വഷളമാകുമ്പോള്‍ പടം ഇന്റര്‍വെല്ലിലാകുന്നു. കാണികള്‍ വെറും വെല്ലിലും.

ഇന്റര്‍വെല്ലിനുശേഷം മത്തായി കാമുകി അന്ന ആ വീട്ടിലേക്കു വരികയാണ്. പ്രശ്‌നം പരിഹരിക്കാന്‍. ഇതുവരെ മത്തായിയിലൂടെ സിനിമ പറഞ്ഞുവച്ച സ്ത്രീവിരുദ്ധതയ്ക്ക് ഒരു പരിഹാരം കൂടിയാണ് ഈ ഭാഗം. വെറുതെ ഒരു ഭാര്യയ്ക്ക് ഭാര്യ അത്ര പോരയിലൂടെ ഒരു പരിഹാരം കാണാന്‍ ശ്രമിച്ചതുപോലെ. ഏതായാലും ഭര്‍ത്താക്കന്മാരും അത്ര വിശുദ്ധന്മാരൊന്നുമല്ലെന്ന് അന്ന പറഞ്ഞു സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഇതിനിടെ, ഒറ്റലൊക്കേഷന്‍ കണ്ട് മടുത്ത കാണികള്‍ തന്നെ തെറിവിളിക്കുമോ എന്ന ആശങ്ക കൊണ്ടോ മറ്റോ സംവിധായകന്‍ ഒരു കാര്യവുമില്ലാതെ ചില ഏപ്പും വെച്ചുകെട്ടും താങ്ങിയിട്ടുണ്ട്. തസ്‌നി ഖാനും കോമഡി താരങ്ങളും പങ്കെടുക്കുന്ന ഒരു വിവാഹമോചന സ്‌കിറ്റാണ് പടത്തിനിടയില്‍ മത്തായിയുടെ ഉദീരണമായ ഒട്ടിച്ചുചേര്‍ത്തിരിക്കുന്നത്. പിന്നെ അന്നയായെത്തുന്ന ഭാമയുടെ ഉപദേശചിന്താദശകത്തിന് ഉപോദ്ബലകമായി കുറേ വിവാഹമോചനരംഗങ്ങളും കുട്ടികള്‍ പൊട്ടിക്കരയുന്ന ദൃശ്യങ്ങളും ഒരു ഡോക്യുമെന്ററിയിലെന്നപോലെ കടന്നുവന്നുമായുന്നു. ആ ഭാഗമൊക്കെ കണ്ടിരിക്കാന്‍ ക്ഷമയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ക്ഷമയ്ക്കുള്ള നോബല്‍ പ്രൈസ് സ്വീഡിഷ് അക്കാദമി വീട്ടില്‍ കൊണ്ടുവന്നുതരും.

ഒരു രക്ഷയുമില്ലാത്ത ഉപദേശമാണ് പടത്തിന്റെ ആകെത്തുക. ഇങ്ങനെ സ്വന്തം മാതാപിതാക്കള്‍ പോലും ഒരാളെയും ഉപദേശിക്കില്ല. പുരോഹിതവേഷം ധരിച്ച ഒരു സംവിധായകനെയോ അല്ലെങ്കില്‍ ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ നടത്തുന്ന ഒരു സംവിധായകനെയോ ആണ് നമുക്കിവിടെ കാണാന്‍ സാധിക്കുന്നത്. ഇങ്ങനെ പടമെടുക്കുന്നതിലും നല്ലത് അക്കു അക്ബര് മേല്‍പ്പറഞ്ഞവയിലൊരു വേഷം നിത്യജീവിതവൃത്തിക്കായി നേരിട്ടു സ്വീകരിക്കുന്നതായിരിക്കും.

ആദ്യഭാഗങ്ങളില്‍ ജയസൂര്യ കാഴ്ചവയ്ക്കുന്ന സ്വാഭാവികമായ അഭിനയം മാത്രമാണ് സിനിമ കുറേ നേരമെങ്കിലും സഹിക്കാവുന്നതാക്കിത്തീര്‍ക്കുന്നത്. സഹജമായ രീതികള്‍ കൊണ്ട് ചില നര്‍മഭാസുരമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാനും ജയസൂര്യയ്ക്കു കഴിഞ്ഞു. ഭാമയ്ക്കു കുത്തിയിരുന്ന് ഫോണില്‍ ഉപദേശം വിളമ്പേണ്ട ജോലിയേ ഉണ്ടായിരുന്നുളളൂ. ലക്ഷ്മി ഗോപാലസ്വാമിയും തഥൈവ. മുകേഷിന്റെ കൈയില്‍ ഡോക്ടര്‍ ഒരു ചില്ലറക്കഥാപാത്രം മാത്രം. ഒരു ബൈജെന്‍ഡര്‍ ഭര്‍ത്താവായി നമ്മുടെ ശ്രീജിത് രവി പടത്തിലുടനീളമുണ്ട്. വാ തുറന്നാല്‍ തമാശ മാത്രം പറയുന്നൊരു വിഡ്ഢിവേഷം. എല്ലാം നിരോധിക്കുന്ന ഈ സര്‍ക്കാര്‍ ദയവുചെയ്ത് ശ്രീജിത് രവിയെക്കൂടി നിരോധിക്കണേ എന്ന് അഭ്യര്‍ത്ഥിക്കാന്‍ കാണികളെ പ്രേരിപ്പിക്കുന്നൊരു വേഷവും അഭിനയവും. തമാശയെന്നാല്‍ ഇത്ര വിലക്ഷണമാണെന്നു കരുതുകയാണ് അക്കു അക്ബര്‍.

ടൈറ്റില് ഗ്രാഫിക്‌സും അതിനായി സിപ്പി പള്ളിപ്പുറം രചിച്ച കൗതുകപ്പാട്ടും രസകരമാണ്. ഒരുപക്ഷേ, ഈ സിനിമയിലെ ഏറ്റവും രസകരമായ ഭാഗം അതായിരിക്കും. ഏതായാലും ഒന്നു പറഞ്ഞവസാനിപ്പിക്കാം. നിങ്ങള്‍ പലേ മാതിരി ബോറു പടങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇങ്ങനെയൊരു ബോറുപടം നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല. കാരണം, ഇതു സാധാരണ ബോറുപടമല്ല. ഇത് നല്ല അസ്സല് ബോറു പടമാണ്.

[jwplayer mediaid=”147724″]

DONT MISS
Top