ഇയ്യോബിന്റെ പുസ്തകം- ഒരു പൊളിറ്റിക്കല്‍ സിനിമയോ ?

ഛായാഗ്രാഹകന്റെ സിനിമയാണ് ഇയ്യോബിന്റെ പുസ്തകം.അമല്‍ നീരദ് ഒരു ഭയങ്കര ഛായാഗ്രാഹകനാണ്. ക്യാമറ കൊണ്ട് എന്തുവേല കാണിക്കാനും അദ്ദേഹത്തിനു പറ്റും. മുന്നറിയിപ്പില്‍ മമ്മൂട്ടിയുടെ കഥാപാത്രം ചോദിക്കുന്നുണ്ട്. പശുവിന് പാല് കൊണ്ട് മോരുണ്ടാക്കുന്നു, ആട്ടിന്‍പാലുകൊണ്ട് മോരുണ്ടാക്കിക്കൂടേ എന്ന്. അതുപോലെ, ക്യാമറകൊണ്ടു പശുവിനെവരെ കറന്നുകൂടേ എന്നു ചോദിക്കും ചിലര്‍ എന്നുമാത്രം നാം മനസ്സിലാക്കുക.

ലോകസിനിമ പിച്ചവച്ചകാലത്തുതന്നെ മാജിക്കും സര്‍ക്കസും സിനിമയുടെ ഒരു വഴിയായിത്തീര്‍ന്നിരുന്നു. ജോര്‍ജ് മെലിയേ എന്ന ആ സംവിധായകന്റെ വഴിയേ പോയവരാണ് പിന്നീട് പല മാജിക്കും ഗിമ്മിക്കും സിനിമയില്‍ കൊണ്ടുവന്നത്. ക്യാമറയുമായി ശൂന്യാകാശത്തോ ചൊവ്വാഗ്രഹത്തിലോ മരിയാനോ ട്രഞ്ചിലോ വരെ അവര്‍ പോയിക്കളയും സ്റ്റീഫന്‍ സ്പീല്‍ബര്‍ഗും ജെയിംസ് കാമറൂണും അതിന്റെ ആശാന്മാരാണ്.

ഇതുപോലെ ക്യാമറയെ അണുവിട തെറ്റാതെ അനുസരിക്കുന്ന സിനിമയെക്കുറിച്ചുള്ള സങ്കല്‍പമാണ് അമല്‍ നീരദിനെ നയിക്കുന്നത്. ഇതിനായി പറ്റിയ പ്രമേയങ്ങളെയും കഥാസന്ദര്‍ങ്ങളെയുമാണ് അദ്ദേഹം ഒരുക്കുന്നതും. ആദ്യചിത്രമായ ബിഗ്ബി മുതല്‍ അവസാനചിത്രമായ ബാച്ചിലേഴ്‌സ് പാര്‍ട്ടി വരെ ഈ കളി കാണാം. ബാച്ചിലേഴ്‌സ് പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ ക്യാമറാവിന്യാസം ആ സിനിമയുടെ ഒറിജിനലിനെ അപേക്ഷിച്ച് എങ്ങനെ കടുത്ത അപാകമായിത്തീരുന്നു എന്ന് സാങ്കേതികമായി സിനിമയെ നിരൂപണം ചെയ്യുന്ന, ഒരുപക്ഷേ, മലയാളത്തിലെ ഏകചലച്ചിത്രനിരൂപകനായ റോബി കുര്യന്‍ മുന്‍പ് വിശദമായി എഴുതിയിരുന്നു. റോബിയുടെ വാദങ്ങളെ കൂടുതല്‍ തെളിയിക്കുന്ന നിര്‍മിതിയാണ് ഇയ്യോബിന്റെ പുസ്തകം.

കാലത്തെ പിന്നാക്കമടിച്ച്, അവിടെനിന്ന് അതിനുമപ്പുറത്തേക്കൊരു ഫ്‌ലാഷ്ബാക്ക് ചാട്ടം നടത്തുന്ന ആഖ്യാനമാണ് ഇയ്യോബിനുള്ളത്. 1976-ല്‍ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാസമയമാണ് സിനിമയുടെ ഇന്ന്. അവിടെയിരുന്ന് ഒരു സഖാവ്, അതും റോസമ്മാ പുന്നൂസിന്റെയും പി.ടി.പുന്നൂസിന്റെയും ഒക്കെ കൂടെ പാര്‍ട്ടിപ്രവര്‍ത്തനം നടത്തിയ ഒരു സഖാവ് തന്നെ പോലീസ് പിടികൂടിയേക്കും എന്നു ശങ്കയുള്ളതുകൊണ്ട് വിപ്ലവകാലജീവിതം എഴുതിവച്ചേക്കാമെന്നു കരുതി എഴുതുന്ന വിധത്തിലാണ് കഥ ഇതള്‍ വിരിയുന്നത്. അയാളുടെ വിപ്ലവത്തിന്റെ പുസ്തകമെന്നു പറയുന്നത് മൂന്നാറിന്റെ ചരിത്രവും ഇയ്യോബിന്റെ പുസ്തവുമായിച്ചമയുന്നു.

1976ന്റെ ഭൂതകാലവര്‍ത്തമാനത്തില്‍ നിന്ന് സിനിമ 1900-ലേക്കു നീങ്ങുന്നു. അന്നത്തെ മൂന്നാര്‍. ആ മൂന്നാറില്‍ കാലികമായ ചില ആഗോളപ്രശ്‌നങ്ങള്‍ മൂലം പുതിയതായി തേയിലക്കൃഷി തുടങ്ങേണ്ടിവന്ന ബ്രിട്ടീഷുകാര്‍ അതിനുപറ്റിയ സ്ഥലം കണ്ടെത്തുന്നിടത്താണ് കഥ തുടങ്ങുന്നത്. മലകയറ്റിക്കൊണ്ടുവന്ന മലയാളികളും തമിഴന്മാരുമായ പണിക്കാര്‍ ഇഴജന്തുക്കളെപ്പേടിച്ച് കാടുവെട്ടിത്തെളിക്കാന്‍ മടിച്ചുനിന്നപ്പോള്‍ ഹാരിസണ്‍ സായ്പ് അവറ്റയെ അടിച്ചുപണിയെടുപ്പിക്കുന്നു. എത്രയടിച്ചിട്ടും കൂസാതെ നിന്ന ഒരുവനെ സായ്പിന് പിടിച്ചു. അവനെ കങ്കാണിയാക്കി വടി കൊടുത്ത് സായ്പ് പിന്നവനെ മാമോദീസാ മുക്കി ഇയ്യോബാക്കി, സ്വന്തം വിശ്വസ്തനാക്കുന്നു.

ഇയ്യോബിനു മൂന്നുമക്കളുണ്ടാകുന്നു. തേയിലക്കച്ചവടത്തില് പ്രതിസന്ധിയുണ്ടാകുന്ന സായ്പ് കൊച്ചിയില്‍ വെച്ചു മരിക്കുന്നു. സായ്പിന്റെ രണ്ടാംഭാര്യയായ കളരിയെ നിറവയറോടെ ഇറക്കിവിട്ട് മുക്ത്യാര്‍ കയ്യിലുള്ള ഇയ്യോബ് സ്വത്തെല്ലാം സ്വന്തമാക്കുന്നു. ഇയ്യോബിന്റെ കാരമസോവ് മക്കളായ ദിമിത്രിയും ഐവാനും അലോഷിയും. അലോഷി മാത്രം പാവം. മറ്റു റണ്ടും ചെന്നായ്ക്കള്. മൂത്തവര്‍ ഒരു പെണ്ണിനെ ഉപയോഗിച്ചുകൊന്ന് കെട്ടിത്തൂക്കുന്നതു കണ്ടുപോയതുകൊണ്ട് അവരില്‍ നിന്ന് രക്ഷനേടാന്‍ നാടുവിടുന്ന അലോഷി ബ്രിട്ടീഷ് നേവിയില്‍ ചേരുന്നു. ഒടുവില്‍ നേവി ശിപ്പായിലഹള നടത്തിയ അവനെയും നമ്മടെ പി ജെ ആന്റണിയെയും പിരിച്ചുവിടുന്നു. അവന്‍ നാട്ടിലെത്തുന്നു. പിന്നെ, സഹോദരങ്ങളുമായി പിണങ്ങി, അവരാല്‍ അപായപ്പെടുത്തപ്പെട്ട് ഒളിവില്‍ കഴിയുന്നു. തിരികെ വന്ന് തിരിച്ചടിക്കുന്നു.

ഇടയ്ക്ക് കമ്യൂണിസ്റ്റു സ്വഭാവമുള്ള പാര്‍ട്ടിപ്രവര്‍ത്തകര്‍, അത്താറാവുത്തര്‍ എന്ന കൊടുംവില്ലന്‍, മാര്‍ത്ത എന്ന കാമുകി, അധരചുംബനം, കഞ്ചാവു കടത്ത്, ആനകുത്താന് വരല്‍ എന്നുവേണ്ട ഇല്ലാത്തതൊന്നുമില്ല ഈ പുസ്തകത്തില്‍. കഞ്ചാവുകച്ചവടത്തിനായി അലോഷിയാകുന്ന ഫഹദും കൂട്ടരും പോകുന്ന വഴിയില്‍ അക്കാലത്ത് മൂന്നാറില്‍ ഒരു പ്രത്യേകതരം ഡാന്‍സും കൂത്തുമായി കഴിഞ്ഞുകൂടിയിരുന്ന അമല പോളിനെയും സംഘത്തെയും കാണുന്നുണ്ട്. ആ രംഗം വരുമ്പോള്‍ പഴയ അമല്‍ നീരദ് പുറത്തുചാടുന്നതുകാണാം.

വളരെ വളരെ ഹെവിയായി ഒരു വിഷയമാണ് അമല്‍ നീരദ് സിനിമയാക്കിയിരിക്കുന്നത്. മലയാളസിനിമയുടെ സാധാരണ ചിന്താവിഷയങ്ങളുടെ ഇട്ടാവട്ടാരങ്ങളില്‍ നിന്നു പുറത്തുകടക്കാനും കുതറിച്ചാടാനുമുള്ള സാഹസികബുദ്ധിയും ഭാവനാഭാസുരതയും അദ്ദേഹവും കൂട്ടരും കാട്ടുന്നുണ്ട്. എന്നാല്‍, ആഴത്തില്‍ തറയാനുള്ള ഒന്നും സിനിമയിലില്ലെന്നതാണു നിരാശാഭരിതമാക്കുന്നത്. ക്ലൈമാക്‌സ് രംഗത്തെ ചതുപ്പുകുഴി സീന്‍ കാണുമ്പോള്‍ നമ്മുടെ സിനിമ വീണ്ടും പഴയ പത്മരാജന്റെ ഇടവേളക്കാലത്തേക്കു വഴുതിയോ എന്നു സംശയം ജനിച്ചുപോകും. ബൈക്കില്‍ നിന്നു വീഴുമ്പോഴും കട്ടിലില്‍ കിടന്നു മച്ചിലേക്കു നോക്കുമ്പോഴും ഒക്കെ കാണുന്ന ക്യാമറാകാഴ്ചയ്ക്ക് എന്താണര്‍ത്ഥമെന്നും വ്യക്തമല്ല. രണ്ടോ മൂന്നോ പാട്ടുള്ളത് ഒന്നു കഴിഞ്ഞു കിട്ടുംവരെ ചെവിതല കേള്‍ക്കില്ല.

ലാല്‍, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, ടി.ജി.രവി എന്നിവരുടെ സുന്ദരമായ അഭിനയം കണ്ടിരിക്കുന്നത് വളരെ രസകരമാണ്. അതേസമയം പത്മപ്രിയയുടെയും ലെനയുടെയും ഇഷാദത്തിന്റെയും മറ്റും പ്രകടനങ്ങള്‍ വിചിത്രമായിത്തോന്നും. വിനായകനും മറ്റും പതിവുപോലെ. ആദിവാസികള്‍ മരിക്കാറായ നായകനെ കണ്ടെത്തി ചികിത്സിച്ചു രക്ഷപ്പെടുത്തുന്ന ഭാഗമൊക്കെ മനുഷ്യനെ ചിരിപ്പിച്ചുകൊല്ലും. മരിച്ചയാളെപ്പോലും ആദിവാസി ഒറ്റമൂലി ജീവിപ്പിക്കും. രക്തത്തില്‍ മരിച്ചയാളിന്റെ മുഖം പ്രതിഫലിക്കുന്ന ഷോട്ടൊക്കെ ചിത്രത്തില്‍ തമാശില്ലാത്തതിനു പരിഹാരമാണ്.

കൊടുംക്രൂരത ചിത്രീകരിക്കുന്നതില്‍ അങ്ങേയറ്റം രസിക്കുന്ന ഒരു സംവിധായകനെ ഈ ചിത്രത്തില്‍ കാണാം. ഇതൊരു ക്യാമറാ മഹാത്ഭുതമെന്നും പൊളിറ്റിക്കല്‍ സിനിമയെന്നും പാടിപ്പുകഴ്ത്തപ്പെടുന്നു. ആദ്യത്തെ പാണന്മാരോട് ഇത്രമാത്രം. ക്യാമറയെന്നത് മാജിക്കോ സര്‍ക്കസോ കാണിക്കാനുള്ള ഒരു ഉപകരണമല്ല. രണ്ടാമത്തെക്കൂട്ടരോട് ഇത്രമാത്രം സഖാവ്, സിന്ദാബാദ്, പ്രതിരോധം, സമരം എന്നെല്ലാം പാത്രങ്ങള്‍ പുലമ്പിയാല്‍ അതു പൊളിറ്റിക്കല്‍ സിനിമയാകില്ല.

[jwplayer mediaid=”146403″]

DONT MISS
Top