ബാറുകള്‍ക്ക് മുന്‍പ് നിരോധിക്കേണ്ട ബോറുകള്‍

അപ്പോത്തിക്കിരിക്കുശേഷം സുരേഷ് ഗോപി നായകവേഷത്തിലെത്തുന്ന സിനിമയാണ് ഡോള്‍ഫിന്‍സ്. കോക്ടെയില്‍ മുതല്‍ ട്രിവാന്‍ഡം ലോഡ്ജു വരെയും കാലിഫോര്‍ണിയ ഹോട്ടല്‍ മുതല്‍ ആംഗ്രി ബേഡ്‌സ് വരെയും തിരക്കഥാ സംഭാഷണരചനകളാല്‍ മലയാളസിനിമയെ സമ്പന്നമാക്കിയ അനൂപ് മേനോന്റെ പുതിയ ചിത്രമാണ് ഡോള്‍ഫിന്‍സ്. ഈ പടത്തില്‍ നായകനായി മേനോന്‍ അവര്‍കളല്ല, പ്രത്യുത പഴയൊരു പുലിയായ സുരേഷ് ഗോപി നേരിട്ടു വന്നാണ് അഭിനയിക്കുന്നത്. ഇടവേളയ്ക്ക് മണി മുട്ടുമ്പോഴാണ് മേനോന്‍ ഇരുന്നുകൊണ്ടു പ്രവേശിക്കുന്നത്. എന്തായാലെന്താ, ഒടുക്കം പെണ്ണിനെ കിട്ടുന്നവനാണു നായകനെങ്കില്‍ അന്തിമവിധിയില്‍ അനൂപ് മേനോനാണ് നായകനായി ചമയുന്നത്.

32 ബാറോ മറ്റോ ഉള്ള ഒരു മുയ്‌ലാളിയുടെ കഥയായാണ് സിനിമ ഇതള്‍ വിരിയുന്നത്. മുയ്‌ലാളിയുടെ പേര് സുരപാലന്‍. ഇയാള്‍ ബഹുവിഡ്ഢിയും തനിത്തിരുവന്തോരത്തുകാരനുമാണ്. മമ്മൂട്ടി രാജമാണിക്യത്തില്‍ തിരുവന്തോരം സ്ലാങില്‍ കസറിയതു കണ്ട് സുരേഷ് ഗോപി ആ വാഴക്കയ്യില്‍ ഇരിക്കുന്ന കൗതുകകരമായ കാഴ്ചയായി മാറിയിട്ടുണ്ട് ആ നിലയ്ക്ക് ഈ പടം. സുന്ദരപുരുഷനുശേഷം ദീര്‍ഘദീര്‍ഘമായ ഇടവേളയ്ക്കു ശേഷമായിരിക്കണം സുരേഷ് ഗോപി ഇങ്ങനെയൊരു മുഴുനീള ഹാസ്യവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നതും.

ചാരായ നിരോധനത്തിനുശേഷം ബാര്‍നിരോധനത്തിന്റെയും മദ്യനിരോധനത്തിന്റെയും കാലത്തിലേക്കു വളരുന്ന കേരളത്തിന്റെ സാമൂഹികസമാന്തരചരിത്രത്തെ വിഭിന്നമായൊരു കോണില്‍ നിന്ന് അടയാളപ്പെടുത്താനാണ് തിരക്കഥാകൃത്തെന്ന നിലയില്‍ അനൂപ് മേനോന്റെ ശ്രമം. അത്രത്തോളം സംഗതി ഒന്നാം നിലയ്ക്ക് അഭിനന്ദനീയമായിരിക്കുന്നു. അല്ലെങ്കിലും ഏതുനിലയ്ക്കും പ്രതിഭാശാലി തന്നെയാണ് മേനോന്‍. എന്നാല്‍ പ്രതിഭയെ ധൂര്‍ത്തടിക്കും വിധമാണ് ഇവിടെ കൈയടക്കമില്ലാതെ അദ്ദേഹത്തിന്റെ തൂലിക നീലിപ്പീലി വിരിച്ചാടുന്നത് എന്നുമാത്രം. അയഞ്ഞതും ഉലഞ്ഞതുമായ ഒരു ഘടനയും ആന്തരികസംവിധാനവുമാണ് ആഖ്യാനത്തിനു താന്‍ നല്‍കിയിരിക്കുന്നതെന്നൊരു ന്യായത്തിന്മേല്‍ രക്ഷപ്പെടാന്‍ പാകത്തിലാണ് അദ്ദേഹം തിരക്കഥയെ രൂപവല്‍ക്കരിച്ചിരിക്കുന്നത്. എന്നാലും ആ ന്യായം കൊണ്ടു തീരാത്തവിധം അറുമുഷിപ്പനായിട്ടുണ്ട് പറച്ചില്‍ രീതി. പ്രത്യേകിച്ച് ആ കൗമാരഫ്‌ലാഷ്ബാക്കും മൃദുലച്ചേച്ചി എപ്പിസോഡും.

പ്രാഞ്ചിയേട്ടനിലെ പ്രാഞ്ചിയെപ്പോലെ സമ്പന്നനെങ്കിലും ഒരു പേരില്ലാത്തതാണ് സുരയുടെ പ്രധാനപ്രശ്‌നം. മംഗ്ലീഷിലെ മമ്മൂട്ടിയെപ്പോലെ ഇംഗ്ലീഷറിയാത്തതിനാല്‍ സുര ഇംഗ്ലീഷ് പഠിക്കാന്‍ ശ്രമിക്കുന്നു, പേരുണ്ടാക്കാന്‍ പ്രാഞ്ചിയേട്ടനെപ്പോലെ ആത്മകഥ മറ്റൊരാളെക്കൊണ്ടെഴുതിക്കാന്‍ ശ്രമിക്കുന്നു. സുരയുടെ ഭാര്യ ഒരു സാധാരണ സ്ത്രീയാണ്. അവളെ അയാള്‍ക്ക് മടുത്തിരിക്കുന്നു. എന്നാല്‍ അവരാകട്ടെ, കൗമാരത്തില്‍ പ്രേമിച്ച നാള്‍ തൊട്ട് സുരയെ ദൈവമായി കരുതി ആരാധിക്കുകയും ചെയ്യുന്നു. പലതരം കോമാളിത്തരങ്ങള്‍ കാട്ടിക്കൂട്ടി നടക്കുന്നതിനിടയില്‍ സുരയ്ക്ക് ഒരു സുന്ദരിപ്പെണ്ണ് തന്നെ പ്രേമിച്ചിരുന്നെങ്കില്‍ എന്നു മോഹവുമുണ്ട്. അതിനും പുറമേ, കൂനിന്മേല്‍ കുരുവെന്നപോലെ, ഒരു ജ്യോത്സ്യന്റെ പ്രവചനവും. ഈ വര്‍ഷം തന്നെ സുര തട്ടിപ്പോകാനിടയുണ്ട്. പക്ഷേ, ഒരു പെണ്ണിന്റെ ഇടപെടല്‍ നടന്നാല്‍ അതു മാറിപ്പോകാനും വഴിയുണ്ട്. ഈ പെണ്ണിന്റെ ഇടപെടല്‍ ലൈന്‍ അനൂപ് മേനോന്റെ ആദ്യതിരക്കഥയായ പകല്‍ക്ഷത്രങ്ങളിലും ഒന്നു പയറ്റിമാറിയതാണ്.

ഒരു പെണ്ണിന്റെ ആകസ്മികമായ ഇടപെടലിനായി കാത്തിരിക്കുന്ന സുരയുടെ ഇടയിലേക്കാണ് ആത്മസ്‌നേഹിതനും മുടിഞ്ഞ കാശുകാരനും സര്‍വ്വോപരി ഗായകനും ഗിറ്റാറില്‍ ചാരിനിന്നില്ലെങ്കില്‍ താഴെവീഴുന്നവനുമായ അനൂപ് മേനോന്‍ കടന്നുവരുന്നത്. അവര്‍ക്ക് കടല്‍ക്കരയില്‍ കിടന്ന് ഒരു കുപ്പിസന്ദേശം കിട്ടുന്നു. ഇവിടെ സാറിന്റെ വിശ്വവിജ്ഞാനം വിളമ്പുന്നതിന്റെ ഭാഗമായി മക്വയിനെന്നോ മാര്‍ക് ട്വെയിനെന്നോ മക്കാരുമാപ്പിളയെന്നോ ഒക്കെ ചിലതു വിളമ്പുന്നുമുണ്ട്. സംഗതി കിംഗ് ഫിഷറിന്റെ കുപ്പിയെന്നു കരുതിയാലും തെറ്റൊന്നുമില്ല. സംഭവം ഒരു പെണ്ണിന്റെതാണ്. ഈ കുപ്പിസന്ദേശം എത്ര കാലം കഴിഞ്ഞായാലും വേണ്ടില്ല, കിട്ടുന്നവനാണ് എന്റെ പുരുഷന്‍ എന്നായിരുന്നു പരുഷമായ ആ സന്ദേശം. സുരയ്ക്കാണു കുപ്പി കിട്ടിയതെന്നതിനാല്‍ മറ്റു സംഘാംഗങ്ങളെല്ലാം ചേര്‍ന്ന് പെണ്ണിനെ തപ്പിപ്പിടിക്കാനുള്ള ശ്രമമായി. ഒടുവില്‍ അവര്‍ അവളെ കണ്ടെത്തുന്നു.

അവളുമായി സുര ഫോണില്‍ സംസാരിച്ചുതുടങ്ങുന്നു. സുരയുടെ ചന്തഭാഷണം മാറ്റിവെപ്പിച്ച് അവനെക്കൊണ്ട് പുതിയൊരു ഭാഷയില്‍ സംസാരിപ്പിക്കുകയാണ് അനൂപ് മേനോന്‍. അദ്ദേഹത്തിന്റെ ഈ പ്രേമഗുരുപ്രകടനം പാര്‍ട്ണര്‍ എന്ന ഹിന്ദിപ്പടം ഓര്‍മ്മയില്‍ കൊണ്ടുവരും.

സുര അവള്‍ക്കായി സുരേഷ് എന്നു പേരുമാറ്റിപ്പറയുന്നു. സുരേഷ് ഗോപിയാണോ എന്നു ചോദിക്കുമ്പോള്‍ ഇപ്പോള്‍ അല്ല എന്നു മറുപടി. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ചരിത്രബോധമുള്ള കാണികള്‍ തലയറഞ്ഞു ചിരിക്കുന്നു. എന്തൊരു കോമഡി. ദൈവമേ, ഇത്രയും ഹ്യൂമര്‍ സെന്‍സ് ശത്രുക്കള്‍ക്കു പോലും കൊടുക്കരുതേ എന്ന് വെളിവുള്ളവര്‍ പ്രാര്ത്ഥിച്ചുപോകും. ഏതായാലും പെണ്ണ് ഒടുവില് സുരയെ കാണാന് സുരയുടെ ഡോള്ഫിന്‌സ് ബാറിലെത്തുന്നു. അവളെക്കാണാന് നടക്കുന്നതിനിടയില് നടുക്കുന്നൊരു സത്യം സുരയറിയുന്നു. അതോടെ, കഥയിലെ ഒടുക്കത്തെ ട്വിസ്റ്റ് ഒളിനോക്കുകയായി. പിന്നങ്ങോട്ടാണ് പത്തുമിനിറ്റേ ഉള്ളെങ്കിലും പടം പടമാകുന്നത്.

ഈ കഥാഗതിക്കു കുറുകേ, മറ്റൊരു കഥകൂടി നിബന്ധിച്ചിരിക്കുന്നു. ആരുടെയോ നിര്‍ബന്ധമുള്ളതുപോലെ. അതൊരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ പ്ലോട്ടാണ്. ഒരു സീരിയല്‍ കൊലപാതകം. മൂന്നു പേര്‍ ഒന്നിനുപിന്നാലെ ഒന്നായി കൊല്ലപ്പെടുന്നു. അവിടെയെല്ലാം സിനിമയുമായി ബന്ധമുള്ള വരികള്‍ ഭിത്തികളില്‍. സിനിമാക്കാരാണോ കൊലപാതകികള്‍ എന്നു ചോദിച്ച് ഹോളിവുഡിലേക്ക് വണ്ടികയറാന്‍ പോകുന്ന അന്വേഷണോദ്യോഗസ്ഥന്‍ സൈജു കുറുപ്പിനെ അവാര്‍ഡു കിട്ടിയതു മൂലം തമാശ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു എന്ന മുഖഭാവവുമായി സുരാജ് വെഞ്ഞാറമ്മൂടിന്റെ കീഴുദ്യോഗസ്ഥന്‍ തടയുന്നു, യഥാര്‍ത്ഥപ്രതികളിലേക്കു നയിക്കുന്നു. അതോടെ ചാരായനിരോധനം കേരളത്തില്‍ സൃഷ്ടിച്ച് അനേകം ദുരന്തനാടകങ്ങളില്‍ ഒന്നിലേക്ക്, മറയത്തുകിടന്നുപോയ കഥകളിലൊന്നിലേക്ക് ക്യാമറ വെളിച്ചം വീഴിക്കുകയാണ്.

ഈ സിനിമയിലൊരിടത്ത് ഒരു കഥാപാത്രം പറയുന്നുണ്ട്, ജാത്യാലുള്ളതു തൂത്താപ്പോകില്ലെന്ന്. അതുതന്നെ അനൂപ് മേനോന്റെ രചനയെക്കുറിച്ചും പറയാനുള്ളത് ജാത്യാലുള്ളതു തൂത്താപ്പോകില്ലെന്നതു പോലെ, ഇത്രയും കാലം കൊണ്ടുനടന്ന അതേ ദ്വയാര്‍ത്ഥപ്രയോഗങ്ങളും തെറിത്തമാശകളും കൊണ്ടും കോലം മെഴുകിവച്ചിരിക്കുകയാണ് അദ്ദേഹം ഡോള്‍ഫിന്‌സ് ബാറിന്റെ മുറ്റമാകെ. ആ നിലയ്ക്ക് കാലിഫോര്‍ണിയ ഹോട്ടലിന്റെയും ട്രിവാന്‍ഡ്രം ലോഡ്ജിന്റെയും അതേ തൊഴുത്തില്‍ത്തന്നെ കെട്ടാം ഈ ബാര്‍ പശുവിനെയും. രചയിതാവ് എന്തെഴുതിവച്ചിരിക്കുന്നുവോ അതു വെറുതെ പകര്‍ത്തുക മാത്രമാണ് സംവിധായകന്റെ പണിയെന്നു വിശ്വസിക്കുന്ന അനുസരണയുള്ള സംവിധായകന്‍ മാത്രമാണു ഡിഫനെന്നതിനാല്‍ സംവിധാനത്തെപ്പറ്റി പ്രത്യേകിച്ചൊന്നും പറയാനില്ല.

പഴയ മൃദുലപ്പാട്ട് പടത്തിലുണ്ട്. അതു മോശമാക്കിയതു പോരാഞ്ഞ് മറ്റൊരു ബോറു പാട്ടുകൂടി തിരുകിയിരിക്കുന്നു. സംഗീതവിഭാഗം ഇതരവിഭാഗങ്ങളോടു ചേര്‍ന്നുപോകുന്നു എന്നതില്‍ സംശയമില്ല.

തമാശകളെ കെട്ടഴിച്ചുവിട്ടിരിക്കുകയാണ് സിനിമയിലുടനീളം. പക്ഷേ, ലഹരിക്കു കള്ളുവേറേ കുടിക്കണമെന്നു പണ്ടാരോ പറഞ്ഞതുപോലെ, ചിരിക്കണമെങ്കില്‍ ഫലിതബിന്ദുക്കള്‍ വേറേ വായിക്കണമെന്ന അവസ്ഥയാണെന്നു മാത്രം. അവസാനനിമിഷങ്ങളില്‍ ജനം വൈകാരികോല്‍ക്കര്‍ഷം വന്ന് സിദ്ധികൂടുമെന്നു രചയിതാവു കരുതുന്നതുപോലെ തോന്നുന്നു. ഇതും ഇതിലപ്പുറം കണ്ടിട്ടുള്ള കാണികളില്‍ പക്ഷേ, അതേശുമെന്നു തോന്നുന്നില്ല. ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ട് വാപ്പ പള്ളിയില്‍ പോയിട്ടില്ല എന്ന മട്ടിലാണ് ആ വികാരനിര്‍ഭരനിമിഷങ്ങളില്‍ വിവരമുള്ള കാണികള്‍ വീട്ടില്‍ പോകാന്‍ തിരക്കുകൂട്ടുന്നത്. ബാറുകള്‍ക്കു മുന്‍പ് ഇത്തരം ബോറുകളാണ് സര്‍ക്കാര് നിരോധിക്കേണ്ടത് എന്നുമാത്രം പറയുന്നു.

[jwplayer mediaid=”146398″]

DONT MISS
Top