സൈബര്‍ മിസൈലില്‍ വിറങ്ങലിച്ച് സോണിയും അമേരിക്കയും

കാലിഫോര്‍ണിയ: സൈബര്‍ നുഴഞ്ഞുകയറ്റക്കാരുടെ ആക്രമണത്തിനു ശേഷം എട്ടു ദിവസം കഴിഞ്ഞിട്ടും സോണി എന്റര്‍ടെയിന്‍മെന്റിന് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിഞ്ഞില്ല. മാര്‍ക്കറ്റിങ് വിഭാഗത്തില്‍ നല്‍കിയ ഏതാനും പുതിയ കംപ്യൂട്ടറുകള്‍ ഒഴികെ ഒന്നും ഇതുവരെ തുറക്കാന്‍ പോലും അമേരിക്കയിലെ വിദഗ്ധര്‍ക്കു കഴിഞ്ഞിട്ടില്ല. കൂടുതല്‍ ആക്രമണം ഉണ്ടായേക്കാം എന്ന ഭീതിയില്‍ എഫ്ബിഐ വിവിധ കമ്പനി മേധാവികളുടെ അടിയന്തിര യോഗം വിളിച്ചു.

2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം നടന്ന ഏറ്റവും വലിയ ദുരന്തം എന്ന മട്ടിലാണ് സോണി എന്റര്‍ടെയിന്‍മെന്റിലെ സൈബര്‍ ആക്രമണത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ആക്രമണം കഴിഞ്ഞ് എട്ടു ദിവസമായിട്ടും ഒറ്റ കംപ്യൂട്ടര്‍ പോലും പ്രവര്‍ത്തിപ്പിക്കാന്‍ കമ്പനിക്കു കഴിഞ്ഞിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മാണ വിതരണ കമ്പനികളില്‍ ഒന്നായ സോണിയില്‍ നടന്ന ആക്രമണത്തിലൂടെ ആയിരക്കണക്കിനു കോടി രൂപയുടെ നഷ്ടം ഉണ്ടായേക്കും എന്നാണ് വിലയിരുത്തല്‍.

റിലീസ് ചെയ്യാനിരുന്ന അഞ്ചു സിനിമകളാണ് ജനം ഇപ്പോഴും ലോകമെങ്ങും കണ്ടുകൊണ്ടിരിക്കുന്നത്. ഉത്തര കൊറിയയുടെ നേതാവ് കിം ജോങ് യുന്നിനെ കുറിച്ച് സോണി നിര്‍മിച്ച ദ ഇന്റര്‍വ്യൂ എന്ന ചലച്ചിത്രമാണ് പ്രകോപനം എന്നാണ് സോണിയും എഫ്ബിഐയും ആരോപിക്കുന്നത്. കംപ്യൂട്ടറികളില്‍ കടന്നു കയറിയ വയറസുകളുടെ ഭാഷ കൊറിയന്‍ ആയിരുന്നു. ഉത്തരകൊറിയയ്ക്ക് മറ്റ് ഏതോ രാജ്യത്തു നിന്നു കൂടി സഹായം ലഭിച്ചിട്ടുണ്ട് എന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. സോണിയുടെ വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കംപ്യൂട്ടറുകളും തുറക്കാന്‍ പോലും കഴിയാത്ത വിധം നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. രാജ്യാന്തര നെറ്റ്‌വ ര്‍ക്കും തകരാറിലായി. ആപ്പിള്‍ മാക് പ്‌ളാറ്റ്‌ഫോമില്‍ പുതിയ കംപ്യൂട്ടറുകള്‍ നല്‍കിയ മാര്‍ക്കറ്റിങ് വിഭാഗം മാത്രമാണ് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്.

DONT MISS
Top