നയതന്ത്ര യുദ്ധമായി സോണി നുഴഞ്ഞുകയറ്റം

കാലിഫോര്‍ണിയ: സോണി എന്റര്‍ടെയിന്‍മെന്റ് ഓഫിസില്‍ നടന്ന സൈബര്‍ ആക്രമണം രാജ്യാന്തര നയതന്ത്ര നടപടികളിലേക്കു നീങ്ങുന്നു. ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ അനുമതിയോടെയാണ് നുഴഞ്ഞുകയറ്റം നടന്നത് എന്ന സൂചനയെത്തുടര്‍ന്ന് എഫ്ബിഐ അന്വേഷണം ഏറ്റെടുത്തു. രണ്ടുമാസത്തിനുള്ളില്‍ പുറത്തിറക്കാനായി തയ്യാറാക്കിയ നിരവധി സിനിമകളാണ് നഷ്ടപ്പെട്ടത്.

സൈബര്‍ ആക്രമണ ചരിത്രത്തിലെ ഏറ്റവും വരുമാന നഷ്ടമുണ്ടാക്കിയ സംഭവമായി മാറുകയാണ് സോണി എന്റര്‍ടെയിന്‍മെന്റ് സര്‍വറില്‍ നടന്ന ആക്രമണം. ബ്രാഡ് പിറ്റിന്റെ ഫെബ്രുവരിയില്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്ന ‘ഫ്യൂറി’ നവംബര്‍ 25 മുതലുള്ള ഏഴു ദിവസം കൊണ്ട് 50,000 പേരാണ് ഡൗണ്‍ലോഡ് ചെയ്തത്. കോടിക്കണക്കിന് ആളുകള്‍ സിനിമ കണ്ടുകഴിഞ്ഞു. ഇതില്‍ മാത്രം സഹസ്രകോടികളാണ് സോണിക്ക് നഷ്ടപ്പെട്ടത്.
സിഗ്നിഫിക്കന്റ് ത്രട്ട്, ആനീ തുടങ്ങിയ സിനിമകളും സര്‍വറില്‍ നിന്ന് മോഷ്ടിച്ച് വ്യാപകമായി സൈബര്‍ ലോകത്ത് വിതരണം ചെയ്യപ്പെട്ടു കഴിഞ്ഞു.
ഉത്തരകൊറിയന്‍ നേതാവായ കിം ജോങ് ഉന്നിനെ ഹാസ്യവല്‍ക്കരിച്ച് അവതരിപ്പിക്കുന്ന ദ ഇന്റര്‍വ്യൂ എന്ന സിനിമയാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത് എന്നാണ് ആരോപണം. ആദ്യം സര്‍വറില്‍ എത്തി ഈ സിനിമ പകര്‍ത്തിയ മോഷ്ടാക്കള്‍ അതു കണ്ട ശേഷമാണ് മറ്റു സിനിമകളും ചോര്‍ത്തിയത്. ഉത്തരകൊറിയയില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണ് സംഭവത്തിനു പിന്നിലെന്ന് സോണി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ സര്‍വറിലാണ് നുഴഞ്ഞുകയറിയത്. ഇതോടെ അന്വേഷണം ഇന്നലെ രാത്രി എഫ്ബിഐ ഏറ്റെടുത്തു.

DONT MISS
Top