പച്ചക്കറി വില കുതിച്ചുയരുന്നു ; നാല്‍പ്പത് ശതമാനത്തോളം വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഒരാഴ്ച്ചക്കിടെ പച്ചക്കറി വില നാല്‍പ്പത് ശതമാനത്തോളം വര്‍ധിച്ചു. പക്ഷിപ്പനി ഭീതിയും, ഉത്സവ സീസണും, ട്രക്ക് സമരവുമെല്ലാം വിലവര്‍ധനവിന് കാരണമായി. ഇന്ധനവിലയില്‍ കാര്യമായ കുറവുണ്ടായിട്ടും വില കുറയാത്തത് വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലാത്തതിനാലാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

മണ്ഡലകാലത്ത് സംസ്ഥാനത്ത് പച്ചക്കറി വില വര്‍ധിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇക്കുറി പക്ഷിപ്പനി കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഭൂരിപക്ഷം പേരും പച്ചക്കറികളെ ആശ്രയിക്കാന്‍ തുടങ്ങിയതാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്. നേരത്തേ ഇന്ധന വിലവര്‍ധനവും, ട്രക്ക് സമരവുമെല്ലാം പച്ചക്കറി വില കുതിച്ചുയരുന്നതിന് കാരണമായിരുന്നു. അതിനിടയിലാണ് സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ പച്ചക്കറിയില്‍ തൊട്ടാല്‍ കൈ പൊള്ളുന്ന അവസ്ഥയാണ്.

വിവിധ തരം പച്ചക്കറികള്‍ക്ക് കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഇരുപത് മുതല്‍ മുപ്പത് രൂപ വരെയാണ് വില കൂടിയത്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികള്‍ക്കാണ് തീവില. വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാതായതോടെ കച്ചവടക്കാര്‍ തോന്നിയ പോലെ വില ഈടാക്കുകയാണ്.

കോഴിയും താറാവുമെല്ലാം തീന്‍ മേശകളില്‍ നിന്ന് തത്കാലം ഒഴിഞ്ഞു നില്ക്കുന്നതോടെ ജനം പച്ചക്കറിയിലേക്ക് തിരിഞ്ഞു. ഈ അവസരം വ്യാപാരികളും മുതലെടുക്കുകയാണ്. ഓക്ടോബറിന് ശേഷം മൂന്ന് തവണയായി ഡീസല് വിലയില്‍ അഞ്ച് രൂപയിലധികം കുറവുണ്ടായിട്ടും അവശ്യവസ്തുക്കളുടെ വിലയില്‍ ഇത് പ്രതിഫലിച്ചിട്ടില്ല.

DONT MISS
Top