വര്‍ഷം, ഒരു മെഗാ സീരിയല്‍

മുന്നറിയിപ്പിനും രാജാധിരാജയ്ക്കും ശേഷമുള്ള മമ്മൂട്ടിപ്പടമാണ് വര്‍ഷം. ഇതു വര്‍ഷകാലമല്ല. ഇത് വേനല്‍ക്കാലവുമല്ല. വേനല്‍ക്കാലത്തിന്റെ പുഴുക്കവും വര്‍ഷകാലത്തിന്റെ ആര്‍ദ്രതയും പിന്നിട്ട് മഞ്ഞുകാലത്തിന്റെ മരവിപ്പിലേക്കു നീങ്ങുകയാണ് മലയാളവും മലയാളിമനസ്സും. അതിനിടെയാണ് ഈ കാലംതെറ്റിയ വര്‍ഷപാതം. മുന്നറിയിപ്പിനും രാജാധിരാജയ്ക്കും ശേഷമുള്ള മമ്മൂട്ടിപ്പടമെന്നു പറഞ്ഞതു വെറുതെയല്ല. സിനിമയുടെ ജനപ്രിയവും അല്ലാത്തതുമായ രണ്ടു ധാരകളെയും പുല്‍കാനും പിന്തുണയ്ക്കാനും മമ്മൂട്ടി തയ്യാറാകുന്ന കാഴ്ചയാണ് ഈ രണ്ടു സിനിമകളും കാഴ്ചവച്ചത്. ഇപ്പോഴിതാ രണ്ടിനും ഇടയില്‌നില്ക്കുന്നൊരു പടം. ഒരു മിനിമം മദ്ധ്യവര്‍ത്തി കച്ചവടകുടുംബനാടകീയ വൈകാരികസംഘര്‍ഷാത്മക…. ഇനി ഇന്നതൊന്നേ പറഞ്ഞുകൂടൂ വര്‍ഷത്തെപ്പറ്റി എന്നില്ല. ഏതായാലും മമ്മൂട്ടി സ്വീകരിക്കുന്ന വൈവിദ്ധ്യം ഒരു അഭിനേതാവെന്ന നിലയില്‍ അഭിനന്ദനാര്‍ഹം തന്നെ.

രഞ്ജിത് ശങ്കറിന്റെ അഞ്ചാമത്തെ സിനിമയാണ് വര്‍ഷം. മലയാളത്തില്‍ നവതരംഗത്തെ തുരങ്കം കടത്തിക്കൊണ്ടുവന്നതാര് എന്ന ചോദ്യത്തിന് ഋതുവിലൂടെ ശ്യാമപ്രസാദെന്ന് ഉത്തരം പറയുന്നവരെപ്പോലെ പ്രമുഖമാണ് പാസഞ്ചറിലൂടെ രഞ്ജിത്ത് ശങ്കറെന്ന് ഉത്തരം പറയുന്നവരും. ഏതായാലും വന്നുപോയ നവതരംഗത്തെ വന്നവഴിക്കു തിരിച്ച് ചമ്മട്ടിക്കടിച്ചുപായിക്കുന്നവയായിരുന്നു രഞ്ജിത്ത് ശങ്കറിന്റെ തുടര്‍ച്ചിത്രങ്ങളായ അര്‍ജുനന്‍ സാക്ഷിയും മോളി ആന്റി റോക്‌സും പുണ്യാളന്‍ അഗര്‍ബത്തീസും എല്ലാം. ത്രില്ലര്‍, കോമഡി എന്നീ പരീക്ഷണങ്ങള്‍ക്കു ശേഷം അദ്ദേഹം മാറ്റിപ്പിടിച്ചിരിക്കുന്ന കളമാണ് കുടുംബ ട്രാജഡി കം നന്മയില്‍ ഗോപാലന്‍ ജാതകഗുണപാഠകഥ.

താനും തന്റെ ഭാര്യയും ഏകസന്താനവും പിന്നെ, തന്റെ നായും അതിനെ നയിക്കുന്ന ബോയും എന്ന മട്ടില്‍ ജീവിക്കുന്ന സ്വാര്‍ത്ഥമതികളായ കച്ചവടക്കണ്ണന്മാരുടെ കണ്ണുതുറപ്പിക്കുന്ന പടമാണ് വര്‍ഷമെന്ന് ഉപായത്തില്‍ പറയാം. നഗരത്തിലെ ഏതു നഗരമെന്നു ചോദിക്കരുത്. ചോദിച്ചാല്‍ പറയാന്‍ പാകത്തില്‍ അങ്ങനൊരു നഗരമുണ്ടോ അങ്ങനെ ഇല്ലാത്ത ആ നഗരത്തിലെ ഒരു സ്വകാര്യധനകാര്യസ്ഥാപനമുടമയാണ് വേണുഗോപാലന്‍. വേണുവാകുന്നത് മമ്മൂട്ടിയാണ്. വേണുവിന്റെ മകന്‍ ആനന്ദിന്റെ പേരാണ് സ്ഥാപനത്തിനും. മറ്റുള്ളവര്‍ക്ക് ഒരു സഹായവും ചെയ്യാത്ത വേണു കൊള്ളപ്പലിശസ്ഥാപനം നടത്തുന്നതിനു പുറമേ, പലവിധി വഞ്ചനയും കള്ളത്തരവും കാണിച്ചാണ് ധനം സമ്പാദിച്ചു കൂട്ടിയിരിക്കുന്നത്. എന്നാലും പോരാ പോരാ എന്ന തോന്നലാണ് വേണുവിനും ഭാര്യ നന്ദിനിക്കും. ഇവര്‍ തമ്മിലാകട്ടെ, കലഹമൊഴിഞ്ഞൊരു നേരവുമില്ല.

ഇവരുടെ ഏകമകന്‍ ആനന്ദാകട്ടെ, ഈ ആര്‍ത്തിയൊന്നുമില്ലാത്ത ഒരു മനുഷ്യപ്പറ്റുകാരന്‍ പയ്യനാണ്. മാതാപിതാക്കളുടെ രണ്ടാളുടെയും ആഗ്രഹങ്ങള്‍ക്കനുസരിച്ച് അവന് ക്രിക്കറ്റ്, കരാട്ടേ, സംഗീതം, നീന്തല്‍ എന്നിവ പഠിക്കുകയും അതിനുപുറമേ മെഡിക്കല്‍ എന്‍ട്രന്‍സിനു തയ്യാറെടുക്കുകയും ചെയ്യുന്ന പരുവത്തിലാണ്. വര്‍ഷങ്ങളായി വേണുവിന്റെ വീട്ടില്‍ ഭൃത്യനായി കഴിയുന്ന കാശി എന്ന തമിഴന് നാട്ടില്‍പ്പോയി മഴക്കാലത്തിനു മുമ്പ് വീടു പണിയിക്കാന്‍ പണം കൊടുക്കാമെന്നേറ്റ വാക്ക് വേണു സമയത്ത് തെറ്റിക്കുന്നു. നീന്തല്‍ പ്രാക്ടീസ് നിര്‍ത്തിയ വകയില്‍ തിരിച്ചുകിട്ടിയ പൈസ കൊടുത്ത് ആനന്ദ് കാശിയോടു കൂറുകാട്ടുന്നു. ഇതറിഞ്ഞുകോപിഷ്ഠനായ വേണു പയ്യനെ ചെറുതായൊന്നു തല്ലുന്നു. സ്വന്തം മുറിയില്‍ കയറി വാതിലടയ്ക്കുന്ന പയ്യന്‍ പിറ്റേന്ന് കാലത്ത് അവനുണരുന്നില്ല. എറ്റേണല്‍ സ്ലീപ്പ്.

പയ്യന്‍ മരിച്ചത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച് ഹൃദയസ്തംഭനം മൂലമായിരുന്നു. ചന്തിക്ക് പെട കിട്ടിയിട്ടാണെന്നു വല്ലോം ആയിരിക്കുമെന്നു കരുതിയ കാണികള്‍ നിരാശരായേക്കും. ഏതായാലും പയ്യന്‍ മയ്യത്താകുന്നതോടെ തന്തതള്ളമാര്‍ മയ്യത്തിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടിലാകുന്നു. വേണുവിന് എല്ലാവരോടും ദേഷ്യം. എല്ലാത്തിനോടും രോഷം. അങ്ങനെയിരിക്കെ, ആശുപത്രിയില്‍ വച്ച് ഒരു വയ്യാത്ത കുട്ടിയെ ഓപ്പറേഷനു പണംനല്‍കി സഹായിക്കുന്നതോടെ വേണുവില്‍ നന്മയുടെ നാദമുണരുന്നു. പിന്നെ, മെല്ലെ വേണു കണ്ണില്‍ക്കണ്ടവരെയൊക്കെ കണ്ടമാനം സഹായിക്കുകയാണ്. ബില്‍ ഗേറ്റ്‌സ് സ്വത്തില്‍ പാതിയാണ് പാവങ്ങള്‍ക്കായി പകുത്തതെങ്കില്‍ വേണു മുഴുവന്‍ സ്വത്തും അതിനായി മാറ്റിവയ്ക്കുകയാണ്. റേഷന്‍ കാര്‍ഡും ഇതരഗ്രന്ഥങ്ങളുമായി വരുന്നവര്‍ക്ക് ഓപ്പറേഷനും കല്യാണം, അടിയന്തിരം പോലെയുള്ള മറ്റ് ഓപ്പറേഷനുകള്‍ക്കും കുറഞ്ഞ പലിശയ്ക്കു പണം കടംകൊടുക്കുന്നതായി മൂപ്പരുടെ പ്രധാനഓപ്പറേഷന്‍.

ഇങ്ങനെ മഹാനായി മാറുന്ന വേണുവിനെ മനോരമ ചാനല്‍ നേരിട്ട് സിനിമയില്‍ അഭിനയിച്ച് അവരുടെ ന്യൂസ് മേക്കര്‍ ഓഫ് ദ ഇയര്‍ മത്സരത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നു. അവസാനഘട്ടത്തിലെ സംഗതികളും കൂട്ടപ്പൊരിച്ചിലുകളും ഇടിവെട്ടി മഴയുമൊന്നും ഞാനിവിടെ പറയുന്നു. പറഞ്ഞാല്‍ സംഗതി കഥയലക്ഷ്യമാകുമെന്നതിനാലാണ് ക്രൂരകൃത്യത്തിനു തുനിയാത്തത്. മനോരമ അവതാരകന്‍ ആയി അഭിനയരംഗത്തേക്കു കൂടി കടന്നുവന്നിരിക്കുന്ന പ്രമോദ് രാമന് വേണുവിനെ അഭിമുഖം ചെയ്യുന്നതും ആ അഭിമുഖത്തില്‍ വേണു കഥ പറയുന്നതായും ആയിട്ടാണ് വര്‍ഷത്തിന്റെ മുക്കാലേ മുണ്ടാണിയും കഥാഖ്യാനം. സത്യത്തില്‍ മനോരമയ്ക്കുവേണ്ടിയെടുക്കുന്ന ആ പരിപാടിയായി ഇതു ചാനലില്‍ കാണിച്ചിരുന്നെങ്കില്‍ സംഭവം പരമാവധി ഒരുമണിക്കൂര്‍ കൊണ്ട് ഒതുങ്ങിയിരുന്നേനേ. ഇതിപ്പോള് സംഗതി രണ്ടേകാല് മണിക്കൂറായി പരന്നിരിക്കുകയാണ്. എന്നാലും ദോഷം പറയരുതല്ലോ. ഒരു പത്തുരണ്ടായിരം എപ്പിഡോസില് പാടിനീട്ടി ഗുരുവും ഗുരുതരവുമാക്കാമായിരുന്ന പടപ്പിനെയാണ് ഈ രണ്ടേകാല് മണിക്കൂറില് ചുരുട്ടിക്കെട്ടിയതെന്നതില് സംവിധായകനെ എത്ര ശ്ലാഘിച്ചാലും മതിയാകില്ല. മതിയാകാതെ ബാക്കി വരുന്ന ശ്ലാഘനം രചയിതാവെന്ന നിലയില്‍ അദ്ദേഹത്തില്‍ തന്നെ അര്‍പ്പിക്കാം.

[jwplayer mediaid=”144915″]

പടത്തിന്റെ നല്ല വശങ്ങള്‍ കൂടി പറയണമല്ലോ. അതിനാടകീയമായിപ്പോകാമായിരുന്ന സന്ദര്‍ഭങ്ങളില്‍ പലതിനെയും രചനയിലും ആവിഷ്‌കാരത്തിലും ദീക്ഷിക്കുന്ന കൈയടക്കം കൊണ്ട് രഞ്ജിത് ശങ്കര്‍ കൗതുകകരമാക്കിയിട്ടുണ്ട്. ചാട്ടയെങ്ങോട്ട് എന്നു മനസ്സിലാകുമ്പോഴും കാണികള്‍ ആകാംക്ഷയോടെ അവസാനം വരെ ഇരുന്നുകൊടുത്തുപോകും. അന്തിമാഭാഗത്തേക്കടുക്കുമ്പോള്‍ കാണികള്‍ കൈലേസു പിഴിഞ്ഞുകുടഞ്ഞ് കണ്ണീരൊപ്പി പടത്തെ സൂപ്പര്‍ ബമ്പര്‍ ഹിറ്റാക്കിയേ അടങ്ങു എന്ന വാശിയില് കുത്തിച്ചെലുത്തിയ സങ്കടവിഷാദങ്ങളുടെ കനം ഇത്തിരിയൊന്നു കുറച്ചിരുന്നെങ്കില് സംഗതി അല്പം കൂടി ജോറായിരുന്നേനേ. ഇപ്പോഴത്തെ സ്ഥിതിയില്‍ പടത്തില്‍ ഏതാണ്ട് ഒരു ക്വിന്റല്‍ ദു:ഖമാണുള്ളത്. ഇതില്‍ നിന്ന് ഒരു ഇരുപത്തഞ്ചുകിലോ കുറച്ച് ലേലമുറപ്പിച്ചിരുന്നെങ്കില്‍ ജനം കൂടുതല്‍ ആഘാതമേറ്റുവാങ്ങിയിരുന്നേനേ.

എന്നാലും ആകെമൊത്തം ടോട്ടലില്‍ പടം ഒരു കണ്ണീര്‍ കുടുംബകഥയെന്ന നിലയില്‍ കണ്ടിരിക്കാവുന്നതുതന്നെ. പടത്തിന് ആസ്വാദ്യമായ ഒരു ഭാവവിശേഷം പകര്‍ന്നതില്‍ മമ്മൂട്ടി എന്ന നടന്‍ നല്‍കിയ സംഭാവന വിലമതിക്കാനാകാത്തതാണ്. പണ്ടുകാലത്ത്, മുക്തി, മിഥ്യ, സുകൃതം തുടങ്ങിയ സിനിമകളിലൊക്കെ കണ്ടതുപോലെയുള്ള സൂക്ഷ്മാഭിനയചാരുത ഇവിടെ കാണാം. ക്ലോസ് ഷോട്ടുകളില്‍ തെളിയുന്ന ഭാവവൈവിശ്യങ്ങളാല്‍ മമ്മൂട്ടി വേണുവിനെ പൊലിപ്പിച്ചിരിക്കുന്നു. സത്യം പറഞ്ഞാല്‍ മമ്മൂട്ടിയുടെ അഭിനയം കണ്ട് അന്തംവിട്ടുനില്‍ക്കുകയാണ് ഇതരനടീനടന്മാര്‍. ഇര്‍ഷാദിന്റെയൊക്കെ മുഖത്ത് ആ അന്ധാളിപ്പു കാണാം. ശിവജിയെയും ഒരു വേലക്കാരിയെയും ഉപയോഗിച്ച് ഫലിതം സൃഷ്ടിക്കാനുള്ള വളിച്ച ശ്രമം അസഹനീയം. ടി.ജി രവി മിന്നിത്തിളങ്ങി. വിനോദ് കോവൂരും നന്നായി. കാശിയായെത്തിയ നടന്‍ ഹൃദയം കവരും. ആശാശരത്തല്ല, അവരുടെ സൗന്ദര്യമാണ് അഭിനയിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ കുടുംബകഥ ഇഷ്ടപ്പെടുന്നവര്‍ക്ക്, സന്ദേശമുള്ള പടം ഇഷ്ടപ്പെടുന്നവര്‍ക്ക്, മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒക്കെ നന്നായി ഇഷ്ടപ്പെടും ഈ വര്‍ഷം.

DONT MISS
Top