സൗദിയില്‍ റിക്രൂട്ട്‌മെന്റ് ചാര്‍ജ് പ്രസിദ്ധീകരിക്കണമെന്ന് തൊഴില്‍മന്ത്രാലയം

സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളും ഓഫീസുകളും പത്ത് ദിവസത്തിനകം റിക്രൂട്ട്‌മെന്റ് ചാര്‍ജ് പ്രസിദ്ധീകരിക്കണമെന്ന് തൊഴില്‍മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സിയാദ് അല്‍സായിഗ് കര്‍ശന നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച നിര്‍ദേശം റിക്രൂട്ടിംഗ് ഓഫീസുകള്‍ അവഗണിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം.

തൊഴില്‍ മന്ത്രാലയത്തിന്റെ ഗാര്‍ഹിക തൊഴില്‍ പദ്ധതിയായ മുസാനിദ് വെബ്‌സൈറ്റില്‍ ഓരോ രാജ്യത്തേയും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇനം തിരിച്ചുളള ചെലവ്, സര്‍വ്വീസ് ചാര്‍ജ് എന്നിവ പ്രസിദ്ധീകരിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയത്.
സൗദി അറേബ്യയില്‍ 19 റിക്രൂട്‌മെന്റ് കമ്പനികളും 338 ഓഫീസുകളുമാണ് റിക്രൂട്ട്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. നിശ്ചിത സമയപരിധിക്കുളളില്‍ റിക്രൂട്‌മെന്റ് നിരക്ക് പ്രസിദ്ധീകരിച്ചില്ലെങ്കില്‍ റിക്രൂട്ട്‌മെന്റ് തടസ്സപ്പെടും.

ഗാര്‍ഹിക തൊഴില്‍ കരാര്‍ മന്ത്രിസഭ പാസാക്കിയതിന് ശേഷം തൊഴില്‍മന്ത്രാലയം വിവിധ വകുപ്പുകളുമായി സഹകരിച്ച് പ്രത്യേക സമിതിയെ നിയമിച്ചിരുന്നു. ഇവരുടെ ശപാര്‍ശ പ്രകാരമാണ് പുതിയ വ്യവസ്ഥ നടപ്പാക്കുന്നത്.

ചാര്‍ജുകള്‍ പരസ്യപ്പെടുത്തുന്നതോടെ കമ്പനികള്‍ക്കിടയില്‍ മത്സരം മുറുകുകയും റിക്രൂട്‌മെന്റ് മേഖല കൂടുതല്‍ സുതാര്യമാവുകയും ചെയ്യും. എന്നാല്‍ ഓരോ സ്ഥാപനവും തങ്ങളുടെ എതിരാളികളായ സ്ഥാപനങ്ങള്‍ എത്ര സര്‍വ്വീസ് ചാര്‍ജ്ജാണ് പ്രഖ്യാപിക്കുന്നതെന്ന് അറിയാന്‍ കാത്തിരിക്കുകയാണ്. ഇതിനിടെ റിക്രൂട്‌മെന്റ് കമ്പനികള്‍ തമ്മില്‍ ധാരണ ഉണ്ടാക്കുന്നതിന് അനൗദ്യോഗിക ശ്രമങ്ങളും നടക്കുന്നുണ്ട്. ഏതായാലും മന്ത്രാലയം അന്ത്യശാസനം നല്‍കിയ സാഹചര്യത്തില്‍ 10 ദിവസത്തിനകം എല്ലാ റിക്രൂട്‌മെന്റ് സ്ഥാപനങ്ങളും സര്‍വ്വീസ് ചാര്‍ജ് പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിതരാകും.

DONT MISS
Top