ഒരു മിഡ്ക്യാപ് ഓഹരി ബ്ലൂചിപ്പായ കഥ

കൊട്ടക്ക് മഹീന്ദ്ര പോലെ ഒരു മിഡ്ക്യാപ്പ് ഓഹരിക്ക് വിപണിയെ എങ്ങനെ പുതിയ ഉയരങ്ങളിലും റെക്കോര്‍ഡുകളിലും എത്തിക്കാം എന്ന് ദലാല്‍ സ്ട്രീറ്റ് ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ മനസിലാക്കുകയായിരുന്നു. ബ്ലൂചിപ്പ് തിളക്കമൊന്നുമില്ലാത്ത കൊട്ടക്ക് ഓഹരികളാണ് ഇന്നലെ മുതല്‍ ഇരു വിപണികളിലും പച്ച മഷി പടര്ത്തുന്നത്. ഇന്നലെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ വ്യാപാരം അവസാനിപ്പിച്ച കൊട്ടക്കും ഐഎന്ജി  വൈശ്യയും ഇന്നും ഈ റാലിയുടെ ഹാങ് ഓവറില്‍ തന്നെയായിരുന്നു.

അതായത് ഐസിഐസിഐ ബാങ്കിനും എച്ച് ഡി എഫ് സിക്കും ആക്‌സിസ് ബാങ്കിനും ശേഷം രാജ്യത്തെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കാക്കി  കൊട്ടക്ക് മഹീന്ദ്രയെ മാറ്റിയ ഐഎന്‍ജിയെ ഏറ്റെടുക്കല്‍ വിപണിയില്‍ ഇത്ര വലിയ മാറ്റങ്ങളുണ്ടാക്കുന്നത് ഒരു പരിധി വരെ പ്രതീക്ഷിതം തന്നെയാണ്.
കൊട്ടക്ക് ബാങ്കിന്റെയും വൈശ്യയുടേയും റാലിയോട് ബ്ലൂചിപ്പ് ബാങ്ക് ഓഹരികള്‍ കാട്ടിയ അനുഭാവമാണ് നിഫ്റ്റിയില്‍ ഒരു ഘട്ടത്തില്‍ 90 പോയിന്റും സെന്‍സെക്‌സില്‍ 300 പോയിന്റും ഇന്ന് ഉയര്‍ത്തിയത്. വ്യാപാരത്തിനിടയില്‍ പുതിയ നേട്ടങ്ങള്‍ കൈവരിച്ച ഇരു വിപണികളും ക്ലോസിംഗിലും നേട്ടം നിലനിര്‍ത്തി. 267 പോയിന്റ് നേട്ടത്തോടെ സെന്‍സെക്‌സ് 28334 പോയിന്റും 75 പോയിന്റ് നേട്ടത്തോടെ സെന്‍സെക്‌സ് 8477 ലും വ്യാപാരം അവസാനിപ്പിച്ചു.

ആപ്പിളിന്റെ ബില്ലുകളില്‍ നടത്തിയ കൃത്രിമവും അതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളും ഇന്‍ഫോസിസ് ഓഹരികളെയും അതുവഴി ടെക് ഓഹരികളെ മുഴുവനും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് വേണം കരുതാന്‍. ഇന്‍ഫി ഓഹരികള്‍ ഇന്നും 2 ശതമാനത്തോളം ഇടിഞ്ഞു. എന്തായാലും കൊട്ടക്ക് മഹീന്ദ്ര ബാങ്ക് ഐഎന്‍ജി വൈശ്യയെ ഏറ്റെടുത്ത വാര്‍ത്ത കൊട്ടി ഘോഷിച്ച വിപണികള്‍ പക്ഷെ ടെക് മഹീന്ദ്ര ടെലിക്കോം നെറ്റ് വര്‍ക്കിംഗ് രംഗത്തെ ലോകത്തിലെ തന്നെ ഒന്നാം  നിരക്കാരായ എല്‍സിസിയെ ഏറ്റെടുത്തത് മൈന്‍ഡ് ചെയ്തില്ല. ടെക് മഹീന്ദ്ര ഓഹരികളില്‍ ഇന്നും ഇടിവാണുണ്ടായത്. 2 വര്‍ഷത്തില്‍ ആറ് വലിയ ഏറ്റെടുക്കലുകള്‍ നടത്തിയിട്ടും ടെക് മഹീന്ദ്ര ഓഹരികള്‍ നിക്ഷേപകര്‍ക്ക് അത്ര പ്രിയങ്കരമല്ല.

DONT MISS
Top