സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് മാറ്റിവെച്ച ആശങ്കയില്‍ കായിക താരങ്ങളും പരിശീലകരും

സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് മാറ്റി വെച്ചതോടെ ആശങ്കയിലാണ് കായിക താരങ്ങളും പരിശീലകരും. ഡിസംബര്‍ ആദ്യ ആഴ്ചയിലാണ് മീറ്റ് സംഘടിപ്പിക്കുന്നതെങ്കില്‍ ദേശീയ ജൂനിയര്‍ അത്റ്റലിക്‌സ് കഴിഞ്ഞ് എത്തുന്ന ഉടന്‍ തന്നെ കുട്ടികള്‍ക്ക് ട്രാക്കില്‍ ഇറങ്ങേണ്ടി വരും. ഇത്തരം അശാസ്ത്രീയ ഷെഡ്യൂളുകള്‍ കുരുന്ന് താരങ്ങളുടെ പ്രകടനത്തെ തന്നെ ബാധിക്കുമെന്നാണ് പ്രധാന പരിശീലകരുടെ പക്ഷം.

കായികാധ്യാപകരുടെ പ്രതിഷേധം മൂലം റവന്യൂ ജില്ലാ കായികമേളകള്‍ മുടങ്ങിയതോടെ ആണ് സംസ്ഥാന സ്‌കൂള്‍ കായികമേള മാറ്റിവയ്‌ക്കേണ്ടി വന്നത്. നിലവിലെ അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ഡിസംബര്‍ 4 മുതല്‍ 8 വരെ മാത്രമാണ് കായികമേള നടത്താന്‍ ഇനിയുള്ള സമയം. എന്നാല്‍ ആ തീയതി നിശ്ചയിച്ചാല്‍ വിജയവാഡയിലെ ദേശീയ ജൂണിയര്‍ അത്‌ലറ്റിക്‌സ് മീറ്റ് കഴിഞ്ഞെത്തുന്ന കുട്ടികള്‍ ട്രെയിനില്‍ നിന്ന് നേരെ കളിക്കളത്തിലേക്ക് ഇറങ്ങേണ്ടി വരും.

ഡിസംബര്‍ മധ്യത്തോടെ ക്രിസ്മസ് പരീക്ഷ തുടങ്ങും എന്നതിനാല്‍ കായികമേള നടത്തിപ്പും ദുഷ്‌കരമാവും. കുട്ടികളുടെ പ്രകടനത്തെയും ഇത് ബാധിച്ചേക്കും. സംസ്ഥാന മീറ്റ് നടക്കാതെ പോയാല്‍, ഡിസംബര്‍ 19 മുതല്‍ 25 വരെ റാഞ്ചിയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ കായിക മേളയിലേക്ക് ട്രയല്‍സ് നടത്തി കുട്ടികളെ തെരഞ്ഞെടുക്കേണ്ടി വരും. ഇതുണ്ടാക്കുന്ന വിവാദങ്ങളും ചെറുതാകില്ല.

[jwplayer mediaid=”142218″]

DONT MISS
Top