പുരുഷന്മാരുടെ വോളിബോള്‍ മത്സരം കണ്ടതിന് യുവതിക്ക് തടവ് ശിക്ഷ

ടെഹ്‌റാന്‍ :പുരുഷന്മാരുടെ വോളിബോള്‍ മത്സരം കണ്ടതിന് ഇറാനില്‍ യുവതിയെ ഒരു കൊല്ലത്തെ തടവിന് ശിക്ഷിച്ചു. ഗോഞ്ചേ ഖവാമി എന്ന ഇരുപത്തഞ്ചുകാരിയെയാണ് നാട്ടുനടപ്പ് ലംഘിച്ചു എന്ന കുറ്റമാരോപിച്ച് ശിക്ഷയ്ക്ക് വിധിച്ചത്. ടെഹ്‌റാനിലെ ഫ്രീഡം സ്‌റ്റേഡിയത്തില്‍ നിന്നും കഴിഞ്ഞ ജൂണില്‍ ആയിരുന്നു ഖോഞ്ചേ ഖവാമി അറസ്റ്റിലായത്.

പുരുഷന്‍മാരുടെ വോളിബാള്‍ കാണുന്നതില്‍നിന്ന് 2012 മുതല്‍ സ്ത്രീകളെ ഇറാന്‍ വിലക്കിയിരുന്നു. ഒരുസംഘം വനിതകള്‍ക്കൊപ്പം ജൂണ്‍ 20നാണ് ഖവാമി വോളിബോള്‍ കാണാനെത്തിയത്. ആദ്യം ഇവരെ അറസ്റ്റുചെയ്യുകയും മോചിപ്പിക്കുംമുന്‍പ് പോലീസ് മര്‍ദിക്കുകയും ചെയ്തിരുന്നു. വിലക്കു ലംഘിച്ച് മത്സരം കാണാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഖോഞ്ചേക്കെതിരെ കേസ് ചാര്‍ജ് ചെയ്തത്.

പിന്നീട് ഒക്ടോബര്‍ വീണ്ടും അറസ്റ്റ് ചെയ്ത് ചെയ്ത് വിചാരണയ്ക്ക് വിധേയയാക്കി ജയിലില്‍ അടയ്ക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് ഖവാമി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. പുരുഷന്മാരുടെ മത്സരം അവര്‍ മാത്രമേ കാണാവൂ എന്നാണ് കീഴ്‌വഴക്കം. കളിക്കളത്തിലെ ആണുങ്ങളുടെ മോശം പെരുമാറ്റത്തില്‍ നിന്നും സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കിയതെന്നാണ് ഇറാന്‍ സര്‍ക്കാരിന്റെ വാദം.

ലണ്ടനില്‍ നിയമം പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് ഖോഞ്ചേ ഖവാമി. ഇവര്‍ക്ക് ഇരട്ട പൗരത്വവുമുണ്ട്. ഖവാമിയ്ക്കായി അനേകം അന്താരാഷ്ട്ര സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഖവാമിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അന്തര്‍ദേശീയ മനുഷ്യാവകാശസംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഏഴുലക്ഷം പേര്‍ ഒപ്പിട്ട നിവേദനം ഇറാന്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.

DONT MISS
Top