ചെന്നൈ പ്‌ളാന്റ് വില്‍ക്കാന്‍ നോക്കിയ

ചെന്നൈ: നവംബര്‍ ഒന്നിനു പൂട്ടുമെന്നു പ്രഖ്യാപിച്ച ചെന്നൈ പ്‌ളാന്റ് വില്‍ക്കാന്‍ അനുമതി തേടി നോക്കിയ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. നികുതി കേസില്‍ തീര്‍പ്പാകുന്നതുവരെ വില്‍പനയിലൂടെ ലഭിക്കുന്ന പണം സ്ഥിര നിക്ഷേപമായി രാജ്യത്തു സൂക്ഷിക്കാം എന്ന വാഗ്ദാനവുമായാണ് നോക്കിയ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.

1,100 ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ നോക്കിയ ഒടുവില്‍ പ്‌ളാന്റ് വില്‍ക്കാന്‍ അനുമതി തേടി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്.
ഒരു കാലത്ത് 6,500 ജീവനക്കാര്‍ വരെ ഉണ്ടായിരുന്ന ചെന്നൈ പ്‌ളാന്റില്‍ ഇപ്പോള്‍ 1,100 സാങ്കേതിക വിദഗ്ധരാണ് ജോലി ചെയ്യുന്നത്. ഇപ്പോള്‍ പ്‌ളാന്റ് വില്‍ക്കാന്‍ അനുവദിച്ചാല്‍ ജീവനക്കാര്‍ക്ക് പുതിയ മാനേജ്‌മെന്റിന് കീഴില്‍ തൊഴില്‍ ഉറപ്പു നല്‍കാം എന്നാണ് വാഗ്ദാനം.
നികുതി വെട്ടിപ്പ് കേസില്‍ തീര്‍പ്പ് വരുന്നതുവരെ വില്‍പനയിലൂടെ ലഭിക്കുന്ന പണത്തില്‍ നിന്ന് ഒരു രൂപ പോലും ചെലവാക്കില്ല എന്നും നോക്കിയ അറിയിച്ചിട്ടുണ്ട്. നഷ്ടത്തെ തുടര്‍ന്ന് നോക്കിയ കമ്പനി പൂര്‍ണമായും മൈക്രോ സോഫ്റ്റിന് വിറ്റിരുന്നു.
എന്നാല്‍ നികുതി കേസ് നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയിലെ പ്‌ളാന്റ് ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് തയ്യാറായില്ല. നോക്കിയ ഇതുവരെ മൈക്രോസോഫ്റ്റിനു വേണ്ടി ഇവിടെ സ്വന്തം നിലയ്ക്ക് ഉല്‍പന്നം നിര്‍മിച്ചു നല്‍കി വരികയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒടുവില്‍ നവംബര്‍ ഒന്നിനു പൂട്ടുന്നതായും പ്രഖ്യാപിച്ചു.

DONT MISS
Top